ആദിവാസി സഞ്ചികളില്‍ തൂങ്ങുന്ന സംശയക്കനം; മധുവിന്റെ കൊലപാതകത്തിന് അഞ്ചാണ്ട്, നീതി നിഷേധത്തിന്റെയും...

ആദിവാസി സഞ്ചികളില്‍ തൂങ്ങുന്ന സംശയക്കനം; മധുവിന്റെ കൊലപാതകത്തിന് അഞ്ചാണ്ട്, നീതി നിഷേധത്തിന്റെയും...

അഞ്ച് വര്‍ഷം മുമ്പ് ഇതേപോലെ കറുത്ത് മെലിഞ്ഞ ഒരു ദേഹത്തില്‍ തൂങ്ങിക്കിടന്നിരുന്ന സഞ്ചി കൈകള്‍കൊണ്ട് മുറുകെ പിടിച്ച് ചെറിയ പുഞ്ചിരിയോടെ നില്‍ക്കുന്ന ഒരു രൂപം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു
Updated on
2 min read

വിശ്വനാഥന്റെ ആത്മഹത്യ ആള്‍ക്കൂട്ട വിചാരണയുടെ പ്രേരണയാലാണെന്ന് ഒടുവില്‍ പോലീസ് വെളിപ്പെടുത്തുന്നു. വിശ്വനാഥന് നേരിട്ട അതിക്രമത്തെക്കുറിച്ച് പരാതി പറയാന്‍ ചെന്ന ബന്ധുക്കളെ മടക്കിവിട്ട പോലീസ് ഒടുവില്‍ അക്കാര്യം സമ്മതിച്ചു. രൂപവും നിറവും നോക്കി ആദിവാസിയെന്ന് മനസ്സിലാക്കി മോഷണക്കുറ്റം ആരോപിച്ച് രണ്ട് തവണയാണ് വിശ്വനാഥനെ ആള്‍ക്കൂട്ടം ചോദ്യം ചെയ്തത്. ആദിവാസി വിഭാഗത്തില്‍ പെടുന്നയാളാണെന്ന തിരിച്ചറിവിലാണ് വിശ്വനാഥന്റെ കയ്യിലുണ്ടായിരുന്ന സഞ്ചി ആള്‍ക്കൂട്ടം പരിശോധിച്ചതെന്നും പോലീസ്. ഒടുവില്‍ ജനമധ്യത്തില്‍ നേരിടേണ്ടി വന്ന അപമാനഭാരം ആത്മഹത്യയിലേക്ക് വഴിവച്ചുവെന്നും പോലീസ് മനുഷ്യാവകാശ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

അഞ്ച് വര്‍ഷം മുമ്പ് ഇതേപോലെ കറുത്ത് മെലിഞ്ഞ ഒരു ദേഹത്തില്‍ തൂങ്ങിക്കിടന്നിരുന്ന സഞ്ചി കൈകള്‍കൊണ്ട് മുറുകെ പിടിച്ച് ചെറിയ പുഞ്ചിരിയോടെ നില്‍ക്കുന്ന ഒരു രൂപം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. നെഞ്ചിന്‍കൂട് തള്ളി തല്ലുകൊണ്ട് തളര്‍ന്ന് അവശനായി നില്‍ക്കുന്ന മധുവിന്റെ ചിത്രം. ആ സഞ്ചിയും ചിലര്‍ ചേര്‍ന്ന് പരിശോധിച്ചു.

