വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവം; പുനരന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി, പ്രതിഷേധം അവസാനിപ്പിച്ച് പരാതിക്കാരി

വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവം; പുനരന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി, പ്രതിഷേധം അവസാനിപ്പിച്ച് പരാതിക്കാരി

അഡീഷണല്‍ ചീഫ് സെക്രട്ടറിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയതായി ആരോഗ്യമന്ത്രി. ആരോഗ്യമന്ത്രിയുടെ ഇടപെടലിന് പിന്നാലെ പരാതിക്കാരിയായ ഹർഷിന പ്രതിഷേധം അവസാനിപ്പിച്ചു
Updated on
1 min read

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ ഉപകരണം മറന്നുവെച്ച സംഭവത്തില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. ആദ്യം അന്വേഷിച്ച സമിതിയുടെ റിപ്പോർട്ട് ആരോഗ്യമന്ത്രി തള്ളി. അന്വേഷണത്തിനായി അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ശസ്ത്രക്രിയ ഉപകരണം വയറ്റില്‍ കുടുങ്ങിയത് എങ്ങനെയാണ്, എത്രത്തോളം കാലപ്പഴക്കമുണ്ട് തുടങ്ങിയ കാര്യങ്ങള്‍ റിപ്പോർട്ടില്‍ ഇല്ല. ഇക്കാര്യങ്ങള്‍ കണ്ടെത്തുന്നതിന് ശാസ്ത്രീയമായ പരിശോധന വേണം. ഇതുവരെയുള്ള നടപടികള്‍ സ്വീകരിച്ചത് ശസ്ത്രക്രിയയ്ക്ക് വിധേയമായ സ്ത്രീയുടെ പക്ഷത്തുനിന്നു തന്നെയാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്‌പെഷ്യല്‍ ഓഫീസര്‍ കോര്‍ഡിനേറ്ററായ സംഘമാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയത്. പരാതിയില്‍ തെളിവെടുപ്പ് നടത്തിയിട്ട് 2 മാസം പൂർത്തിയായിരുന്നു. എന്നിട്ടും സംഭവത്തില്‍ വ്യക്തത ഉണ്ടായിരുന്നില്ല. റിപ്പോർട്ട് പുറത്ത് വരാത്തതിലുള്ള അതൃപ്തി പരാതിക്കാരിയായ ഹർഷിന പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ആരോഗ്യമന്ത്രി വീണാ ജോർജിനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരിച്ചില്ലെന്നാണ് ഹർഷിനയുടെ ആരോപണം.

അതിനിടെ ആരോഗ്യമന്ത്രിയുടെ ഇടപെടലിന് പിന്നാലെ പരാതിക്കാരിയായ ഹർഷിന പ്രതിഷേധം അവസാനിപ്പിച്ചു. പുതിയ അന്വേഷണ സമിതിയെ നിയോഗിച്ചത് മന്ത്രി ഹർഷിനയെ അറിയിച്ചിരുന്നു. മന്ത്രിയുടെ ഉറപ്പില്‍ വിശ്വാസമുണ്ടെന്നും ഹർഷിന പറഞ്ഞു.

ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഹർഷിന. റിപ്പോർട്ടില്‍ വ്യക്തത ലഭിക്കാതെ ഡിസ്ചാർജ് ചെയ്താലും ഹോസ്പിറ്റലില്‍ നിന്ന് പോകില്ലെന്നും വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in