വിദ്യാര്‍ഥികളെ തരം തിരിക്കുന്ന നടപടി; കണ്‍സെഷന്‍ നിയന്ത്രണത്തിന് എതിരെ വിദ്യാര്‍ഥി സംഘടനകള്‍

വിദ്യാര്‍ഥികളെ തരം തിരിക്കുന്ന നടപടി; കണ്‍സെഷന്‍ നിയന്ത്രണത്തിന് എതിരെ വിദ്യാര്‍ഥി സംഘടനകള്‍

എയ്ഡഡ് സ്‌കൂളുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ യാത്ര ചിലവിന്റെ ഒരു ഭാഗം മാനേജുമന്റുകളില്‍ നിന്ന് ഈടാക്കണമെന്ന നിര്‍ദ്ദേശം ശുദ്ധഅസംബന്ധം
Updated on
2 min read

യാത്രാ കണ്‍സെഷന്‍ പരിഷ്‌കരിക്കാനുള്ള കെഎസ്ആര്‍ടിസി തീരുമാനം വിദ്യാര്‍ത്ഥികളെ സാമ്പത്തിക അടിസ്ഥാനത്തില്‍ തരം തിരിക്കുന്ന നടപടിയെന്ന് വിമര്‍ശം. കെഎസ്ആര്‍ടിസി തീരുമാനത്തിനെതിരെ ഭരണകക്ഷി വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐ ഉള്‍പ്പെടെ രംഗത്ത് എത്തി. വിഷയത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്ന് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടകളായ കെഎസ്‌യുവും എബിവിപിയും രംഗത്ത് എത്തി.

സമരങ്ങളിലൂടെ നേടിയെടുത്ത വിദ്യാര്‍ത്ഥി കണ്‍സെഷന്‍ അട്ടിമറിക്കാനുള്ള നീക്കത്തെ ശക്തമായി പ്രതിരോധിക്കും
കെഎസ്‌യു

കണ്‍സെഷന്‍ കെഎസ്ആര്‍ടിസി എംഡിയുടെ ഔദാര്യമല്ലെന്നും വിദ്യാര്‍ത്ഥികളുടെ അവകാശമാണെന്നും കെഎസ്‌യു വ്യക്തമാക്കി. കെഎസ്ആര്‍ടിസിയുടെ കെടുകാര്യസ്ഥതയില്‍ വിദ്യാര്‍ത്ഥികളുടെ മേലില്‍ കയറേണ്ടതില്ലെന്നും സമരങ്ങളിലൂടെ നേടിയെടുത്ത വിദ്യാര്‍ത്ഥി കണ്‍സെഷന്‍ അട്ടിമറിക്കാനുള്ള നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്നും കെഎസ്‌യു പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

വിവിധ കാരണങ്ങളാല്‍ പഠനം മുടങ്ങിയിട്ട് പുനരാരംഭിച്ചിട്ടുള്ള നിര്‍ധന വിദ്യാര്‍ത്ഥികളെ പഠനത്തില്‍ നിന്ന് നിരുത്സാഹപ്പെടുത്തുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്

വിദ്യാര്‍ത്ഥികളെ സാമ്പത്തിക അടിസ്ഥാനത്തില്‍ തരം തിരിക്കുന്ന സമീപനമാണ് എപിഎല്‍, ബിപിഎല്‍ എന്ന നിലയില്‍ വിദ്യാര്‍ത്ഥി കണ്‍സെഷന്‍ വേര്‍തിരിക്കുന്നതിലൂടെ സര്‍ക്കാര്‍ സൃഷ്ടിക്കുന്നത്. 25 വയസ്സ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കില്ല എന്നുള്ള നിലപാട് വിദ്യാര്‍ത്ഥി വിരുദ്ധമാണ്. വിവിധ കാരണങ്ങളാല്‍ പഠനം മുടങ്ങിയിട്ട് പുനരാരംഭിച്ചിട്ടുള്ള നിര്‍ധന വിദ്യാര്‍ത്ഥികളെ പഠനത്തില്‍ നിന്ന് നിരുത്സാഹപ്പെടുത്തുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും കെഎസ്‌യു കുറ്റപ്പെടുത്തുന്നു. അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ മറ്റു സ്ഥാപനങ്ങളിലേതു പോലെ തന്നെ കണ്‍സെഷന് അവകാശമുള്ളവരാണെന്നും അവരെ കണ്‍സെഷന്‍ നേടുന്നതില്‍ നിന്നും നിരുത്സാഹപ്പെടുത്തുന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും സംഘടന വ്യക്തമാക്കി.

