എംബിബിഎസ് വിദ്യാര്‍ഥികള്‍ക്കിടയിലെ ആത്മഹത്യയില്‍ കേരളം മുന്നില്‍; 'മരിച്ചത് സര്‍ക്കാര്‍ കണക്കിലെ ഒന്‍പത് പേർ മാത്രമല്ല'

എംബിബിഎസ് വിദ്യാര്‍ഥികള്‍ക്കിടയിലെ ആത്മഹത്യയില്‍ കേരളം മുന്നില്‍; 'മരിച്ചത് സര്‍ക്കാര്‍ കണക്കിലെ ഒന്‍പത് പേർ മാത്രമല്ല'

കേരളത്തിലെ കണക്ക് ഇതിലും വലുതാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹു
Updated on
2 min read

രാജ്യത്ത് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ആത്മഹത്യാ നിരക്ക് വര്‍ധിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (എംഎംസി) നല്‍കിയ വിവരാവകാശ ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2018-നും 2022-നും ഇടയിലുള്ള കണക്കാണ് പുറത്തുവിട്ടിരിക്കുന്നത്. 122 മെഡിക്കല്‍, പി ജി വിദ്യാര്‍ഥികളാണ് ഇക്കാലയളവില്‍ ജീവിതം അവസാനിപ്പിച്ചത്. 64 എംബിബിഎസ് വിദ്യാര്‍ഥികളും 58 പിജി വിദ്യാര്‍ഥികളും ജീവനൊടുക്കിയവരില്‍ ഉള്‍പ്പെടുന്നു. 1,270 മെഡിക്കല്‍ പ്രൊഫഷണലുകളും ആത്മഹത്യ ചെയ്തു.

Summary

കേരളത്തില്‍ ഒന്‍പത് പേരാണ് ജീവിതം അവസാനിപ്പിച്ചത്. ഒരു പി ജി വിദ്യാര്‍ഥിയും ആത്മഹത്യ ചെയ്തു

കേരളത്തിലാണ് എംബിബിഎസ് വിദ്യാര്‍ഥികള്‍ക്കിടയിലെ ആത്മഹത്യ നിരക്ക് കൂടുതല്‍. ഒന്‍പത് പേരാണ് ജീവിതം അവസാനിപ്പിച്ചത്. ഒരു പി ജി വിദ്യാര്‍ഥിയും ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെയും കര്‍ണാടകയിലെയും മെഡിക്കല്‍ കോളേജുകളിലാണ് ഏറ്റവും കൂടുതല്‍ പിജി വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തത്. 11 വീതം വിദ്യാര്‍ഥികളാണ് ജീവനൊടുക്കിയത്. എന്നാല്‍ കേരളത്തിലെ കണക്ക് രേഖപ്പെടുത്തിയതിലും വലുതാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) മുന്‍ പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹു ദ ഫോര്‍ത്തിനോട് പറഞ്ഞു.

എംബിബിഎസ് വിദ്യാര്‍ഥികള്‍ക്കിടയിലെ ആത്മഹത്യയില്‍ കേരളം മുന്നില്‍; 'മരിച്ചത് സര്‍ക്കാര്‍ കണക്കിലെ ഒന്‍പത് പേർ മാത്രമല്ല'
സിദ്ധാര്‍ത്ഥന്റെ മരണം: ആറുപേര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍; ഡീനിനോട് വിശദീകരണം തേടി, കുടുംബത്തെ സന്ദര്‍ശിക്കാന്‍ ഗവര്‍ണര്‍

മാസ്റ്റര്‍ ഓഫ് സര്‍ജറി (എംഎസ്) വിഭാഗത്തില്‍ പന്ത്രണ്ടുപേരും ഡോക്ടര്‍ ഓഫ് മെഡിസിന്‍ (എംഡി) വിഭാഗത്തില്‍ 36 പേരും ജീവനൊടിക്കിയിട്ടുണ്ട്. തമിഴ്‌നാടാണ് എംബിബിഎസ് വിദ്യാര്‍ഥികളുടെ ആത്മഹത്യ വര്‍ധിക്കുന്ന മറ്റൊരു സംസ്ഥാനം. 2018-നും 2022-നും ഇടയില്‍ എട്ടുപേരാണ് ജീവിതം അവസാനിപ്പിച്ചത്. ആന്ധ്രാപ്രദേശിലും കര്‍ണാടകയിലും അഞ്ചുവീതം എംബിബിഎസ് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. പുതുച്ചേരിയില്‍ മൂന്നും തെലങ്കാനയില്‍ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഡോ. വിവേക് പാണ്ഡേ നല്‍കിയ വിവരാവകാശത്തിനാണ് കേന്ദ്രം മറുപടി നല്‍കിയിരിക്കുന്നത്. ഇക്കാലയളവില്‍ 1,270 വിദ്യാര്‍ഥികള്‍ മെഡിക്കല്‍ വിദ്യാഭ്യാസം പാതിവഴിയില്‍ അവസാനിപ്പിച്ചു. കേരളത്തില്‍ നിന്ന് എട്ട് വിദ്യാര്‍ഥികള്‍ നാലു വര്‍ഷത്തിനിടെ എംബിബിഎസ് പഠനം ഉപേക്ഷിച്ചിട്ടുണ്ട്. പത്തു പിജി വിദ്യാര്‍ഥികളും മെഡിക്കല്‍ കോഴ്‌സ് പകുതിയില്‍ ഉപേക്ഷിച്ചു.

