ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി; എസ് സി/ എസ് ടി നിയമപ്രകാരം കേസ് എടുക്കാനാകില്ല

ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി; എസ് സി/ എസ് ടി നിയമപ്രകാരം കേസ് എടുക്കാനാകില്ല

പി വി ശ്രീനിജൻ എംഎൽഎ നൽകിയ പരാതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി നടപടിക്കെതിരെയാണ് ഷാജൻ സ്കറിയ സുപ്രീംകോടതിയെ സമീപിച്ചത്
Updated on
1 min read

മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. പി വി ശ്രീനിജൻ എംഎൽഎയ്ക്കെതിരായ ഷാജന്‍ സ്‌കറിയയുടെ പരാമര്‍ശങ്ങള്‍ അപകീർത്തികരമെങ്കിലും എസ് സി/ എസ് ടി നിയമപ്രകാരം കേസ് എടുക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. മൂന്ന് ആഴ്ചയ്ക്ക് ശേഷം കേസ് പരിഗണിക്കുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞത്. കേസിൽ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു.

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധിക്കെതിരെയാണ് ഷാജൻ സ്കറിയ സുപ്രീംകോടതിയെ സമീപിച്ചത്. പി വി ശ്രീനിജന്‍ എംഎല്‍എയുടെ അഭിഭാഷകന്‍ വി ഗിരി ഷാജന്‍ സ്‌കറിയയുടെ പരാമര്‍ശങ്ങള്‍ കോടതിക്ക് പരിഭാഷപ്പെടുത്തി നല്‍കി. പരാമർശങ്ങൾ അപകീർത്തികരമാണെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ, എസ് സി/ എസ് ടി വിഭാഗത്തിനെതിരായ അതിക്രമം തടയൽ വകുപ്പിൽ ഉൾപ്പെടുത്താനാകില്ലെന്നും വ്യക്തമാക്കി. ഷാജൻ സ്കറിയയുടെ പരാമർശങ്ങളിൽ പട്ടിക വിഭാഗത്തെ അപമാനിക്കുന്നതായി എന്തെങ്കിലുമുള്ളതായി തോന്നിയില്ലെന്ന് കോടതി പറഞ്ഞു. എന്നാൽ, മറ്റ് കേസുകളില്‍ അറസ്റ്റ് തടയണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.

ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി; എസ് സി/ എസ് ടി നിയമപ്രകാരം കേസ് എടുക്കാനാകില്ല
'ഷാജന്‍ സ്‌കറിയയെ പിടികൂടാനാവാത്തത് വീഴ്ച, അതിന്റെ പേരിൽ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത്'; പോലീസിനെതിരെ ഹൈക്കോടതി

നിരവധി ആളുകൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയയാളാണ് ഷാജൻ സ്കറിയയെന്ന് പി വി ശ്രീനിജന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പ്രസ്താവനകളോടുള്ള വിയോജിപ്പിന്റെ പേരിൽ ഒരാളെ ജയിലിലേക്ക് അയയ്ക്കുന്നത് കഠിനമല്ലേയെന്ന് കോടതി ചോദിച്ചു. എസ് സി മണ്ഡലമായ കുന്നത്തുനാടിൽ നിന്നുള്ള എംഎൽഎ എന്ന് വിശേഷിപ്പിച്ചാണ് ഓരോ തവണയും മാഫിയ തലവൻ, കള്ളപ്പണക്കാരൻ, കൊലപാതകി എന്നെല്ലാം വിളിച്ച് പി വി ശ്രീനിജനെ ഷാജന്‍ സ്കറിയ അപമാനിച്ചതെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാൽ ക്രിമിനല്‍ നിയമം കര്‍ശനമായി പരിശോധിച്ച് മാത്രമെ കൈകാര്യം ചെയ്യാനാകൂ എന്നായിരുന്നു കോടതി നിലപാട്. പരാമർശങ്ങൾ അപകീർത്തികരമാണെന്നതിൽ സംശയമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

മുതിർന്ന മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ പരാമര്‍ശങ്ങൾ നടത്തുമ്പോൾ സംയമനം പാലിക്കണമെന്ന് ഷാജന്‍ സ്കറിയയെ ഉപദേശിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷനായ സിദ്ധാർഥ് ലൂത്രയോട് കോടതി നിർദേശിച്ചു.

ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി; എസ് സി/ എസ് ടി നിയമപ്രകാരം കേസ് എടുക്കാനാകില്ല
അപകീര്‍ത്തി കേസ്: ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ജൂൺ 30നാണ് ഷാജന്‍ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. മാധ്യമ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനപാഠമായ 'ഫൈവ് ഡബ്ല്യു & വണ്‍ എച്ച്' എന്ന തത്വത്തിലെ ഡബ്ല്യുവിന് പകരം ഇപ്പോള്‍ 'ഡി' സ്ഥാനം പിടിക്കുന്നുവെന്ന നിരീക്ഷണവും കോടതി നടത്തിയിരുന്നു. പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിലെ സെക്ഷന്‍ മൂന്ന് (ഒന്ന്) (ആറ്) പ്രകാരമുള്ള കുറ്റങ്ങൾ ജാതിപ്പേര് പറഞ്ഞില്ലെങ്കിലും ബാധകമാവുമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.

തനിക്കെതിരെ നിരന്തരം വ്യാജ വാര്‍ത്തകള്‍ നല്‍കുന്നെന്ന പി വി ശ്രീനിജൻ എംഎൽഎയുടെ പരാതിയില്‍ എറണാകുളം എളമക്കര പോലീസാണ് ഷാജൻ സ്കറിയയ്ക്കെതിരെ കേസെടുത്തത്.

ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി; എസ് സി/ എസ് ടി നിയമപ്രകാരം കേസ് എടുക്കാനാകില്ല
അപകീര്‍ത്തി കേസ്: ഷാജന്‍ സ്‌കറിയക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്, ഓഫീസിലും ജീവനക്കാരുടെ വീടുകളിലും റെയ്ഡ്
logo
The Fourth
www.thefourthnews.in