സൈബർ അധിക്ഷേപത്തെ തുടർന്ന് യുവതിയുടെ ആത്മഹത്യ: പ്രതി അരുണ്‍ വിദ്യാധരന്‍ തൂങ്ങിമരിച്ച നിലയിൽ
സൈബര്‍ അധിക്ഷേപത്തെ തുടർന്ന് കോട്ടയം കടുത്തുരുത്തിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അരുൺ വിദ്യാധരനെയാണ് കാസർഗോഡ് കാഞ്ഞങ്ങാട്ട് ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ചൊവ്വാഴ്ചയാണ് ഇയാള്‍ കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ മുറിയെടുത്തതെന്നാണ് വിവരം. വ്യാഴാഴ്ച രാവിലെ ലോഡ്ജ് മുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറത്തെ വ്യാജ മേല്‍വിലാസമാണ് ലോഡ്ജില്‍ ഇയാള്‍ നല്‍കിയിരുന്നത്. അരുണ്‍ വിദ്യാധരനായി കോട്ടയം പോലീസ് ബുധനാഴ്ച ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. നാല് ദിവസമായി പ്രതിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു നടപടി.
ഏപ്രിൽ 30ന് രാവിലെയാണ് കോട്ടയം കോതനല്ലൂര്‍
സ്വദേശിയായ ആതിരയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുൻ സുഹൃത്തായ അരുൺ വിദ്യാധരൻ ആതിരയ്ക്കെതിരെ ഫേസ്ബുക്കിലൂടെ നിരന്തരം സൈബർ ആക്രമണം നടത്തിയിരുന്നു. ഇതിനെതിരെ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് ആതിര ആത്മഹത്യ ചെയ്തത്. പോലീസില്‍ പരാതി നല്‍കിയതിന് ശേഷവും അരുണ്‍ സൈബര്‍ ആക്രമണം തുടരുകയും ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തതോടെയായിരുന്നു ആതിരയുടെ ആത്മഹത്യ.