നിരക്ക് കൂട്ടില്ലെന്ന് സ്വിഗ്ഗി; കൊച്ചിയില്‍ വിതരണക്കാരുടെ പണിമുടക്ക് തുടരും

നിരക്ക് കൂട്ടില്ലെന്ന് സ്വിഗ്ഗി; കൊച്ചിയില്‍ വിതരണക്കാരുടെ പണിമുടക്ക് തുടരും

മിനിമം നിരക്ക് കൂട്ടാനാകില്ലെന്ന് ലേബര്‍ കമ്മീഷണറുമായുള്ള ചര്‍ച്ചയില്‍ സ്വിഗ്ഗി
Updated on
1 min read

കൊച്ചിയില്‍ സ്വിഗ്ഗി വിതരണക്കാരുടെ അനിശ്ചിതകാല പണിമുടക്ക് തുടരും. അസിസ്റ്റന്റ് ലേബര്‍ കമ്മീഷണറുടെ മധ്യസ്ഥതയില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയും പരാജയപ്പെട്ടതോടെയാണ് സമരം തുടരാന്‍ വിതരണക്കാരുടെ സംഘടനയുടെ തീരുമാനം. ചെയ്യുന്ന ജോലിക്ക് ന്യായമായ കൂലി എന്നാവശ്യപ്പെട്ടാണ് സമരം. മിനിമം നിരക്ക് ഉയര്‍ത്തുക, തേര്‍ഡ് പാര്‍ട്ടി കമ്പനിക്ക് വിതരണാനുമതി നല്‍കിയ തീരുമാനം പിന്‍വലിക്കുക എന്നിങ്ങനെയാണ് സമരക്കാരുടെ ആവശ്യങ്ങള്‍. കഴിഞ്ഞമാസം സൂചനാ സമരം നടത്തിയതിനെ തുടര്‍ന്ന് പ്രശ്‌നം പരിഹരിക്കാമെന്ന് കമ്പനി ഉറപ്പ് നല്‍കിയിരുന്നെങ്കിലും പാലിച്ചിരുന്നില്ല.

നിരക്ക് കൂട്ടില്ലെന്ന് സ്വിഗ്ഗി; കൊച്ചിയില്‍ വിതരണക്കാരുടെ പണിമുടക്ക് തുടരും
'അഞ്ച് രൂപയ്ക്ക് മണിക്കൂറുകള്‍ കാത്തിരിക്കണം'; സ്വിഗ്ഗി തൊഴിലാളികള്‍ നാളെ മുതല്‍ പണിമുടക്കിലേക്ക്

ശനിയാഴ്ച തൊഴിലാളികളുമായി സ്വിഗ്ഗി കമ്പനി അധികൃതര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് കടന്നത്. കൊച്ചിയില്‍ പതിനൊന്നില്‍ ഒമ്പത് സോണിലേയും തൊഴിലാളികള്‍ ഒന്നിച്ചാണ് പണിമുടക്കുന്നത്.

നാല് കിലോമീറ്റര്‍ അകലെ ഭക്ഷണം എത്തിക്കുന്നതിന് 20 രൂപയാണ് വിതരണക്കാരന് ലഭിക്കുന്നത്. എന്നാല്‍, തിരികെ യാത്ര ഉള്‍പ്പെടെ എട്ട് കിലോമീറ്റര്‍ സഞ്ചരിക്കുമ്പോഴും നിരക്കില്‍ മാറ്റമില്ല. 10 കിലോമീറ്റര്‍ ദൂരെ ഭക്ഷണം എത്തിച്ചാല്‍ 50 രൂപയാണ് ലഭിക്കുക. എന്നാല്‍, തിരികെ വരുന്ന കിലോമീറ്റര്‍ പരിഗണിക്കാത്തതിനാല്‍ കിട്ടുന്ന കാശ് മുതലാകില്ല. മിനിമം നിരക്ക് 20ല്‍നിന്ന് 35 രൂപയാക്കണമെന്നാണ് വിതരണക്കാരുടെ ആവശ്യം. ഇക്കാര്യം പലതവണ ആവശ്യപ്പെട്ടിട്ടും കമ്പനി തയ്യാറാകാത്തതിനെ തുടര്‍ന്നാണ് അനിശ്ചിതകാല പണിമുടക്ക് തുടങ്ങിയത്. സാധാരണ വിതരണക്കാര്‍ക്ക് നേട്ടമുണ്ടാകുന്ന തരത്തില്‍ ഓര്‍ഡര്‍ പോകാതിരിക്കാന്‍ തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന് ഡെലിവറി അനുമതി കൊടുത്തതിനെതിരെയും തൊഴിലാളികള്‍ ചോദ്യം ചെയ്യുന്നുണ്ട്. സാധാരണ വിതരണക്കാര്‍ക്ക് നല്‍കുന്ന മിനിമം നിരക്കിനേക്കാള്‍ ഇരട്ടിയാണ് തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന് നല്‍കുന്നതെന്നും ആക്ഷേപമുണ്ട്. മഴയുള്ള സമയത്തും തിരക്കേറിയ മറ്റ് സമയങ്ങളിലും ഉപഭോക്താക്കളില്‍നിന്ന് ഈടാക്കുന്ന അധിക തുകയുടെ ഗുണം വിതരണക്കാര്‍ക്ക് കിട്ടുന്നില്ലെന്നും പരാതിയുണ്ട്.

ദിവസത്തില്‍ അഞ്ച് മുതല്‍ ഏഴ് മണിക്കൂര്‍ വരെ ജോലി ചെയ്യണമെന്നാണ് സ്വിഗ്ഗിയുടെ നിര്‍ദ്ദേശം. എന്നാല്‍ ടാര്‍ഗറ്റ് എത്തിക്കാനായി 16ഉം 17ഉം മണിക്കൂര്‍ ജോലി ചെയ്യുന്നവരാണ് അധികവും. 'ഷാഡോ ഫാസ്? എന്ന വേറൊരു ആപ്പും ഇവര്‍ക്കുണ്ട്. വിതരണക്കാര്‍ക്ക് ടാര്‍ഗറ്റ് എത്താതിരിക്കാന്‍ ഈ ആപ്പ് വഴി സ്വിഗ്ഗി ഓര്‍ഡര്‍ കൊടുക്കും. അവര്‍ക്ക് ടാര്‍ഗറ്റും ഇല്ല ഇന്‍സെന്റീവും ഇല്ല. ഒരു ദിവസം 500 രൂപയ്ക്ക് സര്‍വീസ് നടത്തിയാല്‍ 200 രൂപയാണ് തൊഴിലാളിക്ക് ലഭിക്കുക. 600 രൂപക്ക് 250രൂപയും 850രൂപയ്ക്ക് 375 രൂപയും ഇന്‍സെന്റീവ് ലഭിക്കും . ആഴ്ചയില്‍ 4001 രൂപയുടെ സര്‍വീസ് നടത്തിയാല്‍ 1400 രൂപ ഇന്‍സെന്റീവ് ആയി കിട്ടും. കോവിഡിന് ശേഷം ജോലി നഷ്ടപ്പെട്ടവരും തിരികെ പോവാന്‍ കഴിയാതിരുന്ന പ്രവാസികളുമുള്‍പ്പെടെ പതിനായിരത്തിലധികം സ്വിഗ്ഗി തൊഴിലാളികള്‍ പുതുതായി ജോലി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അവരെ പരമാവധി ചൂഷണം ചെയ്യുന്ന സമീപനമാണ് കമ്പനിയുടേതെന്ന് തൊഴിലാളികള്‍ പറയുന്നു.

logo
The Fourth
www.thefourthnews.in