താനൂർ കസ്റ്റഡി മരണം: ശരീരത്തിൽ 21 മുറിവുകൾ, മരണകാരണം മുറിവുകളും ശ്വാസകോശത്തിലുണ്ടായ രക്തസ്രാവവും
മലപ്പുറം താനൂരിൽ പോലീസ് മർദിച്ച് കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന താമിർ ജിഫ്രിയുടെ മരണകാരണം ശ്വാസകോശത്തിലുണ്ടായ അമിത രക്തസ്രാവവും ശരീരത്തിലുണ്ടായ മുറിവുകളുമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ദണ്ഡുപയോഗിച്ച് അടിച്ചതിനെ തുടർന്ന് ആഴത്തിലുള്ള മുറിവുകൾ ശരീരത്തിലുണ്ടായി. തുടകൾക്ക് പിറകിലും ഇടതുകാലിന്റെ അടിഭാഗത്തും മാരകമായി അടിയേറ്റതിന്റെ പാടുകളും മുറിവുകളുമുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി ആകെയുള്ളത് 21 മുറിവുകളാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.
മൃതദേഹം ഫ്രീസറിൽ സൂക്ഷിക്കാത്തതും ഗുരുതരവീഴ്ചയായി റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ടിനായി മലപ്പുറം ജില്ലാ കളക്ടറെയും താനൂർ പോലീസിനെയും ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. തുടർന്ന് കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് റിപ്പോർട്ട് കുടുംബത്തിന് ലഭിച്ചത്.
ആയുധം ഉപയോഗിച്ച് മർദിച്ചതിനെത്തുടർന്നാണ് ശരീരത്തിൽ അഞ്ച് മുറിവുകളുണ്ടായിട്ടുള്ളത്. സിലിണ്ടർ ഉപയോഗിച്ച് അടിയേറ്റതാണ് നാലോളം മുറിവുകൾ. ആമാശയത്തിൽ രണ്ട് പ്ലാസ്റ്റിക്ക് കവറുകൾ കണ്ടെത്തിയിരുന്നു. അതിൽ തവിട്ട് നിറത്തിലുള്ള ദ്രാവകം ഉണ്ടായിരുന്നെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.
പ്രതി പോലീസോ?
പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ താനൂരിലെ പോലീസ് ക്വാട്ടേഴ്സിൽ വച്ച് താമിറിന് മർദനമേറ്റുവെന്ന ആരോപണം ബലപ്പെടുകയാണ്. പോലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയതും പോലീസ് കുടുംബത്തെ അറിയിച്ചതുമായ കാര്യങ്ങൾ വാസ്തവമല്ലെന്ന നിഗമനത്തിലേക്കാണ് വിരൽചൂണ്ടുന്നത്. താമിർ ജിഫ്രിയുടെ മരണത്തെ സംബന്ധിച്ചും മയക്കുമരുന്നുമായി പിടികൂടിയതിനുമായി രണ്ട് എഫ്ഐആറുകളായിരുന്നു പോലീസ് രജിസ്റ്റർ ചെയ്തിരുന്നത്. എഫ്ഐആറിൽ പറഞ്ഞ കാര്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങളാണ് പുറത്തുവരുന്നത്.
താനൂർ ദേവധാർ മേൽപാലത്തിന് സമീപത്തുവച്ചാണ് താമിറിനെയും സംഘത്തെയും പിടികൂടിയതെന്നാണ് പോലീസ് രേഖപ്പെടുത്തിയത്. എന്നാൽ ചേളാരിയിൽനിന്നാണ് പിടികൂടിയതെന്ന സംശയം നിലനിൽക്കുന്നുണ്ട്. ഇവരെ പിടികൂടിയ സമയത്ത് താനൂർ പോലീസിനൊപ്പം ഡാൻസാഫ് സംഘമുണ്ടായിരുന്നു. എന്നാൽ ഇതേകുറിച്ച് എഫ്ഐആറിൽ പറയുന്നില്ല.
മരണവിവരം കുടുംബത്തെ അറിയിക്കാൻ വൈകിയതും പോലീസിനെ തന്നെയാണ് സംശയത്തിന്റെ നിഴലിലാക്കുന്നത്. മലപ്പുറം എസ്പി സുജിത് ദാസിനെ മാറ്റി നിർത്തി കേസ് അന്വേഷിക്കണമെന്നാണ് എംഎൽഎമാർ ഉൾപ്പെടെയുള്ളവരുടെ ആവശ്യം. കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി. സംഭവത്തിൽ താനൂർ സ്റ്റേഷനിലെ എട്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു.