സംസ്ഥാനത്ത് വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി; മനുഷ്യനു ഭീഷണിയോ?
ഒന്നരമാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി(ആഫ്രിക്കന്‍ സ്വൈന്‍ ഫീവർ) സ്ഥിരീകരിച്ചു. വയനാട് പുതാടി പഞ്ചായത്തിലെ ഫാമുകളിലാണ് രോഗബാധ കണ്ടെത്തിയത്. രോഗപ്രതിരോധത്തിന്റെ ഭാഗമായി അറുപതോളം പന്നികളെ മൃഗസംരക്ഷണ വകുപ്പധികൃതര്‍ കൊന്നൊടുക്കി. പന്നികളിലെ ഈ മാരക പകര്‍ച്ചവ്യധി കേരളത്തില്‍ ആദ്യമായി സ്ഥിരീകരിച്ചത് ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ വയനാട്ടില്‍ തന്നെയായിരുന്നു. ജില്ലയിലെ മറ്റു ചില ഫാമുകളിലും കണ്ണൂരിലും രോഗബാധയുണ്ടായിരുന്നു. രോഗപ്രതിരോധത്തിന്റെ ഭാഗമായി 950- ഓളം പന്നികളെയാണ് രണ്ട് ജില്ലകളിലുമായി അന്നു കൊന്നൊടുക്കിയത്.
പന്നികളിലെ ഈ മാരക പകര്‍ച്ചവ്യധി കേരളത്തില്‍ ആദ്യമായി സ്ഥിരീകരിച്ചത് ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ വയനാട്ടില്‍ തന്നെയായിരുന്നു.
പന്നികള്‍ക്ക് മരണമണി
ആഫ്രിക്കന്‍ സ്വൈന്‍ ഫീവറിനെ പന്നികളിലെ എബോള എന്നാണ് വിശേഷിപ്പിക്കുന്നത്. പടര്‍ന്നുപിടിച്ചാല്‍ കേരളത്തിലെ പന്നിവളര്‍ത്തല്‍ മേഖലയെ തന്നെ തുടച്ചുനീക്കാന്‍ തക്ക പ്രഹരശേഷി ഇതിനുണ്ട്. ഇതു നിയന്ത്രിക്കാന്‍ ഫലപ്രദമായ മരുന്നുകളോ വാക്‌സിനുകളോ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. നൂറുശതമാനമാണ് മരണനിരക്ക്. രോഗം സ്ഥിരീകരിച്ചാല്‍ പന്നികളെ കൊല്ലുക മാത്രമാണ് രോഗനിയന്ത്രണത്തിനുള്ള ഏകവഴി. രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലൂടെ കേരളത്തിലേക്കും പുറത്തേക്കും പന്നികള്‍, പന്നിമാംസം, അവയുടെ മറ്റുത്പന്നങ്ങള്‍, പന്നി കാഷ്ഠം എന്നിവ കൊണ്ടുപോവുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം ഇപ്പോഴും തുടരുന്നുണ്ട്
രോഗം സ്ഥിരീകരിച്ചാല്‍ പന്നികളെ കൊല്ലുക മാത്രമാണ് രോഗനിയന്ത്രണത്തിനുള്ള ഏകവഴി. നൂറുശതമാനമാണ് മരണനിരക്ക്.
