സൂര്യാഘാതം: ആലപ്പുഴയിൽ യുവാവ് മരിച്ചു, കൊടുംചൂടിൽ കേരളത്തിൽ മരണം മൂന്നായി
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത ചൂട് തുടരുന്നതിനിടെ സുര്യാഘാതമേറ്റ് ഒരു മരണം കൂടി. ആലപ്പുഴ ചെട്ടികാട് കെട്ടിട നിര്‍മ്മാണത്തിനിടെ സൂര്യാതപമേറ്റ് ഇലക്ട്രിഷ്യന്‍ മരിച്ചു. ചെട്ടികാട് സ്വദേശി സുഭാഷാണ് മരിച്ചത്. കുഴഞ്ഞു വീണ സുഭാഷിന് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മരണകാരണം സൂര്യാഘാതമാണെന്ന് സ്ഥിരീകരിക്കുന്നത്. സംസ്ഥാനത്തെ മൂന്നാമത്തെ സുര്യാഘാത മരണമാണിത്.
നേരത്തെ, പാലക്കാട് എലപ്പുള്ളിയില്‍ 90 കാരിയുടെ മരണവും സൂര്യാതപമേറ്റാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഡിമെന്‍ഷ്യ രോഗംബാധിച്ച സ്ത്രീ വീടുവിട്ട് പുറത്ത് പോയപ്പോള്‍ കുഴഞ്ഞു വീണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കണ്ണൂരില്‍ 53 വയസുള്ള മധ്യവയസ്‌കന്‍ സൂര്യാഘാതമേറ്റ് ചികിത്സയില്‍ കഴിയവേയാണ് മരിച്ചത്. മാഹിയോട് ചേര്‍ന്നുള്ള പള്ളൂരില്‍ കിണറുപണിക്കിടയിലാണ് ഇദ്ദേഹത്തിന് സൂര്യാഘാതമേല്‍ക്കുന്നതും കുഴഞ്ഞു വീഴുന്നതും. ശേഷം കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.
ആലപ്പുഴയിലെ മരണ വാര്‍ത്തയ്ക്ക് പുറമെ പാലക്കാട് ഒരു വയോധികന് കൊടുംചൂടില്‍ പൊള്ളലേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഉച്ചസമയത്ത് വീട്ടില്‍ കിടന്നുറങ്ങിയ പാലക്കാട് സ്വദേശി ക്യാപ്റ്റന്‍ സുബ്രഹ്‌മണ്യ (86) നാണു പൊള്ളലേറ്റത്. ഉറങ്ങി എഴുന്നേറ്റപ്പോള്‍ കയ്യില്‍ നീറ്റല്‍ അനുഭവപ്പെടുകയായിരുന്നു. പിന്നീട് പരിശോധിച്ചപ്പോള്‍ വലതുകൈയ്യില്‍ പൊള്ളിയ പാട് ദൃശ്യമാവുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് സൂര്യാഘാതമേറ്റതായി സ്ഥിരീകരിച്ചത്.
അതിനിടെ, കൊല്ലത്ത് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. കൊല്ലം ചിറ്റുമല ഓണമ്പലത്താണ് സംഭവം. കശുവണ്ടി ഫാക്ടറി ജീവനക്കാരന്‍ ഓണമ്പലം സ്വദേശി തുളസീധരന്‍ പിള്ളയാണ് മിന്നലേറ്റ് മരിച്ചത്. കശുവണ്ടി ഫാക്ടറിയിലെ തന്നെ മറ്റൊരു ജീവനക്കാരി പ്രസന്ന കുമാരിക്ക് പരുക്കേല്‍ക്കുകയും ചെയ്തു.