ജാതി വിവേചനം, ഭീഷണിപ്പെടുത്തി വീട്ടുജോലി; കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ക്കെതിരെ പരാതി

ജാതി വിവേചനം, ഭീഷണിപ്പെടുത്തി വീട്ടുജോലി; കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ക്കെതിരെ പരാതി

ചൊവ്വാഴ്ചകളില്‍ 10 മണിവരെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി ചെയ്ത ശേഷം ഡയറക്ടറുടെ വീട്ടില്‍ ജോലിക്ക് പോകണം. അല്ലെങ്കില്‍ പിരിച്ചുവിടുമെന്നായിരുന്നു ഭീഷണി
Updated on
2 min read

മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ പേരിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സില്‍ പുതിയ ഡയറക്ടര്‍ സ്ഥാപനത്തിലെ ജോലിക്കാരെ വീട്ടുജോലിക്ക് നിയോഗിക്കുന്നതായി ആക്ഷേപം. എട്ട് മാസം മുമ്പ് സ്വീപ്പര്‍ തസ്തികയില്‍ ജോലിയില്‍ പ്രവേശിച്ച വനിതയ്ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജോലിക്ക് ശേഷം ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ വീട്ടിലും ജോലി ചെയ്യേണ്ടി വന്നെന്നാണ് ആരോപണം. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഈ വര്‍ഷത്തെ പ്രവേശനത്തില്‍ സംവരണം അട്ടിമറിച്ചതിന്റെ പേരില്‍ ദളിത് അപേക്ഷാര്‍ഥി കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഡയറക്ടര്‍ക്കെതിരെ ജീവനക്കാരുടെ ഭാഗത്ത് നിന്ന് കൂടി കടുത്ത ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. ഡയറക്ടര്‍ ജാതി വിവേചനം കാണിക്കുന്നതായും സര്‍ക്കാര്‍ ഫണ്ട് ധൂര്‍ത്തടിക്കുകയാണെന്നും ആക്ഷേപമുണ്ട്.

ചൊവ്വാഴ്ചകളില്‍ 10 മണിവരെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി ചെയ്ത ശേഷം ഡയറക്ടരുടെ വീട്ടില്‍ ജോലിക്ക് പോകേണ്ടതായി വരാറുണ്ടെന്നും പോയില്ലെങ്കില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും സ്വീപ്പര്‍ തസ്തികയിലെ ജോലിക്കാരി ദ ഫോര്‍ത്തിനോട് പറഞ്ഞു.

ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജോലി സമയം രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയാണ്. എല്ലാ ചൊവ്വാഴ്ചകളിലും 10 മണിവരെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി ചെയ്ത ശേഷം ഡയറക്ടറുടെ വീട്ടില്‍ ജോലിക്ക് പോകേണ്ടി വരാറുണ്ട്. പോയില്ലെങ്കില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്നായിരുന്നു ഭീഷണി. വീട്ടുജോലിക്ക് കയറും മുമ്പ് പുറത്തെ ബാത്ത്‌റൂമില്‍ നിന്ന് കുളിച്ച് മാത്രം അകത്ത് പ്രവേശിക്കണം എന്നടക്കമുള്ള നിര്‍ബന്ധങ്ങളുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു. അഞ്ച് സ്വീപ്പര്‍മാര്‍ ഉണ്ടായിരുന്നിടത്ത് വണ്ടി ഉണ്ടായത് തനിക്ക് മാത്രമായിരുന്നതുകൊണ്ട് എട്ട് മാസമായി ഡയറക്ടറുടെ വീട്ടില്‍ ജോലി ചെയ്യുന്നു. കൂലിയായി 100 രൂപയാണ് ശങ്കര്‍ മോഹന്‍ നല്‍കുന്നതെന്നും അവര്‍ വ്യക്തമാക്കി.

2019ല്‍ ശങ്കര്‍ മോഹന്‍ ഡയറക്ടര്‍ സ്ഥാനത്ത് വന്ന ശേഷം കടുത്ത ജാതീയ വിവേചനവും മാനസിക പീഡനങ്ങളും നേരിടേണ്ടിവന്നെന്ന് കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫും ദ ഫോര്‍ത്തിനോട് പ്രതികരിച്ചു. കോവിഡ് കാലത്ത് സ്ഥാപനങ്ങളെല്ലാം അടഞ്ഞിരുന്ന സമയത്ത് ഡയറക്ടറുടെ വീട്ടില്‍ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് പോകേണ്ടി വന്നിരുന്നു. അപ്പോഴെല്ലാം വീടിന് വെളിയില്‍ നിര്‍ത്തുകയാണ് ചെയ്തിരുന്നത്. എന്നാല്‍ മറ്റ് ചില സ്റ്റാഫുകള്‍ പോകുമ്പോള്‍ വീടിനകത്ത് കയറ്റുമായിരുന്നു. ഇത് വ്യക്തമായ ജാതി വിവേചനമാണെന്നും അദ്ദേഹം പറഞ്ഞു.