രോഗം പകരുന്ന വഴി
അസ്ഫാര്‍വൈറിഡെ എന്ന ഡിഎന്‍എ വൈറസ് കുടുംബത്തിലെ ആഫ്രിക്കന്‍ സ്വൈന്‍ ഫീവര്‍ വൈറസുകളാണ് രോഗകാരണം. വളര്‍ത്തുപന്നികളെ മാത്രമല്ല കാട്ടുപന്നികളെയും രോഗം ബാധിക്കും. നാടന്‍ പന്നികളിലും സങ്കരയിനം പന്നികളിലും രോഗസാധ്യത ഉയര്‍ന്നതാണ്. രോഗബാധിതരായ പന്നികളുടെ ഉമിനീര്‍, മൂത്രം, ശരീരസ്രവങ്ങള്‍, വിസര്‍ജ്യം എന്നിവയിലൂടെയാണ് വൈറസുകള്‍ പുറത്തെത്തുന്നത്. ഇവയ്ക്ക് പരിസരങ്ങളില്‍ ദീര്‍ഘകാലം നിലനില്‍ക്കാനുള്ള കഴിവുമുണ്ട്. രോഗം ബാധിച്ച പന്നികളുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് മറ്റു പന്നികളിലേക്കെത്തുന്നത്. പന്നിമാംസം, രോഗം ബാധിച്ചവയുടെ ശരീരസ്രവങ്ങളും വിസര്‍ജ്യവും കലര്‍ന്ന തീറ്റ, കുടിവെള്ളം, ഫാം ഉപകരണങ്ങള്‍, ഫാം തൊഴിലാളികളുടെ വസ്ത്രങ്ങള്‍, പാദരക്ഷകള്‍, വാഹനങ്ങള്‍ എന്നിവയിലൂടെയെല്ലാം രോഗം അതിവേഗം പടരും. പന്നികളിലെ ബാഹ്യപരാദങ്ങളായ ഓര്‍ണിത്തോഡോറസ് വിഭാഗത്തില്‍ പെട്ട ഒരിനം പട്ടുണ്ണികള്‍ക്കും രോഗം പടര്‍ത്താന്‍ ശേഷിയുണ്ട്. എന്നാല്‍ ഈ ഇനത്തില്‍പെട്ട പട്ടുണ്ണികള്‍ കേരളത്തിലില്ലെന്നത് ആശ്വാസകരമാണ്. വൈറസ് ബാധയേറ്റ് മൂന്നാഴ്ചക്കകം പന്നികള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കും. ശക്തമായ പനി, തീറ്റമടുപ്പ്, ശരീരതളര്‍ച്ച, രക്തസ്രാവം മൂലം ചെവിയിലും വയറിന്റെ അടിഭാഗത്തും കാലുകളിലും ചര്‍മ്മത്തിന് ചുവപ്പു നിറം, വായ്, മൂക്ക് എന്നിവിടങ്ങളിലെ രക്തസ്രാവം, രക്തം കലര്‍ന്ന വയറിളക്കം, ഛര്‍ദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതിന് മുമ്പുതന്നെ പന്നികള്‍ വൈറസുകളെ പുറന്തള്ളും.
പന്നിമാംസം, രോഗം ബാധിച്ചവയുടെ ശരീരസ്രവങ്ങളും വിസര്‍ജ്യവും കലര്‍ന്ന തീറ്റ, കുടിവെള്ളം, ഫാം ഉപകരണങ്ങള്‍, ഫാം തൊഴിലാളികളുടെ വസ്ത്രങ്ങള്‍, പാദരക്ഷകള്‍, വാഹനങ്ങള്‍ എന്നിവയിലൂടെയെല്ലാം രോഗം അതിവേഗം പടരും.
മനുഷ്യനു ഭീഷണിയോ?
ആഫ്രിക്കന്‍ സ്വൈന്‍ ഫീവര്‍ പന്നികളില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ല. അതിനാല്‍ പന്നിമാംസം കൈകാര്യം ചെയ്യുന്നതിലോ കഴിക്കുന്നതിലോ ആശങ്ക വേണ്ട. എന്നാല്‍ രോഗബാധയേറ്റ പന്നികളുമായി ഇടപഴകുന്നവരിലൂടെ വൈറസ് മറ്റ് പന്നിഫാമുകളിലേക്ക് വ്യാപിക്കാം. രോഗം മറ്റ് വളര്‍ത്തുമൃഗങ്ങളിലേക്കോ പക്ഷികളിലേക്കോ പകരില്ല.
രോഗം പടരാതിരിക്കാന്‍
ഫാമുകളിലേക്ക് പുതിയ പന്നികളെയും പന്നികുഞ്ഞുങ്ങളെയും വാങ്ങുന്നത് താത്കാലികമായി ഒഴിവാക്കണം. ബ്രീഡിംഗിനു വേണ്ടി ഫാമിലേക്ക് പുതിയ ആണ്‍പന്നികളെ കൊണ്ടുവരുന്നതും ഫാമിലെ പന്നികളെ പുറത്തുകൊണ്ടുപോവുന്നതും തത്കാലത്തേക്ക് നിര്‍ത്തിവയ്ക്കണം. വിപണത്തിനായി ഫാമില്‍ നിന്നും പുറത്തുകൊണ്ടുപോവുന്ന പന്നികളെ തിരിച്ച് കൊണ്ടുവരികയാണെങ്കില്‍ മൂന്നാഴ്ച ക്വാറന്റൈന്‍ നല്‍കുന്നത് രോഗപകര്‍ച്ച തടയും. പന്നിയിറച്ചിയും പന്നിയുത്പന്നങ്ങളും ഫാമിനുള്ളിലേക്ക് കൊണ്ടുവരുന്നത് ഒഴിവാക്കണം.
