തമിഴ്നാടിന്റെ അരിക്കൊമ്പന്‍ ദൗത്യം നാളെയ്ക്ക് മാറ്റിയേക്കും, കമ്പം മേഖലയില്‍ നിരോധനാജ്ഞ
തമിഴ്‌നാട്ടിലെ കമ്പം മേഖലയില്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ അരിക്കൊമ്പനെ പിടികൂടാനുള്ള തമിഴ്‌നാട് വനം വകുപ്പിന്റെ ദൗത്യം ഇന്നുണ്ടായേക്കില്ല. കുങ്കി ആനകള്‍ ഉള്‍പ്പെടെ എത്താന്‍ വൈകുന്നതാണ് നടപടി നീളാന്‍ കാരണമാകുന്നത്. ആനമലയില്‍ നിന്ന് മൂന്ന് കുങ്കിയാനകളെയാണ് അരിക്കൊമ്പന്‍ ദൗത്യത്തിനായി കമ്പത്ത് എത്തിക്കുന്നത്. ചിന്നക്കനാലില്‍ നിന്നും പെരിയാറിലേക്ക് മാറ്റിയ അരിക്കൊമ്പന്‍ എന്ന കാട്ടാന രാവിലെയോടെയാണ് തമിഴ്‌നാട് കമ്പം ടൗണില്‍ എത്തിയത്.
കുങ്കിയാനകളെ ഉടന്‍ കമ്പത്ത് എത്തിക്കുമെന്ന് ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ശ്രീനിവാസ റെഡ്ഢി അറിയിച്ചു
നഗരത്തില്‍ ഭീതി പടത്തി നിലയുറപ്പിച്ച ആനയെ തിരികെ കാട്ടിലേക്ക് കയറ്റിവിടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നിലെയാണ് അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടാന്‍ തമിഴ്‌നാട് വനം വകുപ്പ് ഉത്തരവിട്ടത്. ആനയെ നിരീക്ഷിക്കാന്‍ അതിര്‍ത്തിയില്‍ പ്രത്യേക സംഘത്തെയും തമിഴ്‌നാട് നിയോഗിച്ചിട്ടുണ്ട്. പോലീസ് - റവന്യൂ- അഗ്‌നിശമന സേന അംഗങ്ങള്‍ സംയുക്തമായാണ് ആനയെ നിരീക്ഷിക്കുന്നത്.
അരിക്കൊമ്പന്‍ പ്രശ്‌നക്കാരനാണെന്ന് വ്യക്തമാക്കിയാണ് മയക്കുവെടിവച്ച് പിടികൂടാനുള്ള ഉത്തരവ് തമിഴ്‌നാട് വനംവകുപ്പ് പുറപ്പെടുവിച്ചത്. ആന ജനവാസ കേന്ദ്രത്തില്‍ തുടര്‍ന്നാള്‍ ജന ജീവിതത്തെ ബാധിക്കുമെന്നും വനം വകുപ്പ് ചൂണ്ടിക്കാട്ടുന്നു. പിടികൂടുന്ന ആനയെ കൂട്ടിലയ്ക്കില്ലെന്നും, ഉള്‍ക്കാട്ടില്‍ തുറന്നുവിടാനാണ് തീരുമാനം. അരിക്കൊമ്പന്‍ ദൗത്യത്തിന്റെ ഭാഗമായി കമ്പം മേഖലയില്‍ നിരോധനാജ്ഞ ഉള്‍പ്പെടെ പ്രഖ്യാപിച്ചിട്ടുണ്ട്. മേഘമല സിസിഎഫിനാണ് ദൗത്യത്തിന്റെ ചുമതല.
ആനയെ ശ്രീവല്ലി പുത്തൂര്‍-മേഘമലൈ ടൈഗര്‍ റിസര്‍വിലേക്ക് മാറ്റണമെന്ന നിര്‍ദ്ദേശമാണ് ഇന്ന് വനംവകുപ്പ് പുറത്തിറക്കിയ ഉത്തരവിലുള്ളത്. ആനയുടെ ആരോഗ്യനിലയുള്‍പ്പടെ പരിഗണിച്ചു വേണം ദൗത്യം നടത്താനെന്നും ഉത്തരവില്‍ പറയുന്നു. കുങ്കിയാനകളെ ഉടന്‍ കമ്പത്ത് എത്തിക്കുമെന്ന് ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ശ്രീനിവാസ റെഡ്ഢി അറിയിച്ചു.
ജനവാസ കേന്ദ്രത്തില്‍ നിന്നും പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെ കമ്പം-കമ്പംമേട് ബൈപ്പാസിലൂടെ ആന ഗൂഡല്ലൂര്‍ ഭാഗത്തേക്ക് ഓടുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്തെ പുളിമരത്തോട്ടത്തിൽ നിലയുറപ്പിച്ച ആനയെ ഇവിടെ വച്ച് മയക്കുവെടിവച്ച് പിടികൂടാനായിരുന്നു തമിഴ്നാട് വനംവകുപ്പിന്റെ പദ്ധതി. എന്നാല്‍ ആള്‍ക്കുട്ടം ഡ്രോണ്‍ ഉള്‍പ്പെടെയുള്ളവയുമായി പിന്തുടര്‍ന്നതോടെ പുളിമരത്തോട്ടത്തിൽനിന്ന് പുറത്തിറങ്ങുകയായിരുന്നു. നിലവിൽ ജനവാസ മേഖലയ്ക്കു സമീപം കൃഷിത്തോട്ടത്തിലാണ് ആനയുള്ളത്.
ആന നിൽക്കുന്ന പ്രദേശത്തേക്ക് ജനങ്ങൾ എത്താതിരിക്കുന്നതിന് ശക്തമായ ക്രമീകരണങ്ങളാണ് പ്രദേശത്ത് പോലീസ് ഒരുക്കിയിരിക്കുന്നത്. ബൈപാസ് റോഡ് പോലീസ് ഇപ്പോൾ അടച്ചിരിക്കുകയാണ്. ഇപ്പോഴുള്ള പ്രദേശത്തുനിന്ന് ആന കമ്പംമേട് വനമേഖലയിലേക്ക് നീങ്ങാനും സാധ്യതയുള്ളതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
നിലവില്‍ ചിന്നക്കനാല്‍ ഭാഗത്തേക്ക് തന്നെയാണ് അരിക്കൊമ്പന്‍ നീങ്ങുന്നത്. കമ്പത്ത് നിന്നും ചിന്നക്കനായിലേക്ക് ഏകദേശം 88 കിലോമീറ്റര്‍ ദൂരമാണുളളത്. 18 കിലോമീറ്ററാണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ള പ്രദേശത്തുനിന്ന് കുമളിയിലേക്കുള്ള ദൂരം ചിന്നക്കനാല്‍ ജനവാസ മേഖലയിലേക്കുളള ആനയുടെ സഞ്ചാരം തടയുമെന്നുതന്നെയാണ് വനം വകുപ്പിന്റെ നിലപാട്.