കൊല്ലപ്പെട്ട കുഞ്ഞുമോന്‍, 
പ്രതി സുധീഷ്
കൊല്ലപ്പെട്ട കുഞ്ഞുമോന്‍, പ്രതി സുധീഷ്

'ലക്ഷ്യമിട്ടത് മനോജിനെ, ബീവറേജില്‍ നിന്ന് മദ്യം വാങ്ങി വിഷം കലര്‍ത്തി'; പ്രതി സുധീഷ് പിടിയില്‍

വഴിയില്‍ നിന്ന് കിട്ടിയതെന്ന് വിശ്വസിപ്പിച്ചാണ് സുധീഷ് സുഹൃത്തുക്കള്‍ക്ക് മദ്യം നല്‍കിയത്
Updated on
1 min read

ഇടുക്കി അടിമാലിയില്‍ വഴിയില്‍ കിടന്ന മദ്യം കഴിച്ച് ഒരാള്‍ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. മരിച്ച കുഞ്ഞുമോന്റെ ബന്ധുവായ സുധീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ബീവറേജിൽ നിന്നും മദ്യം വാങ്ങി വിഷം കലർത്തിയെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. വഴിയില്‍ നിന്ന് കിട്ടിയത് എന്ന് വിശ്വസിപ്പിച്ചാണ് സുധീഷ് സുഹൃത്തുക്കള്‍ക്ക് മദ്യം നല്‍കിയത്. കുഞ്ഞുമോനൊപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്തായ മനോജിനെ ലക്ഷ്യം വെച്ചായിരുന്നു സുധീഷ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പോലീസ് വ്യക്തമാക്കി.

കീരിത്തോട് സ്വദേശിയായ മനോജുമായി പ്രതിയായ സുധീഷിന് കഞ്ചാവ് വില്പന ഇടപാടുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക തര്‍ക്കങ്ങളുും അഭിപ്രായ വ്യത്യാസങ്ങളുമാണ് സുധീഷിന് കൊലപാതകം നടത്താന്‍ പ്രേരണയായതെന്ന് ഇടുക്കി പോലീസ് മേധാവി വി യു കുര്യാക്കോസ് വ്യക്തമാക്കി. മദ്യക്കുപ്പിയില്‍ സിറിഞ്ച് കുത്തിയതിന്റെ അടയാളമുണ്ടെന്ന മരിച്ച കുഞ്ഞുമോന്റെ സഹോദരന്‍ വിന്‍സെന്റിന്റെ സംശയമാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.

വിഷം കലര്‍ത്തിയ മദ്യം നല്‍കി മനോജിനെ കൊലപ്പെടുത്താനാണ് സുധീഷ് ശ്രമിച്ചത്. അടിമാലിയില്‍ നിന്നും വാങ്ങിയ മദ്യത്തില്‍ സുധീഷ് വീട്ടില്‍ കരുതിയിരുന്ന ഏലത്തിനടിക്കുന്ന കീടനാശിനി സിറിഞ്ച് ഉപയോഗിച്ച് കലര്‍ത്തുകയായിരുന്നു. ശേഷം മനോജിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി. സംശയം തോന്നാതിരിക്കാന്‍ മദ്യം വഴിയില്‍ നിന്ന് വീണു കിട്ടിയതാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. എന്നാല്‍ മനോജ് കൂടെയുണ്ടായിരുന്ന മറ്റ് സുഹൃത്തുക്കളായ അനില്‍കുമാറിനെയും കുഞ്ഞുമോനെയും കൂട്ടി എത്തിയതോടെ സുധീഷിന്റ കണക്കു കൂട്ടലുകള്‍ മുഴുവന്‍ പിഴച്ചു. കുഞ്ഞുമോന്‍ മദ്യം കഴിച്ച ഉടനെ സുധീഷ് ഉപ്പു വെള്ളം നല്‍കിയിരുന്നു. ഛര്‍ദിയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മൂവരെയും ആശുപത്രിയില്‍ എത്തിക്കാനും സുധീഷ് മുന്നില്‍ തന്നെ ഉണ്ടായിരുന്നു. എന്നാല്‍ കുഞ്ഞുമോന്റെ ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച കുഞ്ഞുമോന്റെ സഹോദരിപുത്രനാണ് സുധീഷ്.

logo
The Fourth
www.thefourthnews.in