നടിയെ ആക്രമിച്ച കേസ്; വിചാരണ വൈകുന്നതില്‍ അതൃപ്തി അറിയിച്ച് സുപ്രീംകോടതി
നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീളുന്നതില്‍ അതൃപ്തി അറിയിച്ച് സുപ്രീംകോടതി. എന്തുകൊണ്ടാണ് വിചാരണ ഇങ്ങനെ നീട്ടിക്കൊണ്ട് പോകുന്നതെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. പുതിയതായി 41 സാക്ഷികളെ വിസ്തരിക്കണമെന്ന് പ്രോസിക്യൂഷൻ അറിയിച്ചപ്പോൾ അതിന്റെ കാരണം വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പുതുതായി സാക്ഷികളെ കൊണ്ടുവന്ന് പ്രോസിക്യൂഷൻ കേസ് വൈകിപ്പിക്കുകയാണെന്ന് ദിലീപിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി ആരോപിച്ചു. കേസ് സുപ്രീംകോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
കേസിൽ സമയബന്ധിതമായി വിചാരണ പൂർത്തിയാക്കാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം. കേസിൽ 10 സാക്ഷികളെ ഇതിനകം തന്നെ വിസ്തരിച്ചിട്ടുണ്ടെന്നും സാക്ഷികളെ വീണ്ടും വിളിച്ച് വരുത്തുകയാണെന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. 2019ല്‍ ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി പറഞ്ഞ കേസാണിത്. 24 മാസം കഴിഞ്ഞു, ഇപ്പോഴും പുതുതായി സാക്ഷികളെ കൊണ്ടുവന്ന് വിചാരണ നീട്ടിക്കൊണ്ട് പോകുകയാണെന്നും ദിലീപിനുവേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി പറഞ്ഞു.
പുതിയ സാക്ഷികളെ വിസ്തരിക്കുന്നതുമായി ബന്ധപ്പെട്ട എതിർപ്പ് എഴുതി നല്‍കാന്‍ ദിലീപിനോട് കോടതി നിർദേശിച്ചു. കേസിൽ വിചാരണ പുരോഗതി റിപ്പോർട്ട് കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്നു. കേരള ഹൈക്കോടതി രജിസ്ട്രാർ മുഖേനയാണ് റിപ്പോർട്ട് സമർപ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർ, പ്രോസിക്യൂഷൻ, അതിജീവിത എന്നിവർ വിചാരണ പൂർത്തിയാക്കി വിധി പറയാൻ തടസപ്പെടുത്തുന്നുവെന്നാണ് ദിലീപിന്റെ ആരോപണം. കേസ് വീണ്ടും പരിഗണിക്കുന്ന വെള്ളിയാഴ്ച സാക്ഷി വിസ്താരത്തിന്റെ കാര്യത്തില്‍ ദിലീപിന്റെയും പ്രോസിക്യൂഷന്റെയും വാദം കേട്ട ശേഷം വിചാരണക്കാലാവധി നീട്ടുന്നതില്‍ തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു.
അന്തിമ വിധിയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ വിചാരണ നീട്ടി കൊണ്ടുപോകുകയാണെന്ന് ദിലീപ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. വിചാരണ വേഗത്തിലാവുന്നില്ലെന്നും താന്‍ മാധ്യമ വിചാരണയ്ക്ക് ഇരയാക്കപ്പെട്ടുവെന്നും ദിലീപ് പരാതിപ്പെട്ടു. 2023 ജനുവരി 31നുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതി വിചാരണ കോടതിക്ക് നല്‍കിയ നിര്‍ദേശം. 2017 ലാണ് കാറില്‍ വച്ച് നടി ആക്രമിക്കപ്പെട്ട സംഭവം നടന്നത്. കേസിന്റെ രണ്ടാം ഘട്ട വിചാരണ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. കേസില്‍ നേരത്തെ 220 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു കെ പൗലോസിന്റെ വിസ്താരം ബാക്കി നില്‍ക്കെയായിരുന്നു കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചത്. തുടരന്വേഷണത്തിൽ ദിലീപിനെ കൂടാതെ സുഹൃത്ത് ശരത്തിനെയും പ്രതി ചേർത്തിരുന്നു. ഇരുവരും ഒരുമിച്ച് വിചാരണ നേരിട്ടാൽ മതിയെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നിർദേശിച്ചിരുന്നു.