കണ്‍സെഷന്‍ നല്‍കുന്നതിന് വേണ്ടി മാനേജ്‌മെന്റ് സ്വീകരിച്ചിരിക്കുന്ന പുതിയ മാനദണ്ഡങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തതാണെന്നാണ് എസ്എഫ്‌ഐ നിലപാട്. സെല്‍ഫ് ഫിനാന്‍സിംഗ് കോളേജുകളില്‍ പഠിക്കുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ഉത്തരവ് മൂലം കണ്‍സഷന്‍ നിഷേധിക്കപ്പെടുന്ന സ്ഥിതിയുണ്ടാകും. സര്‍ക്കാര്‍-എയ്ഡഡ് മേഖലയിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികളെയും ഉത്തരവ് ബാധിക്കും.

സെല്‍ഫ് ഫിനാന്‍സിംഗ് കോളേജുകളില്‍ പഠിക്കുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ഉത്തരവ് മൂലം കണ്‍സെഷന്‍ നിഷേധിക്കപ്പെടുന്ന സ്ഥിതിയുണ്ടാകും. സര്‍ക്കാര്‍-എയ്ഡഡ് മേഖലയിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികളെയും ഉത്തരവ് ബാധിക്കും
എസ്എഫ്‌ഐ

കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹം ഐതിഹാസിക സമരങ്ങളിലൂടെ നേടിയെടുത്ത അവകാശമായ വിദ്യാര്‍ത്ഥി യാത്രാ കണ്‍സെഷന്റെ കടയ്ക്കല്‍ കത്തി വെക്കുന്ന സമീപനമാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് സ്വീകരിക്കുന്നതെന്നും എസ്എഫ്‌ഐ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. വിദ്യാര്‍ത്ഥി യാത്രാ കണ്‍സഷന്റെ പ്രായപരിധി 25 ആയി നിജപ്പെടുത്തിയ നടപടി അംഗീകരിക്കാനാവില്ലെന്നും കണ്‍സഷനുമായി ബന്ധപ്പെട്ട കെഎസ്ആര്‍ടിസിയുടെ പുതിയ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം വിദ്യാര്‍ത്ഥി പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് എസ്എഫ്‌ഐ വ്യക്തമാക്കി.

കെഎസ്ആര്‍ടിസിക്ക് നിലവിലുള്ള സാമ്പത്തിക ബാധ്യത സര്‍ക്കാറിന്റെ ധൂര്‍ത്തിന്റെയും കെടുകാര്യസ്ഥതയുടെയും ഫലമാണ്, അതെല്ലാം വിദ്യാര്‍ത്ഥികളുടെ തലയില്‍ കെട്ടിവക്കാന്‍ ശ്രമിക്കുന്നു
എബിവിപി

കെഎസ്ആര്‍ടിസിക്ക് നിലവിലുള്ള സാമ്പത്തിക ബാദ്ധ്യത സര്‍ക്കാറിന്റെ ധൂര്‍ത്തിന്റെയും കെടുകാര്യസ്ഥതയുടെയും ഫലമാണന്നിരിക്കെ അതെല്ലാം വിദ്യാര്‍ത്ഥികളുടെ തലയില്‍ കെട്ടിവക്കാനാണ് ഈ മെമ്മോറാണ്ടത്തിലൂടെ ശ്രമിച്ചിരിക്കുന്നതെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി യദു കൃഷ്ണന്‍ ദ ഫോര്‍ത്തിനോട് പ്രതികരിച്ചു. സൗജന്യ യാത്ര വിദ്യാര്‍ത്ഥികളുടെ അവകാശമാണെന്നിരിക്കെ യാത്ര കണ്‍സെഷന്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചുകൊണ്ടുള്ള കെഎസ്ആര്‍ടിസി യുടെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്നും എബിവിപി ചൂണ്ടിക്കാട്ടുന്നു. സാധാരണക്കാരായ നിരവധി വിദ്യാര്‍ത്ഥികള്‍ സെല്‍ഫ് ഫൈനാന്‍സ് കോളേജുകളിലും അണ്‍ എയ്ഡഡ് സ്‌കൂളുകളിലുമായി പഠിക്കുന്നുണ്ട്, അവരും രാജ്യത്തെ പൗരന്മാരാണ് അവര്‍ക്കും സൗജന്യമായി യാത്ര ചെയ്യാനുള്ള അവകാശമുണ്ട്.

