പ്ലസ് വണ്‍ സീറ്റുകളുടെ കുറവ് നികത്താന്‍ സര്‍ക്കാര്‍; കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി
എസ്എസ്എല്‍സിക്ക് ശേഷം ഉപരി പഠനത്തിന് ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ക്ക് അറുതിവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം തുടങ്ങി. പ്രാദേശിക സന്തുലിതാവസ്ഥ നിലനിര്‍ത്തി പുതിയ ബാച്ചുകള്‍ അനുവദിക്കണമെന്ന നിര്‍ദേശം മുഖ്യമന്ത്രി പിണറായി വിജയന്‍ ഹയര്‍സെക്കന്‍ഡറി പ്രവേശനം സംബന്ധിച്ച യോഗത്തില്‍ മുന്നോട്ട് വെച്ചു. വിദ്യാഭ്യാസ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ മുഖ്യമന്ത്രി പങ്കുവെച്ച നിര്‍ദേശം അടുത്ത ദിവസം തീരുമാനമായി പുറത്തിറക്കും.
ഉപരി പഠനത്തിന് യോഗ്യത നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍പഠനത്തിന് അവസരം ഒരുക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി
ഉപരി പഠനത്തിന് യോഗ്യത നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍പഠനത്തിന് അവസരം ഒരുക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ഐടിഐ, പോളിടെക്നിക്ക് എന്നിവിടങ്ങളിലെ സീറ്റുകള്‍ കൂടി കണക്കാക്കി ആയിരിക്കും പുതിയ എത്ര ബാച്ചുകള്‍ എവിടെയൊക്കെ വേണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കുക. വളരെക്കുറച്ച് കുട്ടികള്‍ പഠിക്കുന്ന ബാച്ചുകള്‍ ആവശ്യമായ ഇടങ്ങളിലേക്ക് മാറ്റാനാണ് ആദ്യ പരിഗണന. എന്നിട്ടും സീറ്റുകള്‍ കുറവാണങ്കില്‍ അധിക ബാച്ചുകള്‍ അനുവദിക്കും.
വര്‍ഷങ്ങളായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സമൂഹിക മത സംഘടനകളും സീറ്റ് അപര്യാപ്തമായ മലബാറില്‍ അധിക ബാച്ചുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമരരംഗത്തുണ്ട്. എല്ലാവര്‍ഷവും സീറ്റുകളുടെ എണ്ണം കൂട്ടിയാണ് താത്ക്കാലികമായി പ്രശ്നപരിഹാരം ഉണ്ടാക്കുന്നത്. പുതിയ ബാച്ചുകള്‍ അനുവദിക്കുന്നതോടെ മലബാറില്‍ പ്ലസ് വണ്‍ സീറ്റില്ലെന്ന ആശങ്ക പൂര്‍ണ്ണമായും ഒഴിയുമെന്ന പ്രതീക്ഷയിലാണ് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും.
യോഗത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, പ്ലാനിങ്ങ് ബോർഡ് വൈസ് ചെയർമാൻ വി കെ രാമചന്ദ്രൻ, ചീഫ് സെക്രട്ടറി വി പി ജോയി, ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, , മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ എം എബ്രഹാം, ഡയക്ടർ ജനറൽ ഓഫ് എഡ്യൂക്കേഷൻ എസ് ഷാനവാസ് എന്നിവർ പങ്കെടുത്തു.