അനുപമ കേസിലെ ആരോപണവിധേയ എന്‍ സുനന്ദയ്ക്ക്
ബാലാവകാശ കമ്മീഷൻ അംഗമായി നിയമനം

അനുപമ കേസിലെ ആരോപണവിധേയ എന്‍ സുനന്ദയ്ക്ക് ബാലാവകാശ കമ്മീഷൻ അംഗമായി നിയമനം

തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പദവിയില്‍ ഇരിക്കെയാണ് നിയമനം
Updated on
1 min read

അനുപമ കേസില്‍ ആരോപണ വിധേയയായ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണെ ബാലാവകാശ കമ്മീഷനംഗമായി നിയമനം നല്‍കി സര്‍ക്കാര്‍. തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍ സുനന്ദയ്ക്കാണ് പുതിയ ചുമതല സര്‍ക്കാര്‍ നല്‍കിയത്.

അമ്മയറിയാതെ കുഞ്ഞിനെ ദത്തുകൊടുത്ത കേസില്‍ കാര്യഗൗരവം അറിഞ്ഞ ശേഷവും ദത്തുനടപടികളുമായി മുന്നോട്ടുപോയ സുനന്ദയെക്കുറിച്ച് അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. കുഞ്ഞിനെ അന്വേഷിച്ച് എത്തിയ അനുപമയുടെ പരാതി കിട്ടിയിട്ടും അക്കാര്യം പോലീസിനെ അറിയിക്കാനോ താത്കാലിക ദത്ത് നടപടി നിര്‍ത്തി വയ്ക്കാനോ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സനായ അഡ്വ. എന്‍. സുനന്ദ തയ്യാറായിരുന്നില്ല. നടപടി എടുത്തില്ലെന്ന് മാത്രമല്ല, താല്‍കാലിക ദത്ത് തടയാതിരുന്ന ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണെയാണ് ഇപ്പോള്‍ കുട്ടികളുടെ അവകാശം സംരക്ഷിക്കുന്ന സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പദവിയിലൊന്ന് നല്‍കിയിരിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് അഡ്വ എന്‍ സുനന്ദ ബാലാവകാശ കമ്മീഷന്‍ അംഗമായി ചുമതലയേറ്റത്.

നിയമവിരുദ്ധമായി താത്കാലിക ദത്ത് നല്‍കിയ കുഞ്ഞിനെ ഒടുവില്‍ തിരിച്ച് കൊണ്ടുവന്ന് അനുപമയ്ക്ക് കൈമാറിയിരുന്നു. ശിശുക്ഷേമ സമിതിക്കും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കും പോലീസിനും ഗുരുതര വീഴ്ച പറ്റിയിട്ടും സര്‍ക്കാര്‍ ആര്‍ക്കെതിരെയും നടപടി സ്വീകരിച്ചിരുന്നില്ല.

logo
The Fourth
www.thefourthnews.in