പഠനരംഗത്തെ മാനസിക സമ്മര്‍ദം താങ്ങാനാവാതെയാണ് ആത്മഹ്യകള്‍. അക്കാദമിക് രംഗത്തുള്ള സമ്മര്‍ദത്തിന് പുറമേ, വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളും വിദ്യാര്‍ഥികളെ പ്രതിരോധത്തിലാക്കുന്ന ഘടകമാണ്. താങ്ങാനാകാത്ത ജോലി സമ്മര്‍ദമാണ് മെഡിക്കല്‍ മേഖല ഉപേക്ഷിക്കാന്‍ ഡോക്ടർമാരെ പ്രേരിപ്പിക്കുന്നത്.

9 പേരല്ല, ജീവനൊടുക്കിയത് അതില്‍ കൂടുതല്‍ പേര്‍: ഐഎംഎ

''കേരളത്തില്‍ ആത്മഹത്യ ചെയ്തത് ഒന്‍പത് പേരാണ് എന്നു പറയുന്ന കണക്ക് തെറ്റാണ്. ഇതില്‍ക്കൂടുതല്‍ മരണങ്ങള്‍ നടക്കുന്നുണ്ട്. മരണങ്ങളെക്കുറിച്ച് കൃത്യമായ ഡോക്യുമെന്റേഷന്‍ നടക്കുന്നില്ല. പല കാരണങ്ങള്‍ കൊണ്ടാണ് ആത്മഹത്യകള്‍ വര്‍ധിക്കുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസം എന്നു പറയുന്നത് വലിയ ബുദ്ധിമുട്ടുള്ള കോഴ്‌സുകളില്‍ ഒന്നാണ്. ജനറല്‍ മെഡിസിന് അഡ്മിഷന്‍ കിട്ടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ചെറിയ ക്ലാസ് മുതല്‍ തന്നെ മെഡിക്കല്‍ സീറ്റ് ലക്ഷ്യംവെച്ച് പഠിക്കുന്നവരാണ് ഏറെയും. കോളേജിലേക്ക് വരുമ്പോള്‍, അവരുടെ പ്രതീക്ഷകള്‍ പോലെയായിരിക്കില്ല കോഴ്‌സ്. ഇത് വിദ്യാര്‍ഥികളില്‍ വലിയ മാനസിക സമ്മര്‍ദമുണ്ടാക്കും,'' ഡോ. സുല്‍ഫി നൂഹു പറഞ്ഞു.

''ഈ മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് റിലാക്‌സേഷന്‍ പ്ലാറ്റ്‌ഫോമുകള്‍ കുറവാണ്. ഡോക്ടറാണ്, മെഡിക്കല്‍ വിദ്യാര്‍ഥികളാണ് എന്നൊക്കെ പറയുമ്പോള്‍ സമൂഹത്തില്‍ കിട്ടുന്ന പരിഗണനയുണ്ട്. ഇത് നിലനിര്‍ത്താനായി ഇവര്‍ കഠിനമായി പരിശ്രമിക്കും. പഠനത്തിന്റെ സമ്മര്‍ദത്തിനൊപ്പം വ്യക്തിപരവും കുടുംബപരവുമായ പ്രശ്‌നങ്ങള്‍ കൂടിയാകുമ്പോള്‍ പലരും താങ്ങണമെന്നില്ല. ഇത്തരം സമ്മര്‍ദങ്ങളെ മറികടക്കാന്‍ മറ്റു വഴികളിലേക്ക് തിരിയുന്നവരും ധാരാളമാണ്. സത്യസന്ധമായി പറഞ്ഞാല്‍ ലഹരി ഉപയോഗം ഈ മേഖലയിലും കൂടുതലാണ്. സാമ്പത്തിക പ്രശ്‌നങ്ങളും പ്രധാന ഘടകമാണ്.

ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് കുടുംബങ്ങളില്‍ നിന്ന് വരുന്ന സമ്മര്‍ദമാണ്. ഒട്ടും താത്പര്യമില്ലാതെ, കുടുംബത്തിന്റെ സമ്മര്‍ദം താങ്ങാനാകാതെ ഈ കോഴ്‌സിനു ചേരുന്നവരുണ്ട്. ഡോക്ടര്‍മാരുടെ മേഖലയാണ് ഏറ്റവും മികച്ചതെന്നും ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ ഉള്ളതെന്നും വിശ്വസിക്കുന്നവരാണ് ഭൂരിപക്ഷവും. പൊതുസമൂഹത്തിന്റെ ആ ധാരണ തെറ്റാണ്. ടെക്‌നോളജിയുടെ കുതിച്ചു ചാട്ടം പഠനരംഗത്ത് വിദ്യാര്‍ഥികളെ സഹായിക്കുന്നുണ്ടെങ്കിലും മാനസിക സമ്മർദം ഒഴിവാക്കാന്‍ അതും സഹായമാകുന്നില്ല. മാനേജ്‌മെന്റ് ക്വാട്ടയില്‍ പഠിക്കുന്ന പലര്‍ക്കും ഫീസ് താങ്ങാനാകാത്ത സാഹചര്യവുമുണ്ട്,'' സുല്‍ഫി നൂഹു കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in