'തൃശൂർ ഞാനിങ്ങെടുക്കും', കണ്ണൂരും മത്സരിക്കാൻ തയ്യാറെന്ന് സുരേഷ് ഗോപി
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്ന് മത്സരിക്കാൻ തയ്യാറാണെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. തൃശൂരില്‍ ബിജെപി ജനശക്തി റാലിക്കിടെയാണ് സുരേഷ് ഗോപിയുടെ പരാമർശം. നിങ്ങള്‍ തൃശ്ശൂര്‍ തന്നാല്‍ ഞാനിങ്ങെടുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. രാഷ്ട്രീയമല്ല കരുതലും സ്നേഹവുമാണ് തന്റെ രീതിയെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും ലക്ഷ്യം വെച്ചായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം. 'ഈ തൃശൂർ നിങ്ങള്‍ എനിക്ക് തരണം. ഈ തൃശൂർ ഞാനിങ്ങ് എടുക്കുവാ... ഏത് ഗോവിന്ദന്‍ വന്നാലും ശരി തന്നെ. തൃശൂർ ഇനിയും ഞാന്‍ ഹൃദയം കൊണ്ട് ആവശ്യപ്പെടുന്നു തൃശൂർക്കാരേ, നിങ്ങളെനിക്ക് തരണം. നിങ്ങള്‍ തന്നാല്‍ ഞാനെടുക്കും. വേണമെങ്കില്‍ കണ്ണൂരും മത്സരിക്കും' അദ്ദേഹം പറഞ്ഞു. ''ഇരട്ട ചങ്കുണ്ടായത് 'ലേല'ത്തിലാണ്. അതിനുശേഷം വന്ന ചില ഓട്ട ചങ്കുകളാണ് ഇരട്ടചങ്കുകളായത്. ഗോവിന്ദനും അദ്ദേഹത്തിന്റെ രാഷ്ട്രീയ മുതലാളിയും മനസ്സിലാക്കിക്കോ. കേരളം ഞാന്‍ എടുത്തിരിക്കും. ഒരു സംശയവും വേണ്ട.'' സുരേഷ്‌ഗോപി പറഞ്ഞു.
''ഇരട്ട ചങ്കുണ്ടായത് 'ലേല'ത്തിലാണ്. അതിനുശേഷം വന്ന ചില ഓട്ട ചങ്കുകളാണ് ഇരട്ടചങ്കുകളായത്- മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ച് സുരേഷ് ഗോപി
ജയിക്കുന്നതല്ല പ്രധാനമെന്നും സിപിഎമ്മിന്റെ അടിത്തറയിളക്കുകയാണ് വേണ്ടതെന്നും അതിനായി 2024 ലോക്‌സഭ തിരഞ്ഞെടുപ്പിലേക്ക് തൃശൂരും കണ്ണൂരും തന്നെ ഏല്‍പ്പിക്കണമെന്നും അദ്ദേഹം അമിത് ഷായോട് ആവശ്യപ്പെട്ടു. അതിനിടെയില്‍ സിപിഎം പ്രവര്‍ത്തകരെ മാക്രിക്കൂട്ടങ്ങളെന്ന് പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്തു. കൂലിക്ക് എഴുതുന്നതിന് വേണ്ടി കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ ചെലവാക്കി നിയോഗിച്ചിട്ടുളള അന്തം കമ്മികള്‍...ചൊറിയന്‍ മാക്രിക്കൂട്ടങ്ങള്‍ വരൂ...ട്രോള്‍ ചെയ്യൂ...നിങ്ങള്‍ ഇനിയും എന്നെ വളര്‍ത്തൂ' എന്നായിരുന്നു പരാമർശം.