ആദിവാസികളായാല്‍ സഞ്ചിയില്‍ കനപ്പെട്ടത് എങ്ങനെ വരും? രൂപത്തിലും നിറത്തിലും ആദിവാസിയെന്ന് തോന്നിയാല്‍ സഞ്ചി പരിശോധിക്കാതെ വിടാന്‍ കഴിയില്ലല്ലോ. വിശപ്പടക്കാന്‍ ഭക്ഷണം മോഷ്ടിച്ചു, അതായിരുന്നു മധുവില്‍ ആള്‍ക്കൂട്ടം ആരോപിച്ചത്. സഞ്ചി പരിശോധിക്കുന്നതിന്റെയും മര്‍ദ്ദിക്കുന്നതിന്റെയും വീഡിയോകളും ചിത്രങ്ങളും ആള്‍ക്കൂട്ടം തന്നെ സമൂഹമാധ്യമങ്ങളില്‍ പരത്തിവിട്ടു. മിനിറ്റുകള്‍ക്കകം ആ യുവാവ് മരിച്ചു. തീര്‍ത്തും ദരിദ്രനായ, പട്ടിണി മാത്രം കൈമുതലായുണ്ടായിരുന്ന, ഗുഹയില്‍ താമസമാക്കിയിരുന്ന 27കാരനായ മധുവിന്റെ മെല്ലിച്ച ശരീരത്തില്‍ 16 പേര്‍ ചേര്‍ന്ന് മുഷ്ടി പ്രയോഗിച്ചപ്പോള്‍ അയാള്‍ മരിച്ചു.

ആദിവാസികളായാല്‍ സഞ്ചിയില്‍ കനപ്പെട്ടത് എങ്ങനെ വരും? രൂപത്തിലും നിറത്തിലും ആദിവാസിയെന്ന് തോന്നിയാല്‍ സഞ്ചി പരിശോധിക്കാതെ വിടാന്‍ കഴിയില്ലല്ലോ

ആദിവാസി സഞ്ചികളില്‍ തൂങ്ങുന്ന സംശയക്കനം; മധുവിന്റെ കൊലപാതകത്തിന് അഞ്ചാണ്ട്, നീതി നിഷേധത്തിന്റെയും...
അരുംകൊലയ്ക്ക് അഞ്ചാണ്ട്; മധുവിന് നീതി ഇനിയുമകലെ

നാല് വര്‍ഷത്തെ മരവിപ്പിനൊടുവില്‍ മധുവിന്റെ കേസില്‍ ഇപ്പോള്‍ അന്തിമവാദം തുടങ്ങിയിരിക്കുകയാണ്. 2018 ഫെബ്രുവരി 22നാണ് ആള്‍ക്കൂട്ടം മധുവിനെ കൊലപ്പെടുത്തിയത്. പിന്നീട് പൊതു ഇടത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുകയും നീതിക്കായി പോരാട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തു. എന്നാല്‍ ഇത്രത്തോളം ചര്‍ച്ച ചെയ്യപ്പെട്ട കേസ് ആയിട്ടുകൂടി മധുവിന്റെ കുടുംബത്തിന് കഴിഞ്ഞ നാല് വര്‍ഷവും നീതി നിഷേധത്തിന്റെ നാളുകളായിരുന്നു.

ആദിവാസി സഞ്ചികളില്‍ തൂങ്ങുന്ന സംശയക്കനം; മധുവിന്റെ കൊലപാതകത്തിന് അഞ്ചാണ്ട്, നീതി നിഷേധത്തിന്റെയും...
അട്ടപ്പാടി മധു വധക്കേസ്; കൂറുമാറിയ സാക്ഷികള്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി

അട്ടപ്പാടി റിസര്‍വ് ഫോറസ്റ്റിനുള്ളില്‍ അജ്ജുമുടിയില്‍ വച്ചാണ് മധുവിനെ ഒരു സംഘമാളുകള്‍ പിടികൂടിയത്. മുക്കാലി ടൗണിലെ കടകളില്‍ നിന്ന് അരിയും സാധനങ്ങളും മോഷ്ടിച്ചു എന്നതായിരുന്നു ആരോപണം. അജ്ജുമുടിയിലെ അരുവിയില്‍ വെള്ളമെടുക്കാന്‍ പോയ മധുവിനെ മര്‍ദ്ദിച്ച് പിടിച്ചിറക്കി മുക്കാലി ടൗണ്‍ വരെ നടത്തിച്ചു. ഉടുമുണ്ട്‌കൊണ്ട് കൈ രണ്ടും പിന്നില്‍ കെട്ടിയിരുന്നു. സഞ്ചിയില്‍ നിന്ന് കണ്ടെടുത്ത കുറച്ച് അരിയും മുളകുപൊടിയും ആണ് കളവുമുതലായി കണക്കാക്കി മധുവിന്റെ തലയിലേറ്റി ആള്‍ക്കൂട്ടം രസിച്ചു, വീഡിയോ പകര്‍ത്തി. പിന്നീട് പോലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോവുന്ന വഴി ജീപ്പില്‍ വച്ച് മധു മരിച്ചു.

