രാഷ്ട്രീയ വൈരം മറന്ന് സുധാകരനെത്തി; കോടിയേരിയെ അവസാനമായി കണ്ടു
രാഷ്ട്രീയ അതിര്‍വരമ്പുകള്‍ ഭേദിച്ച് കെപിസിസി പ്രസിഡന്റും എംപിയുമായ കെ സുധാകരന്‍ കോടിയേരിയെ ബാലകൃഷ്ണന് അന്ത്യോപചാരം അര്‍പ്പിക്കാനെത്തി. തലശേരി ടൗണ്‍ ഹാളിലെത്തിയ സുധാകരന്‍ പുഷ്പചക്രം അര്‍പ്പിച്ച് കോടിയേരിയെ വണങ്ങിയപ്പോള്‍, അത് കേരള രാഷ്ട്രീയത്തില്‍ അടയാളപ്പെടുത്തേണ്ട കാഴ്ച കൂടിയായി.
കണ്ണൂരില്‍നിന്ന് രാഷ്ട്രീയത്തിന്റെ ഇരുചേരികളില്‍ സജീവമായി നിലകൊണ്ടിരുന്നവരാണ് കോടിയേരിയും സുധാകരനും. പലപ്പോഴും രാഷ്ട്രീയമായി പരസ്പരം കടന്നാക്രമിക്കുകയും ചെയ്തു. അതൊന്നും കോടിയേരിയെ അവസാനനോക്ക് കാണാനെത്തുന്നതില്‍നിന്ന് സുധാകരനെ തടഞ്ഞില്ല. മുദ്രാവാക്യങ്ങളുമായി അണിനിരന്ന ആയിരക്കണക്കിന് ഇടതുപ്രവര്‍ത്തര്‍ക്കുമുന്നില്‍, രാഷ്ട്രീയ വൈരം മറന്ന് സുധാകരന്‍ കോടിയേരിക്ക് അന്ത്യാഭിവാദം അര്‍പ്പിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, സ്പീക്കര്‍ എ.എന്‍ ഷംസീര്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ തുടങ്ങിയ സിപിഎം നേതാക്കളെയും കണ്ടശേഷമായിരുന്നു സുധാകരന്‍ മടങ്ങിയത്.
മതനിരപേക്ഷ നിലപാടുകള്‍ സ്വീകരിച്ച ജനകീയനായ സിപിഎം നേതാവായിരുന്നു കോടിയേരിയെന്ന് സുധാകരന്‍ കഴിഞ്ഞ ദിവസം അനുശോചന സന്ദേശത്തില്‍ അറിയിച്ചിരുന്നു. സിപിഎമ്മിലെ സൗമ്യമായ മുഖമാണ് കോടിയേരി. മികച്ച ഭരണാധികാരിയായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു. രാഷ്ട്രീയമായി എതിര്‍ചേരിയില്‍ വ്യത്യസ്ത അഭിപ്രായങ്ങളോടും ആശയങ്ങളോടും കൂടി പ്രവര്‍ത്തിക്കുമ്പോഴും എല്ലാവരുമായി നല്ല വ്യക്തിബന്ധം കാത്തുസൂക്ഷിച്ച നേതാവായിരുന്നു കോടിയേരി. അദ്ദേഹത്തിന്റെ വേര്‍പാട് സിപിഎമ്മിന് നികത്താന്‍ സാധിക്കാത്തതാണെന്നുമായിരുന്നു സുധാകരന്റെ വാക്കുകള്‍.