ഗവര്‍ണറുമായി പോരിനിറങ്ങി കേരള സര്‍വകലാശാല; സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തില്‍ ചാന്‍സലര്‍ക്കെതിരെ പ്രമേയം
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സര്‍വകലാശാലാ സെനറ്റ് പ്രമേയം പാസാക്കി. ഇന്ന് ചേര്‍ന്ന സെനറ്റ് യോഗത്തിലാണ് സെര്‍ച്ച് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കിയത്. കേരള സര്‍വകലാശാലാ വി സി നിയമനത്തിനത്തില്‍ ഗവര്‍ണര്‍ ഏകപക്ഷീയമായി സെര്‍ച്ച് കമ്മിറ്റി ഉണ്ടാക്കിയത് നിയമവിരുദ്ധമെന്ന് പ്രമേയം വ്യക്തമാക്കുന്നു. വൈസ് ചാന്‍സലറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സെനറ്റ് യോഗത്തിലാണ് അപൂര്‍വ നീക്കം. വിഷയത്തില്‍ വിസി മൗനം പാലിച്ചെങ്കിലും അദ്ദേഹത്തിനെതിരെ ഗവര്‍ണറുടെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന
സര്‍വകലാശാല പ്രതിനിധിയെ ഉള്‍പ്പെടുത്താതെ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് ജനാധിപത്യ വിരുദ്ധമെന്ന് പ്രമേയം കുറ്റപ്പെടുത്തുന്നു. സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച നടപടി പിന്‍വലിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. സിപിഎം അംഗം ബാബുജാനാണ് സെനറ്റില്‍ പ്രമേയം അവതരിച്ചത്. സെനറ്റിലെ യുഡിഎഫ് അംഗങ്ങള്‍ പ്രമേയത്തെ പിന്തുണച്ചില്ല.
പ്രമേയത്തിന്റെ സാധുത
സര്‍വകലാശാല ചട്ടപ്രകാരം സെനറ്റിന്റെ ചെയര്‍മാര്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറാണ് . ഗവര്‍ണറുടെ അഭാവത്തിലാണ് വൈസ് ചാന്‍സലര്‍ ചെയര്‍മാനാകുന്നത്. നിയമനാധികാരികൂടിയായ ഗവര്‍ണര്‍ക്കെതിരായ പ്രമേയത്തിന് അനുമതി നല്‍കിയ വൈസ് ചാന്‍സലറുടെ നടപടി നിയമവിരുദ്ധമെന്ന് ആരോപണം ഉയരുന്നുണ്ട്. ഇതിനെതിരെ ചാന്‍സലര്‍ക്ക് വേണമെങ്കില്‍ നടപടിയെടുക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സര്‍വകലാശാല നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതിനിടെയാണ് കേരള സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനത്തിനായി ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത്. ഒക്ടോബറിലാണ് വൈസ് ചാന്‍സലര്‍ വി പി മഹാദേവന്‍ പിള്ളയുടെ കാലാവധി പൂര്‍ത്തിയാകുന്നത്. കാലാവധി പൂര്‍ത്തിയാകുന്നതിന് മൂന്ന് മാസം മുന്‍പ് സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കണമെന്നാണ് ചട്ടം. നിലവില്‍ ഗവര്‍ണറുടെയും യുജിസിയുടെയും സര്‍വകലാശാലയുടെയും പ്രതിനിധികളാണ് സെര്‍ച്ച് കമ്മിറ്റിയില്‍ വേണ്ടത്. എന്നാല്‍ സര്‍വകലാശാലാ പ്രിതിനിധിയെ ഇനിയും തീരുമാനിച്ചിട്ടില്ല. സര്‍വകലാശാല നോമിനിയുടെ പേര് നിര്‍ദേശിക്കുമ്പോള്‍ പേരുള്‍പ്പെടുത്താം എന്നായിരുന്നു രാജ്ഭവന്‍ നല്‍കുന്ന വിശദീകരണം.
രാഷ്ട്രപതിയായിരുന്ന രാംനാഥ് കോവിന്ദിന് ഡീലിറ്റ് നല്‍കണമെന്ന ഗവര്‍ണറുടെ ആവശ്യം സര്‍വകലാശാല തള്ളിയിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഗവര്‍ണര്‍ വിസിയെ നേരിട്ട് വിളിച്ചുവരുത്തി വിശദീകരണം എഴുതിവാങ്ങി.
