സ്വന്തം സഭ സ്ഥാപിക്കാനൊരുങ്ങി അതിരൂപത വൈദിക സമിതി, കടുത്ത നടപടിക്കൊരുങ്ങി വത്തിക്കാൻ; സീറോ-മലബാര്‍ സഭ പിളർപ്പിലേക്ക്

സ്വന്തം സഭ സ്ഥാപിക്കാനൊരുങ്ങി അതിരൂപത വൈദിക സമിതി, കടുത്ത നടപടിക്കൊരുങ്ങി വത്തിക്കാൻ; സീറോ-മലബാര്‍ സഭ പിളർപ്പിലേക്ക്

400 വൈദികർക്കെതിരെ നടപടി എടുക്കാൻ വൈദിക സമിതി വത്തിക്കാനെ വെല്ലുവിളിച്ചു. ഇതോടെ വൈദിക സമിതി യോഗം ബിഷപ്പ് ബോസ്കോ പുത്തൂർ തീരുമാന മെടുക്കാതെ പിരിച്ചു വിടുകയായിരുന്നു
Updated on
2 min read

സീറോ - മലബാർ സഭയിൽ കുർബാന വിവാദം വീണ്ടും ശക്തമാകുന്നു. സഭ പിളർപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ കടുത്ത നടപടിക്കൊരുങ്ങുകയാണ് വത്തിക്കാൻ. സീറോ - മലബാർ സഭക്ക് ഈ മാസം നിർണായകമാണ്.

പിളർപ്പിനൊരുങ്ങി വിമതർ

തങ്ങളെ സീറോ - മലബാർ സഭയിൽ നിന്ന് ഒഴിവാക്കണമെന്ന് എറണാകുളം - അങ്കമാലി അതിരൂപത വൈദിക സമിതി. ഇന്നു ചേർന്ന വൈദിക സമിതി ഇക്കാര്യത്തിൽ പ്രമേയം പാസാക്കി. ജനാഭിമുഖ കുർബാന ഒരു ലിറ്റർജിക്കൽ വേരിയൻ്റായി അംഗീകരിച്ച് നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ബോസ്കോ പുത്തൂർ ൻ്റെ സാന്നിധ്യത്തിലായിരുന്നു പ്രമേയം പാസാക്കൽ.

നടപടിക്കൊരുങ്ങി വത്തിക്കാൻ

എറണാകുളം - അങ്കമാലി അതിരൂപതയിൽ സിനഡ് കുർബാന അർപ്പിക്കാൻ കഴിയാത്തവർക്കെതിരെ കാനോൻ നീയമപ്രകാരം കോടതികൾ ആരംഭിച്ച് ശിക്ഷാ നടപടികൾ നടപ്പാക്കാൻ വത്തിക്കാൻ നിർദേശം. ഇതിനായി പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിൻ്റെ തലവൻ കർദ്ദിനാൾ ക്ലൗദിയോ ഗുജോ റോത്തി അതിരൂപത അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ബോസ്കോ പുത്തൂർന് കത്ത് നൽകി. അതിരൂപത പൊന്തിഫിക്കൽ ഡലഗേറ്റ് ആർച്ച്ബിഷപ്പ് സിറിൽ വാസിലിൻ്റെ നിർദ്ദേശപ്രകാരം ബിഷപ്പ് ബോസ്കോ പുത്തൂർ എറണാകുളം ചുണങ്ങം വേലിയിൽ വിളിച്ച് ചേർത്ത വൈദിക സമിതി യോഗം പരാജയപ്പെട്ടു. 400 വൈദികർക്കെതിരെ നടപടി എടുക്കാൻ വൈദിക സമിതി വത്തിക്കാനെ വെല്ലുവിളിച്ചു. ഇതോടെ വൈദിക സമിതി യോഗം ബിഷപ്പ് ബോസ്കോ പുത്തൂർ തീരുമാനമെടുക്കാതെ പിരിച്ചു വിട്ടു.

