'തിരുപ്പതിയിലും സുവർണക്ഷേത്രത്തിലും തിരക്ക് നിയന്ത്രിക്കുന്നത് എങ്ങനെയെന്ന് നോക്കൂ'; ശബരിമല ഹർജി തള്ളി സുപ്രീംകോടതി
ശബരിമലയിൽ ദർശനത്തിനെത്തുന്നവർക്ക് നിർബന്ധിത രജിസ്ട്രേഷൻ ഏർപ്പെടുത്തണമെന്ന ഹർജിയിൽ വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. തിരുപ്പതി ക്ഷേത്രത്തിലും പഞ്ചാബിലെ സുവർണ ക്ഷേത്രത്തിലും വൈഷ്ണോ ദേവി ക്ഷേത്രത്തിലും തിരക്ക് നിയന്ത്രിക്കുന്നത് എങ്ങനെയാണെന്ന് മനസിലാക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. വിഷയം കേരള ഹൈക്കോടതിയിൽ ഉന്നയിക്കാൻ ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ഹരജിക്കാരന് നിർദേശം നൽകി.
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി മാസ്റ്റര്‍ പ്ലാന്‍ രൂപവത്കരിക്കാന്‍ നിർദേശിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയുമായി തമിഴ്‌നാട് സ്വദേശി കെ കെ രമേഷാണ് സുപ്രീം കോടതിയെ സമീപിച്ചത്. അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തുന്ന രീതിയിലുള്ള രജിസ്ട്രേഷൻ ശബരിമല തീര്‍ഥാടകര്‍ക്കും നിർബന്ധമാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
പൊതുതാൽപ്പര്യ ഹർജികൾ കോടതിയിൽ നൽകുന്നതിന് മുൻപ് കാര്യങ്ങൾ പഠിച്ചു മനസിലാക്കണമെന്നും ഗുരുദ്വാരകൾ സന്ദർശിക്കണമെന്നും പഞ്ചാബിലെ സുവർണ ക്ഷേത്രം, തിരുപ്പതി, വൈഷ്ണോ ദേവി ക്ഷേത്രം എന്നിവിടങ്ങളിൽ എത്ര ചിട്ടയോടെയാണ് തിരക്ക് നിയന്ത്രിക്കുന്നതെന്ന് നോക്കി പഠിക്കണമെന്നും ജസ്റ്റിസ് സൂര്യകാന്ത് ഹർജി പരിഗണിക്കവെ ചൂണ്ടിക്കാട്ടി.
ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീരുമാനമെടുക്കാന്‍ കേരള ഹൈക്കോടതിയിൽ ദേവസ്വം ബെഞ്ച് തന്നെയുണ്ടെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ശബരിമലയിലെ സാഹചര്യങ്ങളെക്കുറിച്ചും അവിടുത്തെ ഭൂപ്രകൃതി ഉള്‍പ്പടെയുള്ള കാര്യങ്ങളെപ്പറ്റിയും അവിടേക്കെത്തുന്ന ഭക്തരുടെ വികാരങ്ങളെപ്പറ്റിയും ഹൈക്കോടതിക്കു നല്ല ബോധ്യമുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു.
“നിങ്ങളുടെ ഹർജി തള്ളുമെന്ന് ഉറപ്പിച്ചോ?," എന്ന് ഹർജിക്കാരനോട് ചോദിച്ച ജസ്റ്റിസ് സൂര്യകാന്ത്, ഇന്റര്‍നെറ്റില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ച് പൊതു താത്പര്യ ഹര്‍ജി ഫയല്‍ചെയ്യുന്നതിനെ വിമര്‍ശിച്ചു.
ഹൈക്കോടതിയിൽ നിന്ന് സുപ്രീം കോടതിയിലേക്ക് അന്തിമമായി കേസ് വരുന്ന സാഹചര്യം ഉണ്ടാകാമെന്നും അതിനാൽ കളിയുടെ രണ്ടാം ഇന്നിങ്സ് ആദ്യമേ കളിച്ചേക്കാമെന്നു കരുതരുതെന്നും കോടതി ഹർജിക്കാരന് താക്കീത് നൽകി. ഇതേത്തുടർന്ന് പരാതിക്കാരൻ ഹർജി പിൻവലിച്ചു.