സംസ്ഥാനത്ത് വീണ്ടും കോളറ ബാധ; തിരുവനന്തപുരത്ത് 16 പേര്‍ക്ക് രോഗലക്ഷണം
സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ പതിമൂന്ന് വയസുകാരനായ അന്തേവാസിക്കാണ് കോളറ സ്ഥിരീകരിച്ചത്. നേരത്തെ ഹോസ്റ്റലിലെ മറ്റൊരു അന്തേവാസി കോളറ ലക്ഷണങ്ങളോടെ മരിച്ചിരുന്നു. 26 വയസുകാരനായ അനുവാണ് മരിച്ചത്. എന്നാൽ അനുവിന്റെ സ്രവ സാമ്പിളിന്റെ പരിശോധനഫലം പുറത്തുവന്നിട്ടില്ല. വ്യാഴാഴ്ചയാണ് അനുവിനെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇതിന് പിന്നാലെ വെള്ളിയാഴ്ച അനു മരിച്ചിരുന്നു. വെള്ളിയാഴ്ചയോടെയാണ് നിലവിൽ രോഗം സ്ഥിരീകരിച്ച പതിമൂന്നുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. അശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്.
ഹോസ്റ്റലിലെ അന്തേവാസികളായ എട്ടുപേരെ രോഗ ലക്ഷണത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്ഥാപനത്തിലെ 8 അന്തേവാസികൾകൂടി ലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയിട്ടുണ്ട്. അതേസമയം ആരോഗ്യവകുപ്പ് രോഗം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
അന്തേവാസികളായും ജീവനക്കാരുമായി 60 പേരാണ് ഹോസ്റ്റലിൽ ഉള്ളത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഒമ്പത് പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 2017 ലാണ് സംസ്ഥാനത്ത് അവസാനമായി കോളറ മരണം റിപ്പോര്‍ട്ട് ചെയ്തത്.
ജലത്തിലൂടെ പകരുന്ന രോഗങ്ങളിലൊന്നാണ് കോളറ. വിബ്രിയോ കോളറേ എന്ന ബാക്റ്റീരിയയാണ് രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ് ബാക്ടീരിയ ശരീരത്തിലെത്തുന്നത്.
ശരീരത്തിൽ എത്തുന്ന ബാക്ടീരിയ 'കോളറാ ടോക്‌സിൻ' എന്ന വിഷവസ്തു ഉത്പാദിപ്പിക്കുകയും ഇത് വയറിളക്കത്തിന് കാരണമാകുകയും ചെയ്യുന്നു. വയറിളക്കവും ഛർദ്ദിയുമാണ് കോളറയുടെ പ്രധാന ലക്ഷണങ്ങൾ. രക്തസമ്മർദ്ദം കുറയുക.തലകറക്കം, നാവിനും ചുണ്ടുകൾക്കും ഉണ്ടാകുന്ന വരൾച്ച, കണ്ണുകൾ താണുപോകുക, ബോധക്കേട് എന്നിവ കോളറയുടെ ഗുരുതരമായ രോഗലക്ഷണങ്ങളാണ്.