പ്രവീണ്‍ റാണയെ നായകനാക്കി സിനിമ; എഎസ്ഐയ്ക്ക് സസ്‌പെന്‍ഷൻ
സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ് പ്രതി പ്രവീണ്‍ റാണയെ നായകനാക്കി സിനിമ ചിത്രീകരിച്ച എഎസ്ഐയ്ക്ക് സസ്പെന്‍ഷന്‍. തൃശൂര്‍ റൂറല്‍ പോലീസിലെ എഎസ്ഐ സാന്റോ അന്തിക്കാടിനെയാണ് സസ്പെൻഡ് ചെയ്തത്. തൃശൂര്‍ റേഞ്ച് ഡിഐജിയുടേതാണ് ഉത്തരവ്. അനുമതി ഇല്ലാതെ സിനിമ സംവിധാനം ചെയ്തതിനാണ് നടപടി. പ്രവീൺ റാണയെ നായകനാക്കി ‘ചോരൻ’ എന്ന സിനിമ സംവിധാനം ചെയ്തത് സാന്റോയാണ്.
പോലീസിലെ ഉന്നതരുമായി റാണയ്ക്ക് ആത്മബന്ധമുണ്ടെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. പ്രവീണ്‍ റാണ അറസ്റ്റിലായപ്പോള്‍ റൂറല്‍ പോലീസ് ആസ്ഥാനത്ത് നിന്നും സാന്റോ അന്തിക്കാടിനെ സ്ഥലം മാറ്റിയിരുന്നു. റാണ തട്ടിപ്പുകാരനാണെന്ന് തൃശ്ശൂര്‍ സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ട് നില നില്‍ക്കേയായിരുന്നു സാന്റോ സിനിമ സംവിധാനം ചെയ്തത്. സിനോജ് അങ്കമാലിയും രമ്യ പണിക്കരും ചേർന്നഭിനയിച്ച സസ്പെൻസ് ത്രില്ലറായിരുന്നു ചിത്രം. അപ്രതീക്ഷിതമായി ഒരിടത്ത് പെട്ടുപോവുകയും കൊടും അനീതിക്ക് ദൃക്‌സാക്ഷിയാകേണ്ടിയും വരുന്ന ഒരു കള്ളന്‍റെ കഥയാണ് ചോരൻ.
കേസില്‍ പ്രതിയായതോടെ സംസ്ഥാനം വിട്ട പ്രവീണ്‍ റാണയെ കോയമ്പത്തൂരില്‍ നിന്നാണ് തൃശൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ജനുവരി ആറിന് എറണാകുളത്ത് നിന്നും റാണ അങ്കമാലിയില്‍ എത്തുകയും മറ്റൊരു വാഹനത്തില്‍ കോയമ്പത്തൂരിലേക്കും അവിടെ നിന്ന് പൊള്ളാച്ചിയിലേക്കും കടക്കുകയായിരുന്നു. പൊരുമ്പാവൂര്‍ സ്വദേശി ജോയിയുടെ ക്വാറിയിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. അവിടെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം താമസിച്ച റാണ ഭാര്യയെ ഫോണ്‍ ചെയ്തതോടെയാണ് പിടിക്കപ്പെട്ടത്.
12 ശതമാനം പലിശ വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം തട്ടിയെന്ന പീച്ചി സ്വദേശി ഹണിയുടെ പരാതിക്ക് പിന്നാലെയാണ് സ്ഥാപന ഉടമ പ്രവീണ്‍ റാണക്കെതിരെ 11 കേസുകള്‍ ഈസ്റ്റ് സ്റ്റേഷനിലും 5 കേസുകള്‍ വെസ്റ്റ് സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്തത്. എഡിസണേയും ഐന്‍സ്റ്റീനെയും പോലെ ലോകോത്തര ശാസ്ത്രജ്ഞനാണ് താനെന്ന് അവകാശപ്പെട്ട പ്രവീണ്‍ റാണ ഉന്നത വ്യക്തികളുമൊത്തുളള ചിത്രങ്ങള്‍ പ്രചരിപ്പിച്ചാണ് നിക്ഷേപകരുടെ വിശ്വാസം ആര്‍ജിച്ചത്.
സ്ഥാപനത്തിന്റെ നിധി കമ്പനിയില്‍ നിക്ഷേപിച്ചാല്‍ 12 ശതമാനം പലിശ കിട്ടുമ്പോള്‍ സേഫ് ആന്‍ഡ് സ്‌ട്രോങ് കണ്‍സള്‍ട്ടന്റ് സ്ഥാപനത്തില്‍ നിക്ഷേപിച്ചാല്‍ 40 ശതമാനമായിരുന്നു വാദ്ഗാനം. സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി എന്ന പേരില്‍ നിക്ഷേപകരുമായി കരാര്‍ ഒപ്പിട്ടായിരുന്നു തട്ടിപ്പ്. ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്നയാള്‍ക്ക് പ്രതിവര്‍ഷം 39,000 രൂപ നല്‍കുമെന്നായിരുന്നു വാഗ്ദാനം. ഈ മോഹ വാഗ്ദാനത്തില്‍ വിശ്വസിച്ച് കോടിക്കണക്കിന് രൂപയാണ് ആളുകള്‍ നിക്ഷേപിച്ചിട്ടുള്ളത്.