പന്നിഫാമും പരിസരവും അണുവിമുക്തമാക്കണം. ജൈവസുരക്ഷാമാര്‍ഗങ്ങള്‍ പാലിക്കണം. ഫാമിനകത്ത് പ്രത്യേകം വസ്ത്രങ്ങളും പാദരക്ഷകളും ഉപയോഗിക്കണം. അനാവശ്യ സന്ദര്‍ശകരും വാഹനങ്ങളും ഫാമില്‍ കയറുന്നതും മറ്റ് പന്നിഫാമുകള്‍ സന്ദര്‍ശിക്കുന്നതും ഒഴിവാക്കണം. പുറത്തുനിന്ന് വരുന്നവര്‍ വാഹനങ്ങളും പാദരക്ഷകളും അണുവിമുക്തമാക്കിയ ശേഷമേ ഫാമില്‍ കയറാവൂ. പുറത്തുനിന്ന് ഫാമിലേക്ക് കൊണ്ടുവരുന്ന ഉപകരണങ്ങള്‍ അണുവിമുക്തമാക്കണം. ബ്ലീച്ചിംഗ് പൗഡര്‍ ലായനി ഫാമുകളില്‍ തളിക്കാന്‍ പറ്റിയ അണുനാശിനിയാണ്. ഒരുലിറ്റര്‍ വെള്ളത്തില്‍ മുപ്പത് ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍ എന്ന അനുപാതത്തില്‍ ചേര്‍ത്തിളക്കി ഇരുപത് മിനിട്ടിന് ശേഷം ലഭിക്കുന്ന തെളിവെള്ളം അണുനാശിനിയായി ഉപയോഗിക്കാം. മൂന്ന് ശതമാനം സോഡിയം ഹൈഡ്രോക്‌സൈഡ് ലായനി, നാല് ശതമാനം അലക്കുകാരലായനി (സോഡിയം കാര്‍ബണേറ്റ് ), കുമ്മായം എന്നിവയും അണുനാശിനിയായി ഉപയോഗിക്കാം. ഫാമിന്റെ ഗേറ്റില്‍ അണുനാശിനി നിറച്ച് ഫൂട് ബാത്ത് ക്രമീകരിക്കണം.
ഹോട്ടല്‍, മാര്‍ക്കറ്റ് അവശിഷ്ടങ്ങളും മിച്ചാഹാരവും തീറ്റയായി നല്‍കുന്ന സ്വില്‍ ഫീഡിംഗിലൂടെയാണ് പന്നിഫാമുകളില്‍ രോഗം പൊട്ടിപുറപ്പെടുന്നത്. ഇത് ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഹോട്ടല്‍, മാര്‍ക്കറ്റ് അവശിഷ്ടങ്ങള്‍ ഇരുപത് മിനിറ്റെങ്കിലും വേവിച്ചു പന്നികള്‍ക്ക് നല്കണം. അറവുശാല അവശിഷ്ടങ്ങള്‍ പന്നികള്‍ക്ക് നല്‍കാതിരിക്കുന്നതാണ് ഉചിതം. പന്നിക്കശാപ്പ് ശാലകളുടെ സമീപത്തുള്ള കോഴിക്കടകളില്‍ നിന്നും പന്നിയെയും കോഴിയെയും ഒരുമിച്ച് കശാപ്പുചെയ്യുന്നിടങ്ങളില്‍ നിന്നുമുള്ള കോഴിവേസ്റ്റ് പന്നികള്‍ക്ക് തീറ്റയായി നല്‍കരുത്. കശാപ്പ് സ്ഥലങ്ങളിലും പന്നിമാംസ വില്‍പന കേന്ദ്രങ്ങളിലും പോയശേഷം വസ്ത്രവും പാദരക്ഷകളും മാറാതെ പന്നിഫാമുകളില്‍ കയറരുത്.