വിദ്യാര്‍ത്ഥികളുടെ യാത്ര ചിലവിന്റെ ഒരു ഭാഗം മാനേജുമന്റുകളില്‍ നിന്ന് ഈടാക്കണമെന്ന നിര്‍ദ്ദേശം ശുദ്ധ അസംബന്ധമാണെന്നും ഇത് ഫീസ് വര്‍ധനവിന് മാത്രമേ ഗുണം ചെയ്യുകയുള്ളുവെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു

സര്‍ക്കാര്‍ സ്‌കൂളുകളിലും കോളേജുകളിലും മതിയായ സീറ്റുകളില്ലാത്തതിനാല്‍ അവിടെ എത്തപ്പെട്ടവരാണ് ഭൂരിഭാഗവും. ഇവരുടെ യാത്ര ചിലവ് വഹിക്കേണ്ട ചുമതലയും സര്‍ക്കാറിനുണ്ട്. അതിനായി സര്‍ക്കാര്‍ ഫണ്ട് മാറ്റിവക്കണം. സെല്‍ഫ് ഫൈനാന്‍സിംഗ് കോളേജുകളിലും സ്വകാര്യ അണ്‍ എയ്ഡഡ് സ്‌കൂളുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ യാത്ര ചിലവിന്റെ ഒരു ഭാഗം മാനേജുമന്റുകളില്‍ നിന്ന് ഈടാക്കണമെന്ന നിര്‍ദ്ദേശം ശുദ്ധഅസംബന്ധമാണെന്നും ഇത് ഫീസ് വര്‍ധനവിന് മാത്രമേ ഗുണം ചെയ്യുകയുള്ളുവെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. കണ്‍സഷന്‍ നല്‍കുന്നതിന് പ്രായപരിധി നിശ്ചയിച്ചിരിക്കുന്നതും അംഗീകരിക്കാനാവില്ല. സൗജന്യയാത്രയെന്ന വിദ്യാര്‍ത്ഥികളുടെ പ്രാഥമിക അവകാശത്തെ തകര്‍ക്കുന്ന പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കാന്‍ കെഎസ്ആര്‍ടിസിക്ക് തയ്യാറാവുംവരെ എബിവിപി ശക്തമായ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

വിവിധ സൗജന്യങ്ങളുടെ ഭാഗമായി 2016 വര്‍ഷം മുതല്‍ 2020 വരെ കെഎസ്ആര്‍ടിസിക്ക് 966.31 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കണ്‍സെഷനില്‍ മാറ്റം വരുത്താന്‍ കെഎസ്ആര്‍ടിസി നിര്‍ദേശം മുന്നോട്ട് വച്ചത്. വിദ്യാര്‍ഥി കണ്‍സഷന്‍ നല്‍കാനുള്ള പരമാവധി പ്രായപരിധി 25 വയസ്സാക്കിയും, പെന്‍ഷന്‍കാരായ പഠിതാക്കള്‍, പ്രായപരിധി ബാധകമല്ലാത്ത റഗുലര്‍ കോഴ്‌സ് പഠിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് യാത്രാ ഇളവ് നല്‍കേണ്ടതില്ലെന്നുമായിരുന്നു കെഎസ്ആര്‍ടിസിയുടെ നിര്‍ദേശം. ഇതിന് പുറമെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ കോളേജുകള്‍, സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ പ്രൊഫഷണല്‍ കോളേജുകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ ആദായ നികുതി നല്‍കുന്നവരാണെങ്കില്‍ കണ്‍സഷന്‍ നല്‍കേണ്ടതില്ലെന്നുമായിരുന്നു നിര്‍ദേശം.

എന്നാല്‍, വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ മാറ്റന്‍ തീരുമാനം എടുത്തിട്ടില്ലെന്നായിരുന്നു വിഷയത്തില്‍ പ്രതികരിച്ച ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം. വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സഷന്‍ മാറ്റിയിട്ടില്ല, അര്‍ഹതയുള്ള എല്ലാവര്‍ക്കും കണ്‍സെഷന്‍ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in