പ്രളയം നല്‍കിയ തുഴക്കരുത്ത്
മലപ്പുറം ജില്ലയിലെ ചാലിയാര്‍ തീരത്തുള്ള ചെറുവാടിക്കടവില്‍ നാല് വര്‍ഷമായി കടത്ത് സര്‍വീസ് നടത്തുകയാണ് സുഹറാബിയെന്ന വീട്ടമ്മ. മലപ്പുറം ജില്ലയെയും കോഴിക്കോട് ജില്ലയെയും ബന്ധിപ്പിക്കുന്ന ഇവിടത്തെ കടത്ത് സര്‍വീസ് വര്‍ഷങ്ങള്‍ക്ക് മുന്‍പേ നിലച്ചുപോയിരുന്നു. 2018ലെ മഹാപ്രളയകാലത്തെ അനുഭവങ്ങളാണ് തുഴ പിടിക്കാന്‍ മണല്‍പ്പുറം വീട്ടില്‍ സുഹറാബിയെ പ്രേരിപ്പിച്ചത്. ഇപ്പോള്‍ പ്രദേശത്തെ കുട്ടികള്‍ക്ക് വള്ളം തുഴയാന്‍ പഠിപ്പിക്കുകയും ചെയ്യുന്നുണ്ട് സുഹറാബി.
ചാലിയാര്‍ പുഴയോരത്ത് കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് ചെറുവാടിക്കടവ്. പണ്ട് സ്ഥിരം കടത്ത് സര്‍വീസുണ്ടായിരുന്ന സ്ഥലമായിരുന്നു ഇവിടം. സമീപ സ്ഥലങ്ങളിലെല്ലാം പാലം വന്നതോടെ കടത്ത് നിന്നുപോയി. പക്ഷേ ജോലി ആവശ്യാര്‍ത്ഥം മുക്കം, അരീക്കോട് ഭാഗങ്ങളിലേക്ക് പോകുന്നവര്‍ക്കെല്ലാം ഇപ്പോഴും ഏറെ സൗകര്യമാണ് കടത്ത് സര്‍വീസ്. രണ്ട് ബസ് മാറിക്കയറേണ്ട സ്ഥലങ്ങളിലേക്ക് തോണിയില്‍ പോയാല്‍ 10 മിനിറ്റിനകം എത്താം. ബസില്‍ ഒരു മണിക്കൂറെങ്കിലും വേണം. അതുകൊണ്ട് തന്നെ സുഹറാബി താത്തക്ക് സ്ഥിരം യാത്രികരുണ്ട്. നാട്ടിലെ പെണ്‍കുട്ടികള്‍ക്കും സുഹറാബി തുഴച്ചില്‍ പരിശീലനം നല്‍കിവരുന്നുണ്ട്.
നീന്തല്‍ അറിയാത്തതിനാല്‍ ചാലിയാറില്‍ നിരവധി മുങ്ങിമരണങ്ങള്‍ ഉണ്ടാകാറുണ്ട്. കുട്ടികള്‍ നീന്തലും തുഴച്ചിലും പഠിക്കുന്നത് അവരുടെ ജീവിതത്തിനൊപ്പം മറ്റുള്ള ജീവന്‍ രക്ഷിക്കാനും ഉപകരിക്കുമെന്ന് സുഹറാബി പറയുന്നു. നിരവധി പേരെ തുഴച്ചില്‍ പഠിപ്പിച്ചു. സുഹറാബി ഇല്ലെങ്കില്‍ പതിനെട്ടുകാരിയായ മകളും പങ്കായം പിടിക്കും. ചാലിയാറില്‍ പുതിയ പാലങ്ങള്‍ ഏറെ വന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ദുരിത കാലത്തേന്തിയ പങ്കായം താഴെവെക്കാന്‍ സമയമായില്ലെന്ന് പറയുകയാണ് വെല്ലുവിളികളെ അവസരമാക്കിയ ഈ വീട്ടമ്മ.