എ രാജയ്ക്ക് താത്കാലിക ആശ്വാസം; തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ വിധിക്ക് സ്റ്റേ

എ രാജയ്ക്ക് താത്കാലിക ആശ്വാസം; തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ വിധിക്ക് സ്റ്റേ

നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെങ്കിലും വോട്ട് ചെയ്യാനോ മറ്റ് ആനുകൂല്യങ്ങള്‍ കൈപ്പറ്റാനോ പറ്റില്ല
Updated on
1 min read

ദേവികുളം എംഎല്‍എ സ്ഥാനത്ത് നിന്ന് ഹൈക്കോടതി അയോഗ്യനായ എ രാജയ്ക്ക് താത്കാലിക ആശ്വാസം. തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ജൂലൈയില്‍ കേസ് പരിഗണിക്കുന്നത് വരെയാണ് സ്റ്റേ. അതുവരെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെങ്കിലും വോട്ട് ചെയ്യാനോ മറ്റ് ആനുകൂല്യങ്ങള്‍ കൈപ്പറ്റാനോ കഴിയില്ല. ശമ്പളവും മറ്റ് അലവൻസും കൈപ്പറ്റുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇടുക്കി ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ എ രാജ നൽകിയ അപ്പീൽ പരിഗണിച്ചാണ് സുപ്രീം കോടതി നടപടി.

വിശദമായ വാദം അടുത്ത ജൂലൈയിൽ

എ രാജയുടെ ഹര്‍ജിയില്‍ വിശദമായ വാദം അടുത്ത ജൂലൈയിൽ കേൾക്കാമെന്നും സുപ്രീംകോടതി അറിയിച്ചു. അന്തിമ വിധിക്ക് ശേഷമായിരിക്കും ശമ്പളം അടക്കമുള്ളകാര്യത്തിലുള്ള നിയന്ത്രണങ്ങളിൽ തീരുമാനമുണ്ടാകുക.

എ രാജയ്ക്ക് താത്കാലിക ആശ്വാസം; തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ വിധിക്ക് സ്റ്റേ
റോസമ്മ പുന്നൂസ് മുതൽ എ രാജ വരെ; കോടതി തിരുത്തിയ ജനവിധികൾ

അതേസമയം സുപ്രീം കോടതിയിൽ എ രാജ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. തന്റെ സമുദായം വ്യക്തമാക്കുന്ന ചില രേഖകൾ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ സത്യവാങ്മൂലം. നേരത്തെ കോടതിയ്ക്ക് മുമ്പാകെ സമര്‍പ്പിക്കാന്‍ കഴിയാത്ത രേഖകളാണ് ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത് എന്നാണ് എ രാജയുടെ പ്രതികരണം. രേഖകളിൽ ചില ഭാഗത്ത് ക്രിസ്ത്യൻ മതമെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും സർക്കാർ നൽകിയ ചില സർട്ടിഫിക്കറ്റിൽ അദ്ദേഹം ഹിന്ദു മതവിഭാഗത്തിലെ പറവൻ എന്ന ഉപവിഭാഗത്തിൽപ്പെട്ട ആളാണെന്നും വ്യക്തമാക്കുന്നതാണ് രേഖകള്‍.

വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് രാജ സംവരണ മണ്ഡലമായ ദേവികുളത്ത് മത്സരിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയത്. യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഡി കുമാറാണ് രാജക്കെതിരെ ഹർജി സമർപ്പിച്ചത്. മണ്ഡലം രൂപീകൃതമായത് മുതല്‍ പട്ടികജാതി സംവരണ മണ്ഡലമാണ് ദേവികുളം. എ രാജ ക്രൈസ്തവ സമുദായ അംഗമാണ് എന്നതായിരുന്നു ഹര്‍ജിയിലെ ആരോപണം. മാട്ടുപ്പെട്ടി കുണ്ടള ഈസ്റ്റ് ഡിവിഷനിലെ സിഎസ്‌ഐ പള്ളിയില്‍ മാമ്മോദീസ സ്വീകരിച്ച ദമ്പതിമാരുടെ മകനാണ് രാജയെന്നും ഹർജിക്കാരന്‍ ആരോപിച്ചിരുന്നു.

2016 ൽ അമ്മയുടെ ശവസംസ്‌കാരം നടത്തിയതും പള്ളിയിലെ സെമിത്തേരിയിലാണ്. ഇതെല്ലാം മറച്ചുവച്ച് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചാണ് മത്സരിച്ചതെന്നാണ് ആരോപണം.അതിനാല്‍ സംവരണ മണ്ഡലത്തിലെ വിജയം റദ്ദാക്കണമന്നായിരുന്നു ആവശ്യം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഡി കുമാറിനെ 7848 വോട്ടുകള്‍ക്കാണ് ഇടത് സ്ഥാനാര്‍ഥി എ രാജ തോല്‍പിച്ചത്.അതേസമയം തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ വിധി സ്റ്റേ ചെയ്യാൻ രാജ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും തള്ളിയിരുന്നു

logo
The Fourth
www.thefourthnews.in