സ്വന്തം സഭ സ്ഥാപിക്കാനൊരുങ്ങി അതിരൂപത വൈദിക സമിതി, കടുത്ത നടപടിക്കൊരുങ്ങി വത്തിക്കാൻ; സീറോ-മലബാര്‍ സഭ പിളർപ്പിലേക്ക്
ഒരു രൂപതയ്ക്കും ഇളവില്ല; ഏകീകൃത കുർബാനയിൽ വിട്ടുവീഴ്ചയില്ലെന്ന് സീറോ മലബാർ സഭാ സിനഡ്

ഈ മാസം അവസാനത്തോടെ സീറോ- മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പും സഭയുടെ പെർമനൻ്റ് സിനഡ് അംഗങ്ങളും മാർപാപ്പയെ സന്ദർശിക്കുന്നുണ്ട്. ആ സന്ദർശനത്തിൽ നിലവിലെ സാഹചര്യം മാർപാപ്പായെ അറിയിക്കും. പുതിയ മേജർ ആർച്ച് ബിഷപ് റാഫേൽ തട്ടിലിൻ്റെ ആവശ്യപ്രകാരമായിരുന്നു മാർപാപ്പ അന്ത്യശാസനം നൽകിയിട്ടും, 3 മാസത്തേക്കു കൂടി ജനാഭിമുഖ കുർബാന തുടരാൻ വത്തിക്കാൻ സമ്മതം മൂളിയത്. ആ കാലാവധി ഈ മാസം അവസാനിക്കും. ഇതിനിടെ സീറോ- മലബാർ സഭയുടെ തലവൻ എന്ന നിലയിൽ റാഫേൽ തട്ടിലിനെ കർദ്ദിനാളായി വത്തിക്കാൻ ഉയർത്തേണ്ടതുണ്ട്. അതും ഈ സന്ദർശന വേളയിൽ ഉണ്ടായേക്കും.

സീറോ - മലബാർ സഭയുടെ ആസ്ഥാനം മാറ്റുന്നതും, ടൈറ്റിൽ പുനക്രമീകരിക്കുന്നതും സംബന്ധിച്ച പ്രഖ്യാപനവും ഈ മാസം ഉണ്ടാകും.

പാത്രിയർക്കീസ് പദവി ഉണ്ടാകുമോ

ഈ വിഷയത്തിൽ സീറോ- മലബാർ സഭക്ക് പ്രതീക്ഷ നൽകുന്ന നടപടിയാണ് കഴിഞ്ഞ ദിവസം വത്തിക്കാനിൽ നടന്നത്. ബെനഡിക്റ്റ് പതിനാറാമൻ നിർത്തലാക്കിയ പാശ്ചാത്യ പാത്രിയർക്കീസ് എന്ന റോമൻ മാർപാപ്പയുടെ സ്ഥാനം ഫ്രാൻസീസ് മാർപാപ്പ പുന:സ്ഥാപിച്ചു. ഇതോടെ പുതിയ പാത്രിയർക്കീസ് പദവികൾ സ്ഥാപിക്കുന്നത് സംബന്ധിച്ച ചർച്ചകൾ വീണ്ടും സജിവമായി ട്ടുണ്ട്. കൊടുങ്ങല്ലൂർ അതിരൂപതയുടെ ടൈറ്റിലോടെ സീറോ - മലബാർ സഭ പാത്രിയർക്കൽ പദവിയിലേക്ക് ഉയർത്തപെടുമോ എന്ന ആകാംഷയിലാണ് സഭാ നേതൃത്വം.

സ്വന്തം സഭ സ്ഥാപിക്കാനൊരുങ്ങി അതിരൂപത വൈദിക സമിതി, കടുത്ത നടപടിക്കൊരുങ്ങി വത്തിക്കാൻ; സീറോ-മലബാര്‍ സഭ പിളർപ്പിലേക്ക്
എറണാകുളം- അങ്കമാലി അതിരൂപത ബിഷപ്പ് ചുമതല ഇല്ല, സഭയുടെ പേര് മാറുന്നതില്‍ വ്യക്തത ഉടന്‍: റാഫേല്‍ തട്ടില്‍