കേരള സര്‍വകലാശാലയും ഗവര്‍ണറും തമ്മില്‍ സമീപകാലത്ത് വലിയ ഏറ്റുമുട്ടലാണ് നടക്കുന്നത്. രാഷ്ട്രപതിയായിരുന്ന രാംനാഥ് കോവിന്ദിന് ഡീലിറ്റ് നല്‍കണമെന്ന ഗവര്‍ണറുടെ ആവശ്യം സര്‍വകലാശാല തള്ളിയിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഗവര്‍ണര്‍ വിസിയെ നേരിട്ട് വിളിച്ചുവരുത്തി വിശദീകരണം എഴുതിവാങ്ങി. മറുപടി കത്ത് പുറത്തുവന്നതും വിസിയുടെ ഇംഗ്ലീഷ് പരിജ്ഞാനത്തെ ഗവര്‍ണര്‍ പരിഹസിച്ചും വിവാദമായിരുന്നു. ചോദ്യപേപ്പര്‍ ആവര്‍ത്തനമടക്കം ചൂണ്ടിക്കാട്ടി കേരള സര്‍വകലാശാലയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഗവര്‍ണര്‍ ഉന്നയിച്ചത്. എല്ലാ സര്‍വകലാശാലയിലെയും ബന്ധുനിയമന പരാതി അന്വേഷിക്കാന്‍ പ്രത്യേക സമിതീ രൂപീകരണവുമായി മുന്നോട് പോവുകയാണ് ഗവര്‍ണര്‍ ഇതിനിടെയാണ് ഗവര്‍ണര്‍ക്കെതിരെ സെനറ്റ് പ്രമേയം പാസാക്കിയത്.
സെര്‍ച്ച് കമ്മറ്റി രൂപീകരണം ചട്ടപ്രകാരമെന്നും ഗവര്‍ണര്‍ വിശദീകരിക്കുന്നുണ്ട്. മൂന്ന് മാസമാണ് സെര്‍ച്ച് കമ്മറ്റിയുടെ കാലാവധി. സമിതി നിര്‍ദേശിക്കുന്ന മൂന്ന് പേരില്‍ നിന്നാണ് ഗവര്‍ണര്‍ വിസിയെ നിയമിക്കുന്നത്. ഗവര്‍ണരുടെ പ്രതിനിധിയായി കോഴിക്കോട് ഐഐഎം ഡയറക്ടര്‍ ഡോ. ദേബാഷിഷ് ചാറ്റര്‍ജി, യുജിസി പ്രതിനിധിയായി കര്‍ണാടക കേന്ദ്ര സര്‍വകലാശാല വിസി ഡോ. ബട്ടു സത്യനാരായണ എന്നിവരാണ് നിലവിലെ സെര്‍ച്ച് കമ്മിറ്റിയിലുള്ളത്. പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി കെ രാമചന്ദ്രന്റെ പേര് സര്‍വകലാശാല ആദ്യം നിര്‍ദേശിച്ചെങ്കിലും അദ്ദേഹം സ്വയം ഒഴിയുകയായിരുന്നു. പകരം പ്രതിനിധിയെ ഇതുവരെ നിശ്ചയിച്ചിട്ടില്ല. ആളെ നിശ്ചയിക്കാതെ നടപടി സര്‍വകലാശാല വൈകിപ്പിക്കുകയാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
അന്വേഷിക്കണമെന്ന് വി ഡി സതീശൻ
കേരളത്തിലെ സർവകലാശാലകളിലെ മുഴുവൻ ക്രമരഹിത നിയമനങ്ങളും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. UDF ന്റെ കാലത്ത് ബന്ധു നിയമനങ്ങൾ ഉണ്ടായിട്ടില്ല. കണ്ണൂർ VC യുടെ നിയമനം തന്നെ നിയമവിരുദ്ധം. പുനർനിയമനം തെറ്റെന്ന് ഗവർണർ തന്നെ സമ്മതിച്ചിരുന്നു എന്നും സതീശൻ മലപ്പുറത്ത് പ്രതികരിച്ചു