ശാസ്ത്ര സാങ്കേതിക സർവകലാശാല വി സി നിയമനം സുപ്രീംകോടതി അസാധുവാക്കി
ഡോ. എപിജെ അബ്ദുല്‍കലാം സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസലര്‍ ഡോ. എംഎസ് രാജശ്രീയുടെ നിയമനം സുപ്രീംകോടതി അസാധുവാക്കി. യുജിസി ചട്ടപ്രകാരമല്ല നിയമനം എന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി നടപടി. ചാൻസലർക്ക് കൈമാറിയ നിയമനത്തിനുള്ള പട്ടികയിൽ ഒരാളുടെ പേര് മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് കോടതി കണ്ടെത്തി. നിയമനം റദ്ദാക്കാനുള്ള കെടിയു മുൻ ഡീൻ ഡോ. പിഎസ് ശ്രീജിത്തിന്റെ ഹർജിയിലാണ് ജസ്റ്റിസ് എംആർ ഷാ അധ്യക്ഷനായ ബെഞ്ചിന്റെ സുപ്രധാന വിധി.
ഹർജികൾ തള്ളിയ കേരള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെയും ഡിവിഷൻ ബെഞ്ചിന്റെയും വിധികൾ ചോദ്യം ചെയ്താണ് ഡോ. പി എസ് ശ്രീജിത്ത് സുപ്രീംകോടതിയെ സമീപിച്ചത്. യുജിസി മാനദണ്ഡങ്ങൾ പ്രകാരം, ഒന്നിലധികം പേരെ പാനൽ സെർച്ച് കമ്മിറ്റി ശുപാർശ ചെയ്തില്ല എന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ശ്രീജിത്തിന്റെ ഹർജി. ഡോ.ശ്രീജിത്ത് നൽകിയ അപ്പീൽ അംഗീകരിച്ചുകൊണ്ട് ഹൈക്കോടതിയുടെ വിധികൾ നിലനിൽക്കുന്നതല്ലെന്ന് സുപ്രീംകോടതി വിധിച്ചു.
സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തെ തുടർന്ന് ഡോ. ശ്രീജിത്തും കെടിയു വൈസ് ചാൻസലർ തസ്തികയിലേക്ക് അപേക്ഷിച്ചിരുന്നു. സെർച്ച് കമ്മിറ്റി പാനൽ തയ്യാറാക്കിയ ആദ്യ ഷോർട്ട് ലിസ്റ്റിൽ ശ്രീജിത്തും ഉൾപ്പെട്ടിരുന്നു. പിന്നീട് വൈസ് ചാൻസലർ നിയമിച്ച പാനലിനെ പിരിച്ചുവിട്ടു. തുടര്‍ന്ന് പ്രസിദ്ധീകരിച്ച രണ്ടാമത്തെ ഷോര്‍ട്ട് ലിസ്റ്റില്‍ ശ്രീജിത്ത് ഒഴിവാക്കപ്പെടുകയും ഡോ. രാജശ്രീ വൈസ് ചാന്‍സലറായി നിയമിക്കപ്പെടുകയും ചെയ്തു.