ആകെ 122 സാക്ഷികള്‍. വിചാരണക്കിടെ പലരും കൂറ് മാറി. എന്നാല്‍ ഈ കൂറ്മാറ്റത്തേക്കാള്‍ കേസിനെ ദുര്‍ബലപ്പെടുത്തിയ പലതുമുണ്ടായി. 'ഒരു കിലോ അരിക്കും 250ഗ്രാം ചായപ്പൊടിക്കും ഒരു കവര്‍ മുളകുപൊടിക്കും വേണ്ടി ഒരാളെ കൊല്ലുന്നത് കേട്ടുകേള്‍വി പോലുമില്ലാത്തതാണ്.' മധുവിന്റെ അമ്മ മല്ലി കേസില്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ അപേക്ഷയിലെ വാചകം. എന്നാല്‍ അധികച്ചെലവാണെന്ന കാരണം പറഞ്ഞ് ആ അപേക്ഷ സര്‍ക്കാര്‍ ആദ്യം തള്ളി. പിന്നീട് ഒന്നര വര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

'ഒരു കിലോ അരിക്കും 250ഗ്രാം ചായപ്പെടിക്കും ഒരു കവര്‍ മുളകുപൊടിക്കും വേണ്ടി ഒരാളെ കൊല്ലുന്നത് കേട്ടുകേള്‍വി പോലുമില്ലാത്തതാണ്.'

കേസില്‍ ഇന്നേവരെ നിയമിതരായത് നാല് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാര്‍. 28 തവണ കേസ് കോടതിയില്‍ വിളിച്ചപ്പോള്‍ പ്രോസിക്യൂട്ടര്‍മാര്‍ ആകെ ഹാജരായത് രണ്ട് തവണ. കുറ്റപത്രം കോടതിയില്‍ വായിച്ച് കേള്‍പ്പിക്കാനും ഡിജിറ്റല്‍ തെളിവുകള്‍ കൈമാറാനും വിസ്താരം ആരംഭിക്കാനും വലിയ കാലതാമസം വന്നത് സാക്ഷികളുടെ കൂറുമാറ്റത്തിനും പ്രധാന കാരണമായി. പ്രോസിക്യൂട്ടര്‍ തുടര്‍ച്ചയായി ഹാജരാകാത്തതില്‍ മണ്ണാര്‍ക്കാട് എസ് സി എസ് ടി കോടതി പൊട്ടിത്തെറിച്ചു. പിന്നീട് കേസിന് അനക്കം വച്ചു.

കുറ്റപത്രം കോടതിയില്‍ വായിച്ച് കേള്‍പ്പിക്കാനും ഡിജിറ്റല്‍ തെളിവുകള്‍ കൈമാറാനും വിസ്താരം ആരംഭിക്കാനും വലിയ കാലതാമസം വന്നത് സാക്ഷികളുടെ കൂറുമാറ്റത്തിനും പ്രധാന കാരണമായി.

ഇപ്പോള്‍ അന്തിമ വാദം നടക്കുന്ന കേസില്‍ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മധുവിന്റെ കുടുംബം. എന്നാല്‍ വിചാരണ തുടങ്ങാന്‍ നാല് വര്‍ഷം കാത്തിരിക്കേണ്ടി വന്നത് മധു ആദിവാസി ആയതുകൊണ്ടാണെന്നാണ് കുടുംബത്തിന്റെ വിശ്വാസം. മധുവിന്റെ കൊലപാതകവും കേസും പൊതു ഇടത്തില്‍ ചര്‍ച്ചയാവുമ്പോഴും കറുത്ത് മെലിഞ്ഞ ശരീരങ്ങള്‍ക്കും അവരുടെ സഞ്ചികള്‍ക്കും മേല്‍ സംശയക്കണ്ണുകള്‍ പിന്തുടരുകയാണ്. ആ സംശയക്കണ്ണുകളാണ് വിശ്വനാഥന്‍ എന്ന അടുത്ത ഇരയേയും ഉണ്ടാക്കിയത്.

logo
The Fourth
www.thefourthnews.in