ആഫ്രിക്കന്‍ പന്നിപ്പനി വ്യാപിപ്പിക്കുന്നതില്‍ കാട്ടുപന്നികള്‍ക്ക് വലിയ പങ്കുണ്ട്. പന്നിഫാമുകളിലും പരിസരങ്ങളിലും കാട്ടുപ്പന്നികളെ നിയന്ത്രിക്കണം. കാട്ടുപന്നികളെ ആകര്‍ഷിക്കുന്ന രീതിയില്‍ തീറ്റ അവശിഷ്ടങ്ങള്‍ ഫാമിലും പരിസരത്തും നിക്ഷേപിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കാട്ടുപന്നികളുടെ സാന്നിധ്യം കൂടിയ പ്രദേശത്താണ് ഫാമെങ്കില്‍ ഫാമിന് ചുറ്റും ഗാല്‍വനൈസ്ഡ് അയണ്‍ മെഷ് ഉപയോഗിച്ച് ഫെന്‍സിംഗ് നടത്തണം. ഫാമിനും ഫെന്‍സിംഗിനും ഇടയില്‍ ചുരുങ്ങിയത് അഞ്ചുമീറ്റര്‍ അകലം നല്‍കണം. കാട്ടുപന്നികള്‍ അസ്വാഭാവികമായി ചാകുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ മൃഗസംരക്ഷണവകുപ്പില്‍ വിവരം അറിയിക്കണം. പന്നിഫാമുകളില്‍ പട്ടുണ്ണികള്‍ അടക്കമുള്ള ബാഹ്യപരാദങ്ങളെ തടയാനുള്ള കീടനാശിനികള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം പ്രയോഗിക്കണം.
കേരളത്തിലെ പന്നിഫാമുകളില്‍ ജോലിചെയ്യുന്ന തൊഴിലാളികളില്‍ വലിയൊരുപങ്ക് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഇവര്‍ക്ക് ആഫ്രിക്കന്‍ പന്നിപ്പനിയെ പറ്റിയും പ്രതിരോധമാര്‍ഗങ്ങളെ കുറിച്ചും ബോധവത്കരണം നടത്തണം. ഫാമിന് അകത്തും പുറത്തും ഉപയോഗിക്കാന്‍ പ്രത്യേകം വസ്ത്രങ്ങളും പാദരക്ഷകളും തൊഴിലാളികള്‍ക്ക് നല്‍കണം. രോഗബാധിതരോ ചത്തതോ ആയ പന്നികളെ കൈകാര്യം ചെയ്യുമ്പോള്‍ ഏപ്രണുകള്‍, കൈയുറകള്‍, ഗംബൂട്ടുകള്‍ തുടങ്ങിയവ ഉപയോഗിക്കണം. സ്വദേശങ്ങളില്‍ നിന്നു മടങ്ങിയെത്തുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തൊഴിലാളികള്‍ക്ക് ഒരാഴ്ച വ്യക്തിഗത ക്വാറന്റൈന്‍ നല്‍കിയ ശേഷമേ അവരെ പന്നിഫാമിനുള്ളില്‍ പ്രവേശിക്കാവൂ.
ഫാമിലെ പന്നികളില്‍ അസ്വാഭാവികരോഗലക്ഷണങ്ങളോ പെട്ടന്നുള്ള മരണമോ ശ്രദ്ധയില്‍ പെട്ടാല്‍ മൃഗാശുപത്രിയില്‍ വിവരം അറിയിക്കണം. രോഗം മറച്ചുവയ്ക്കുന്നതും രോഗം സംശയിക്കുന്ന പന്നികളെ വിറ്റൊഴിവാക്കുന്നതും കശാപ്പ് നടത്തുന്നതും പന്നിവളര്‍ത്തല്‍ മേഖലയെ തന്നെ ഇല്ലാതാക്കുന്ന പ്രവര്‍ത്തികളാണ്.
പന്നികളില്‍ രോഗബാധയുണ്ടായാല്‍ വിവരം സംസ്ഥാന കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. ഫോണ്‍- 0471 27 32151.