പുതുഭാവുകത്വത്തിൻ്റെ  ആവിഷ്ക്കാരങ്ങളുമായി  സ്റ്റുഡന്റ്‌സ് ബിനാലെ

പുതുഭാവുകത്വത്തിൻ്റെ ആവിഷ്ക്കാരങ്ങളുമായി സ്റ്റുഡന്റ്‌സ് ബിനാലെ

അന്താരാഷ്ട്രത്തലത്തില്‍ ഉള്‍പ്പെടെ പ്രശസ്തരായ ഏഴ് ക്യൂറേറ്റര്‍മാര്‍ അണിയിച്ചൊരുക്കിയ 'ഇന്‍ ദി മേക്കിംഗ്' എന്ന പ്രമേയത്തിലൂന്നിയ പ്രദര്‍ശനത്തില്‍ 196 കലാവിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്
Updated on
2 min read

പുതുതലമുറ കലാകാരന്മാരുടെ സര്‍ഗ്ഗവൈഭവം അവതരിപ്പിക്കുന്ന സ്റ്റുഡന്റ്‌സ് ബിനാലെയ്ക്ക് മട്ടാഞ്ചേരി വികെഎല്‍ വെയര്‍ഹൗസില്‍ തുടക്കമായി. രാജ്യത്തെ 22 സംസ്ഥാനങ്ങളിലെ കലാപഠന സ്ഥാപനങ്ങളില്‍ നിന്നുള്ള 51 അവതരണങ്ങള്‍ നാല് വേദികളിലായി വേറിട്ട പുത്തന്‍ ചിന്തകളുടെയും ഭാവുകത്വങ്ങളുടെയും പ്രതികരണങ്ങളുടെയും നവോര്‍ജ്ജം പ്രസരിപ്പിക്കുന്നു. അന്താരാഷ്ട്രത്തലത്തില്‍ ഉള്‍പ്പെടെ പ്രശസ്തരായ ഏഴ് ക്യൂറേറ്റര്‍മാര്‍ അണിയിച്ചൊരുക്കിയ 'ഇന്‍ ദി മേക്കിംഗ്' എന്ന പ്രമേയത്തിലൂന്നിയ പ്രദര്‍ശനത്തില്‍ 196 കലാവിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്.

പ്രദർശനത്തിൽനിന്ന്
പ്രദർശനത്തിൽനിന്ന്

സാധാരണ കാഴ്ചകളെ വീക്ഷണകോണിന്റെ വ്യത്യസ്തതയിലൂടെ കീഴ്‌മേല്‍മറിച്ച് അവതരിപ്പിക്കുന്ന ഗോവ സ്വദേശിയായ കലാകാരി അഫ്ര ഷെഫീഖ്, വൈവിധ്യങ്ങളുടെ കലാകാരി ബെംഗളൂരു സ്വദേശിയായ അംശു ചുക്കി, ക്യൂറേറ്റര്‍, എഴുത്തുകാരി എന്നീ നിലകളില്‍ പ്രശസ്തയായ ന്യൂഡല്‍ഹി സ്വദേശി ആരുഷി വാട്‌സ്, ഡല്‍ഹിയില്‍ കലാചരിത്രാധ്യാപകനും ആര്‍ട്ടിസ്റ്റുമായ മലയാളി പ്രേംജിഷ് ആചാരി, ആര്‍ട്ടിസ്റ്റും ഗവേഷകയുമായ ഡല്‍ഹി സ്വദേശി സുവാനി സുരി, മുംബൈ ക്ലാര്‍ക്ക് ഹൗസ് ഇനീഷ്യേറ്റീവില്‍ ദൃശ്യ കലാവതാരകരായ സാവിയ ലോപ്പസ്, യോഗേഷ് ബാര്‍വെ എന്നിവരാണ് കൊച്ചി മുസിരിസ് ബിനാലെയുടെ സുപ്രധാന ഘടകമായ സ്റ്റുഡന്റ്‌സ് ബിനാലെ വിഭാവന ചെയ്ത ക്യൂറേറ്റര്‍മാര്‍.

