ടിപി വധക്കേസ്; അപ്പീലുകളിൽ ഹൈക്കോടതിയിൽ വാദം തുടങ്ങി

ടിപി വധക്കേസ്; അപ്പീലുകളിൽ ഹൈക്കോടതിയിൽ വാദം തുടങ്ങി

ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച അപ്പീലും കോടതിയുടെ പരിഗണനയിലുണ്ട്
Updated on
1 min read

ടി.പി.ചന്ദ്രശേഖരൻ വധക്കേസുമായി ബന്ധപ്പെട്ട വിവിധ അപ്പീലുകളിൽ ഹൈക്കോടതിയിൽ വാദം തുടങ്ങി. പ്രതികളെ വെറുതെ വിട്ടതിനെതിരെ സർക്കാരും സി പി എം നേതാവ് പി.മോഹനൻ ഉൾപ്പെടെയുള്ള പ്രതികളെ വെറുതെ വിട്ട നടപടി ചോദ്യം ചെയ്തും മറ്റ് പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്നാവശ്യപെട്ടു ടി.പി.ചന്ദ്രശേഖരൻ്റെ ഭാര്യ കെ.കെ.രമ നൽകിയ അപ്പീലുകളിലുമാണ്‌ കോടതി വാദം കേൾക്കുക. ജസ്റ്റിസുമാരായ ഡോ. എകെ ജയശങ്കരന്‍ നമ്പ്യാര്‍, ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

അതേസമയം ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച അപ്പീലും കോടതിയുടെ പരിഗണനയിലുണ്ട്. അപ്പീൽ ഹർജികളിന്മേൽ എതിർ കക്ഷികൾക്ക് നേരത്തെ ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.

പ്രതികൾ എത്ര പേരാണെന്ന് പോലും ക്യത്യമായി എഫ്.ഐ.ആറിലില്ല. ഗൂഡാലോചനയുടെ ഫലമായാണ് പലരെയും പ്രതിചേർത്തത്. പ്രൊസിക്യൂഷന്‍ ഉയര്‍ത്തിയ പല ആക്ഷേപങ്ങളും വിചാരണ കോടതി നിരാകരിച്ചതാണെന്നാണെന്നും പ്രതിയായ അനൂപിന് വേണ്ടി ഹാജരായ അഡ്വ ബി രാമന്‍ പിള്ള വാദിച്ചു. ഗൂഡാലോചന കേസില്‍ മൂന്ന് പ്രതികള്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ഇതിലെ ഏക സാക്ഷി ഗൂഡാലോചന നേരിട്ട് കണ്ടതായി പറയുന്നില്ലെന്നുമാണ് പ്രതികളുടെ വാദം.

2012 മെയ് നാലിനാണ് ഒഞ്ചിയത്തെ ആര്‍എംപി നേതാവായ ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. 2014ൽ പ്രത്യേക അഡീഷണൽ സെഷൻസ് ജഡ്ജി ആർ. നാരായണപിഷാരടി കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് സി.പി.എം. നേതാക്കൾ ഉൾപ്പെടെ 11 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. മറ്റൊരു പ്രതിയെ മൂന്നുവർഷം കഠിനതടവിനും ശിക്ഷിച്ചു.

സി.പി.എം. വിമതനും ആർ.എം.പി. നേതാവുമായിരുന്ന ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിനുകാരണം രാഷ്ട്രീയ വൈരാഗ്യമാണെന്ന് പ്രത്യേക അഡീഷണൽ സെഷൻസ് കോടതി വിധിന്യായത്തിൽ നിരീക്ഷിച്ചിരുന്നു. സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കേസിലെ 14-ാം പ്രതിയുമായ പി. മോഹനനെതിരെ തെളിവുകൾ ഇല്ലാത്തതുകൊണ്ട് കീഴ് കോടതി ഇയാളെ കുറ്റവിമുക്തനാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in