ഗ്രൂപ്പുകള്‍ ഇടഞ്ഞു; സമവായത്തിന്റെ വഴിയില്‍ കെ സുധാകരനും വി ഡി സതീശനും, കെപിസിസി പുനഃസംഘടനയ്ക്ക് ഉപസമിതി
ഡിസിസി, ബ്ലോക്ക് പുനഃസംഘടനാ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനായി ഹൈക്കമാന്‍ഡ് നിര്‍ദേശ പ്രകാരം കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഏഴംഗ ഉപസമിതി രൂപീകരിച്ചു. ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് അംഗങ്ങളെ നിശ്ചയിച്ചത്. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എന്ന നിലയില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയും ടി സിദ്ദീഖ് എംഎല്‍എയും സമിതിയിലുണ്ട്. എ ഗ്രൂപ്പ് പ്രതിനിധിയായി കെ സി ജോസഫും ഐ ഗ്രൂപ്പിന്റെ അക്കൗണ്ടില്‍ ജോസഫ് വാഴക്കനും സമിതിയിലെത്തി. എ പി അനില്‍കുമാര്‍ എംഎല്‍എ കെ സി വേണുഗാപാലിന്റെ നോമിനിയാണ്. രമേശ് ചെന്നിത്തലയുടെ ആവശ്യപ്രകാരം അഡ്വ എം ലിജുവും കെ സുധാകരന്റെ താത്പര്യപ്രകാരം അഡ്വ കെ ജയന്തും ഉപസമിതിയിലുണ്ട്.
വീതം വയ്പ്പിനോട് എതിര്‍പ്പുണ്ടെങ്കിലും പുനഃസംഘടന വഴിമുട്ടിയ സാഹചര്യത്തിലാണ് ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദത്തിന് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും വഴങ്ങിയത്. കെപിസിസി പ്രസിഡന്റ് നോമിനിയെ സമിതി അംഗമാക്കിയപ്പോള്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതിനിധി ഏഴംഗ ഉപസമിതിയില്‍ ഇല്ലെന്നതും ശ്രദ്ധേയമാണ്. ഉപസമിതി തയ്യാറാക്കുന്ന പട്ടിക അന്തിമമായി അംഗീകരിക്കേണ്ടത് കെ സുധാകരനും വി ഡി സതീശനും ചേര്‍ന്നാണ്.
ജില്ലകളിൽനിന്ന് പുനഃസംഘടനാ സമിതി കെപിസിസിക്ക് കൈമാറിയ ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും ലിസ്റ്റിൽനിന്ന് അന്തിമ പട്ടിക രൂപീകരിക്കുകയാണ് ഉപസമിതിയുടെ ദൗത്യം. ജില്ലാതല ഉപസമിതികൾ കെപിസിസിക്ക് സമർപ്പിച്ച പട്ടിക പരിശോധിച്ച് 10 ദിവസത്തിനകം ജില്ലാ ബ്ലോക്ക് തല പുനഃസംഘടനാ പട്ടിക കെപിസിസിക്ക് കൈമാറാന്‍ ഉപസമിതിക്ക് പ്രസിഡന്റ് നിർദ്ദേശം നൽകി. ഇതോടെ കെപിസിസി പുനഃസംഘടന അതിവേഗത്തില്‍ നടക്കുമെന്നാണ് നേത്യത്വത്തിന്റെ പ്രതീക്ഷ.