എന്നാൽ ഇതിനെ എല്ലാം തള്ളുകയാണ് എറണാകുളം - അങ്കമാലി അതിരൂപത വൈദിക സമിതി.സീറോ മലബാര്‍ സിനഡ് ന്യൂസില്‍ പ്രസിദ്ധികരിച്ചിരിക്കുന്നതുപോലെ സീറോ മലബാര്‍ സഭയുടെ ആസ്ഥാനരൂപത എന്ന അതിരൂപതയുടെ പദവി എടുത്തുകളയാനോ, സഭയുടെ പേരുമാറ്റാനോ, ആസ്ഥാന ദേവാലയം എറണാകുളം സെന്‍റ് മേരീസ് കത്തിഡ്രല്‍ ബസിലിക്കയില്‍ നിന്നും മാറ്റാനും മറ്റുമുള്ള തീരുമാനങ്ങളെയും വൈദിക യോഗം അപലപിക്കുകയും അത്തരം നീക്കളെ ശക്തമായി ചെറുക്കുമെന്നും മാര്‍ ബോസ്കോയെ അറിയിക്കുകയും ചെയ്തു.

മേജർ ആര്‍ച്ചുബിഷപ്പും സംഘവും വത്തിക്കാനിൽ പോകുമ്പോൾ ഏകീകൃത കുര്‍ബാന അര്‍പ്പണരീതി അതിരൂപതയില്‍ നടപ്പാക്കാനുള്ള ഒരു കര്‍മപദ്ധതി അവിടെ അവതരിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ വൈദികയോഗം വിളിച്ചുകൂട്ടിയത്. പക്ഷേ മാര്‍ ബോസ്കോ പുത്തൂര്‍ സമ്മേളനത്തിന്‍റെ ആരംഭത്തിലെ തന്നെ മേജര്‍ ആര്‍ച്ചുബിഷപ്പ് നല്കിയ കത്തിലെ ഏകീകൃത കുര്‍ബാന ചൊല്ലാന്‍ വിസമ്മതിക്കുന്ന വൈദികര്‍ക്കെതിരെ മതകോടതി സ്ഥാപിച്ച് ശിക്ഷാ നടപടികള്‍ കൈകൊള്ളുമെന്ന വാചകം വായിച്ചതോടെ വൈദികര്‍ ഒന്നടങ്കം എന്നാല്‍ എത്രയും വേഗം 450 വൈദികര്‍ക്കെതിരെ ശിക്ഷാനടപടികള്‍ ആരംഭിക്കുന്നതായിരിക്കും ചര്‍ച്ചകള്‍ നടത്തുന്നതിലും ഭേദം എന്ന് അഭിപ്രായപ്പെട്ടു.

സ്വന്തം സഭ സ്ഥാപിക്കാനൊരുങ്ങി അതിരൂപത വൈദിക സമിതി, കടുത്ത നടപടിക്കൊരുങ്ങി വത്തിക്കാൻ; സീറോ-മലബാര്‍ സഭ പിളർപ്പിലേക്ക്
പുതിയ സഭാ തലവന്റെ സ്ഥാനാരോഹണം കത്തീഡ്രലിന് പുറത്ത്, ചരിത്രത്തിൽ ആദ്യം; സീറോ മലബാർ സഭയിൽ അസാധാരണ നടപടികൾ

എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന ഘട്ടം ഘട്ടമായി നടപ്പാക്കാന്‍ ഒരിക്കലും സാധിക്കുകയില്ലെന്ന് 300 ഓളം വൈദീകർ പങ്കെടുത്ത വൈദീക യോഗം ഏകകണ്ഠേന ബോസ്കോ പുത്തൂര്‍ മെത്രാനെ അറിയിച്ചു. ഈ കാര്യം റോമിനെ അറിയിക്കുകയാണ് ബോസ്കോ മെത്രാന്‍ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററെന്ന നിലയില്‍ ചെയ്യേണ്ടതെന്ന് വൈദികര്‍ അദ്ദേഹത്തെ ഓര്‍മപ്പെടുത്തി.

logo
The Fourth
www.thefourthnews.in