'ഡോക്ടറേ, ആദ്യം ഉമ്മൻ ചാണ്ടി സാറിന്റെ ശബ്ദം കേൾക്കണം'; 14-ാം വയസ്സില്‍ സുജിത്തിന് 'ശ്രുതിതരംഗ'മായ കാരുണ്യം
പതിനാലാം വയസ്സുവരെ സുജിത്തിന്റെ ലോകത്ത് ശബ്ദമുണ്ടായിരുന്നില്ല. കോഴിക്കോട് മിംസ് ആശുപത്രിയില്‍ മകന്‍ സുജിത്തിന്റെ കേള്‍വി ശക്തി വീണ്ടെടുക്കാനുള്ള കോക്ലിയര്‍ ഇംപ്ലാന്റിന്റെ ഓപ്പറേഷന്‍ കഴിഞ്ഞപ്പോള്‍, കണ്ണൂർ സ്വദേശി സുശീല ഡോക്ടറോട് ആവശ്യപ്പെട്ടത് ഒരേയൊരു കാര്യം. മകൻ ആദ്യം കേള്‍ക്കുന്ന ശബ്ദം ഉമ്മന്‍ ചാണ്ടി സാറിന്റേതായിരിക്കണം. സുജിത്തിന്റേയും ആഗ്രഹം അതുതന്നെയായിരുന്നു.
അവരുടെ ആഗ്രഹം പോലെതന്നെ ഓപ്പറേഷൻ കഴിഞ്ഞയുടൻ ആശുപത്രി അധികൃതര്‍ അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ ചാണ്ടിയെ വിളിച്ചു. നിശബ്ദമായിരുന്ന സുജിത്തിന്റെ ലോകത്ത് ശബ്ദത്തിന്റെ തെളിച്ചം നല്‍കികൊണ്ട് ഉമ്മന്‍ ചാണ്ടി അവനോട് സംസാരിച്ചു. രാഷ്ട്രീയത്തിനുമപ്പുറം നിസ്സഹായരായ മനുഷ്യര്‍ക്കുമുന്നില്‍ കരുണയുടെ കരങ്ങള്‍ നീട്ടാറുള്ള ഉമ്മന്‍ ചാണ്ടി എന്ന മഹാമനുഷ്യന്‍ ഇല്ലായിരുന്നെങ്കില്‍ തന്റെയും മകന്റെയും സ്വപ്‌നങ്ങളെല്ലാം പൊലിഞ്ഞുപോയേനെയെന്ന് കണ്ണൂരിലെ ഇടത് സാംസ്‌കാരിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സുശീല പറയുന്നു.
അവസാന പ്രതീക്ഷയെന്നോണമാണ് ഉമ്മന്‍ ചാണ്ടി സാറിനെ വിളിച്ചത്
ഭര്‍ത്താവ് മരിച്ചതോടെ കുടുംബഭാരം മുഴുവന്‍ സുശീലയുടെ ചുമലിലായിരുന്നു. ജന്മനാ കേള്‍വിശക്തി ഇല്ലാതിരുന്ന സുജിത്തിന്റെ ചികിത്സയായിരുന്നു അന്ന് സുശീലയുടെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. മകന്റെ ഓപ്പറേഷനും തുടര്‍ചികിത്സയ്ക്കുമായി നാല് ലക്ഷം രൂപ ചെലവ് വരുമായിരുന്നു. ഓപ്പറേഷനുള്ള രണ്ട് ലക്ഷം രൂപ പോലും അന്ന് അവര്‍ക്ക് സ്വപ്‌നം കാണാന്‍ സാധിക്കുമായിരുന്നില്ല. കൂത്താട്ടുകുളം ശ്രീധരീയത്തില്‍ നിസ്സഹായരായിരിക്കുമ്പോഴാണ് അടുത്തിരുന്ന അപരിചിതരിലാരോ ആശ്വസിപ്പിക്കാനെന്നവണ്ണം പറഞ്ഞത് ''ഉമ്മന്‍ ചാണ്ടി സാറിനെ വിളിച്ച് സംസാരിക്കൂ, എല്ലാത്തിനും പരിഹാരമുണ്ടാകുമെന്ന്''. അവസാന പ്രതീക്ഷയെന്നോണമാണ് താന്‍ ഉമ്മന്‍ ചാണ്ടിയെ വിളിച്ചതെന്ന് സുശീല ഓർക്കുന്നു.