ഓഫീസ് ആവശ്യങ്ങള്‍ക്കായി നിരന്തരം യാത്രചെയ്യേണ്ടിവന്നപ്പോള്‍ സ്വന്തം വാഹനം ഉപയോഗിച്ചതിന് യാതൊരുവിധ ആനുകൂല്യങ്ങളും നല്‍കിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജാതി വിവേചനവും മാനസിക പീഡനങ്ങളും അതിരുകടന്നപ്പോള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി സ്വീകരിച്ചുവെന്നല്ലാതെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലെ ഭാഗം
അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലെ ഭാഗം

നിലവില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്ലറിക്കല്‍ സ്റ്റാഫായി ജോലി ചെയ്യുന്ന സ്ത്രീയും ഇത്തരം മാനസിക പീഡനങ്ങള്‍ സഹിക്കവയ്യാതെ ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് ദ ഫോര്‍ത്തിനോട് പ്രതികരിച്ചു. പുതിയ സ്റ്റാഫ് എന്ന നിലയില്‍ ഒരു ട്രെയിനിങ് പോലും തരാന്‍ അഡമിനിസ്‌ട്രേറ്റീവ് ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാറിയില്ലെന്നും അവര്‍ പറഞ്ഞു. അതേസമയം, പ്രതികരണം അറിയാനായി വിളിച്ചിട്ട് ശങ്കര്‍ മോഹന്‍ ഫോണ്‍ എടുത്തില്ല.

വെള്ളിയാഴ്ചകളില്‍ പള്ളിയില്‍ പോകുന്നത് ഡയറക്ടര്‍ വിലക്കിയതിനെ തുടര്‍ന്നാണ് താന്‍ ജോലി രാജിവച്ചതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുന്‍ ക്ലറിക്കല്‍ സ്റ്റാഫായ ആഷിക് ദ ഫോര്‍ത്തിനോട് പറഞ്ഞു. വെള്ളിയാഴ്ചകളില്‍ പള്ളിയില്‍ പോകുന്നത് ഗവണ്‍മെന്റ് അനുവദിച്ച കാര്യമാണെന്ന് പറഞ്ഞപ്പോള്‍ ഗവണ്‍മെന്റ് ഓര്‍ഡര്‍ കാണിക്കണമെന്ന് ഡയറക്ടര്‍ ആവശ്യപ്പെട്ടു. ഓര്‍ഡര്‍ കാണിച്ച ശേഷം മാത്രമാണ് തന്നെ പള്ളിയില്‍ പോകാന്‍ അനുവദിച്ചതെന്നും ആഷിക് പറഞ്ഞു. തുടര്‍ന്നും ഇത്തരം വിവേചനങ്ങളും മാനസിക പീഡനങ്ങളും ഉണ്ടായതോടെയാണ് ജോലി രാജിവച്ചതെന്ന് ആഷിക് വ്യക്തമാക്കുന്നു.

ജാതി വിവേചനം, ഭീഷണിപ്പെടുത്തി വീട്ടുജോലി; കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ക്കെതിരെ പരാതി
കെ ആര്‍ നാരായണന്റെ പേരിലുള്ള ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവരണം അട്ടിമറിച്ചെന്ന് പരാതി

ശങ്കര്‍ മോഹന്‍ ഡയറക്ടറായ ശേഷം വിദ്യാര്‍ഥികളില്‍ നിന്നടക്കം വ്യാപക പരാതികളാണ് ഉയര്‍ന്നത്. എന്നാല്‍ ഡയറക്ടറെ ഭയന്ന് ആരും പരാതികളുമായി മുന്നോട്ട് വന്നിരുന്നില്ല. അടുത്തിടെയാണ് പ്രവേശനം നിഷേധിക്കപ്പെട്ട അപേക്ഷാര്‍ഥി ശരത് പരാതിയുമായി മുന്നോട്ട് പോയത്. നിലവില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ കൂടിയ ഹോസ്റ്റല്‍ മെസ് ഫീയെകുറിച്ചും പരാതി ഉന്നയിക്കുന്നുണ്ട്. സര്‍ക്കാര്‍ ഗ്രാന്റോടുകൂടി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ 4500 രൂപയാണ് മെസ് ഫീസ് അടയ്‌ക്കേണ്ടി വരുന്നത്.

logo
The Fourth
www.thefourthnews.in