പിഎഫ്ഐ നിരോധനം: സാമ്പത്തിക സ്രോതസുകള്‍ ഇല്ലാതാക്കാന്‍ കർശന നടപടികളുമായി കേരള പോലീസ്
നിരോധിത സംഘടനയായ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സാമ്പത്തിക സ്രോതസുകൾ ഇല്ലാതാക്കാൻ നടപടികളുമായി പോലീസ്. നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിമാർക്ക് ഡിജിപി അനില്‍ കാന്ത് നിർദേശം നല്‍കി. ജില്ലാ മജിസ്ട്രേട്ടുമാരുമായി ചേർന്നായിരിക്കും ഇതിനുള്ള തുടർനടപടികൾ സ്വീകരിക്കുക.
പിഎഫ്ഐയുടെ ഓഫീസുകൾ, വസ്തുവകകൾ എന്നിവ നിയമവിരുദ്ധമായി ഉപയോഗിക്കുന്നത് തടയാന്‍ നടപടിയെടുക്കും. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ ജില്ലാ പോലീസ് മേധാവിമാർ നോട്ടിഫിക്കേഷനുകള്‍ പുറത്തിറക്കും. എല്ലാ നടപടികളുടെയും മേൽനോട്ടം ക്രമസമാധാനവിഭാഗം എഡിജിപിയും മേഖല ഐജിമാരും റേഞ്ച് ഡിഐജിമാരുമായിരിക്കും വഹിക്കുക.
സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിന്റെ അധ്യക്ഷതയില്‍ പോലീസ് ആസ്ഥാനത്ത് ഉന്നതതല യോഗം ചേർന്നു. എഡിജിപി, ഐജി, ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരുള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്തു.
കഴിഞ്ഞ ദിവസമാണ് പോപുലർ ഫ്രണ്ടിനെ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചത്. സെപ്റ്റംബര്‍ 22 ന് രാജ്യവ്യാപകമായി പിഎഫ്ഐ ഓഫീസുകളില്‍ നടത്തിയ റെയ്ഡിന് പിന്നാലെയായിരുന്നു നിരോധനം. പിഎഫ്ഐയ്ക്കൊപ്പം അതിന്റെ അനുബന്ധ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്. തൊടുപുഴ ന്യൂമാന്‍ കോളേജില്‍ തോമസ് മാഷിന്റെ കൈവെട്ടിയ സംഭവവും, കേരളത്തിലെ സഞ്ജിത്ത്, അഭിമന്യു, ബിബിന്‍, തമിഴ്നാട്ടിലെ വി. രാമലിംഗം, നന്ദു, ശശികുമാര്‍ കര്‍ണാടകയിലെ ആര്‍ രുദ്രേഷ്, പ്രവീണ്‍ പൂജാരി, പ്രവീണ്‍ നട്ടാരു എന്നിവരുടെ കൊലപാതകങ്ങളും നിരോധന ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.