ഓപ്പറേഷന്‍ തീയറ്ററിന് പുറത്ത് കാത്തിരിക്കുമ്പോൾ ആശുപത്രിയില്‍ സുശീലയെ തേടി അമേരിക്കയില്‍ നിന്നും ഒരു ഫോണ്‍കോള്‍ എത്തി
കോട്ടയത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു ഉമ്മൻ ചാണ്ടിയെ തേടി സുശീലയുടെ വിളിയെത്തിയത്. തിരക്കിനിടയിലും തന്റെ സങ്കടങ്ങൾ മുഴുവന്‍ ഉമ്മൻ ചാണ്ടി കേട്ടിരുന്നെന്ന് സുശീല ഓർക്കുന്നു. കോഴിക്കോട് മിംസിൽ പോകാനും എല്ലാം പറഞ്ഞ് ഏർപ്പാടാക്കാമെന്നുമായിരുന്നു അപ്പോൾതന്നെ സുശീലയ്ക്ക് ലഭിച്ച ഉറപ്പ്.
ആശ്വാസവാക്കുകള്‍ മാത്രമാകുമെന്നായിരുന്നു സുശീല അന്ന് കരുതിയത്. എന്നാല്‍ ഉടന്‍ തന്നെ കോഴിക്കോട് മിംസില്‍ നിന്ന് അവരെ തേടി ഒരു ഫോണ്‍ കോള്‍ എത്തി. ഓപ്പറേഷനുള്ള പണം ലഭിച്ചിട്ടുണ്ട്, ആശുപത്രിയിലെത്തിയാല്‍ ഉടന്‍ ചെയ്യാമെന്നായിരുന്നു അത്. ഓപ്പറേഷന്‍ തീയറ്ററിന് പുറത്ത് കാത്തിരിക്കുമ്പോൾ സുശീലയെ തേടി അമേരിക്കയില്‍നിന്ന് ഒരു ഫോണ്‍കോള്‍ എത്തി. ഓപ്പറേഷൻ തീയതി ഓർത്തുവച്ച് വിവരങ്ങളന്വേഷിക്കാനുള്ള ഉമ്മൻ ചാണ്ടിയുടെ വിളിയായിരുന്നു അത്. തുടര്‍ ചികിത്സയ്ക്കുള്ള സഹായങ്ങളും അദ്ദേഹം ചെയ്തുനൽകി.
തന്റെ മുന്നിലെത്തുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുന്ന, നിരാലംബര്‍ക്ക് കൈത്താങ്ങാവുന്ന ഇതുപോലൊരു മനുഷ്യന്‍ ഇനി ഉണ്ടാകുമോയെന്ന് ഓർമകൾ പങ്കുവച്ച് സുശീല ചോദിക്കുന്നു.
തന്റെ മകനെ പോലെ പ്രശ്‌നമനുഭവിക്കുന്ന മുഴുവൻ കുട്ടികൾക്കും സഹായം ഒരുക്കാൻ കഴിയുന്നത് ചെയ്യണമെന്ന് ആവശ്യപ്പെട്ട്, മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിക്ക് നിവേദനം നൽകിയതും സുശീല ഓർക്കുന്നു. ഉമ്മൻ ചാണ്ടിയുടെ ഇടപെടലോടെയാണ് കേള്‍വി ശക്തി ഇല്ലാത്തവരുടെ ക്ഷേമം ലക്ഷ്യമിട്ട് സംസ്ഥാനത്ത് ആരംഭിച്ച 'ശ്രുതിതരംഗം' പദ്ധതി സജീവമായത്. അതിലൂടെ നൂറുകണക്കിന് കുട്ടികൾക്കാണ് ശബ്ദത്തിന്റെ ലോകം പ്രാപ്യമായതെന്നും സുശീല പറയുന്നു.
എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് സുശീലയുടെയും മകന്റെയും ജീവിതം തന്നെ മറ്റിമറിച്ച ഉമ്മന്‍ചാണ്ടിയുടെ കരുണയുടെ കരങ്ങളെക്കുറിച്ച് ലോകമറിയുന്നത്.