'വളര്‍ന്നുവരുന്ന കലാകാരന്മാരുടെയും സൃഷ്ടികളുടെയും പരുവപ്പെടുന്ന പ്രതിഭയും ഭാവനയും സാമൂഹ്യ - കലാവബോധവും പ്രതിഫലിപ്പിക്കുന്നതിനാലാണ് 'ഇന്‍ ദി മേക്കിംഗ്' എന്ന പ്രമേയമെന്ന് ക്യൂറേറ്റര്‍' പ്രേംജിഷ് ആചാരി പറഞ്ഞു. ഇന്ത്യന്‍ കലാപഠന സ്ഥാപനങ്ങളിലെ പരിമിതികള്‍ക്കിടയിലും ഇവിടത്തെ ചെറുപ്പക്കാരായ വിദ്യാര്‍ത്ഥികള്‍ സര്‍ഗ്ഗവാസനക്ക് എങ്ങനെ മൂര്‍ത്തത നല്‍കുന്നു എന്ന് പ്രദര്‍ശനം വ്യക്തമാക്കും. പെയിന്റിംഗ്, ഡ്രോയിങ്, ശില്‍പം മെനയല്‍ എന്നിവ മാത്രമാണ് കലയെന്ന പൊതുവിചാരത്തില്‍ ഏറെ മാറ്റം വന്നിരിക്കുന്നു.

'വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കശ്മീരിലുമൊക്കെ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അവിടങ്ങളിലെ സാഹചര്യത്തിനനുസൃതം ആവിഷ്‌കരിച്ച കലാസൃഷ്ടികള്‍ ഏറെ അര്‍ത്ഥതലങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. ഓരം ചേര്‍ക്കപ്പെടുമ്പോഴും, പരിമിതികള്‍ക്കിടയിയിലും പുതുതലമുറ ആവിഷ്‌കരിക്കുന്ന സമകാലകല ഏറെ പ്രത്യാശാഭരിതമാണെന്നും' പ്രേംജിഷ് ആചാരി വിശദീകരിച്ചു.

മള്‍ട്ടിമീഡിയ ഉള്‍പ്പെടെയുള്ള ഇന്‍സ്റ്റലേഷനുകള്‍, വ്യത്യസ്ത വിന്യാസത്തിലുള്ള ഫോട്ടോഗ്രാഫുകള്‍, വൈവിധ്യപൂര്‍ണമായ ശില്‍പങ്ങള്‍, വ്യത്യസ്തമായി അവതരിപ്പിച്ച പെയിന്റിംഗുകള്‍, ഇന്ററാക്റ്റീവ് കലാരൂപങ്ങള്‍, ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ കലാവതരണങ്ങള്‍ എന്നിവയെല്ലാം പ്രദര്‍ശനത്തിലുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ കലാകാരന്മാരുമായും സമകാല കലകളുമായും മലയാളി സമൂഹത്തിനു സംവദിക്കാന്‍ സാഹചര്യമൊരുക്കാനാണ് ക്യൂറേറ്റര്‍മാരുടെ ശ്രമം. ബിനാലെയുടെ കാലത്ത് മറ്റു സംസ്ഥാനങ്ങളിലെ കലാപഠന സ്ഥാപനങ്ങളില്‍ ശില്‍പശാലകളും ചര്‍ച്ചകളും സംഘടിപ്പിക്കുന്നുണ്ട്.

കേരളത്തില്‍ നിന്ന് സെലിന്‍ ജേക്കബ്, നന്ദു കൃഷ്ണ എന്നിവരുടെ സൃഷ്ടികള്‍ക്കു പുറമെ കെ എം ഇ എ ആര്‍ക്കിടെക്ച്ചര്‍ കോളേജിലെ ഒരുകൂട്ടം വിദ്യാര്‍ത്ഥികളുടെ കാശ്മീര്‍ വിഷയമാക്കി വലിയൊരു ഇന്‍സ്റ്റലേഷനും അവതരിപ്പിക്കുന്നുണ്ട്. കോ ലാബ്സ് എന്ന് പേരിട്ട സ്റ്റുഡന്റസ് ബിനാലെ വേദികളില്‍ വി കെ എല്‍ വെയര്‍ഹൗസിനു പുറമെ അര്‍മാന്‍ ബില്‍ഡിംഗ്, കെ വി എന്‍ ആര്‍ക്കേഡ്, ട്രിവാന്‍ഡ്രം വെയര്‍ഹൗസ് എന്നിവയും ഉള്‍പ്പെടുന്നു.

logo
The Fourth
www.thefourthnews.in