ബോട്ട് ഉടമ ഒളിവിൽ, സഹോദരനും അയൽവാസിയും കസ്റ്റഡിയിൽ; മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
മലപ്പുറം താനൂരിൽ ബോട്ട് മറിഞ്ഞ് 22 പേർ മരിച്ച സംഭവത്തിൽ ബോട്ട് ഉടമയായ താനൂർ സ്വദേശി നാസറിനായുള്ള തിരച്ചിൽ ശക്തമാക്കി. നാസറിനെതിരെ നരഹത്യാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ സഹോദരൻ സലാം, അയൽവാസി മുഹമ്മദ് ഷാഫി എന്നിവരെ കൊച്ചിയിൽ പാലാരിവട്ടം പോലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ബാലവകാശ കമ്മിഷൻ അടിയന്തര റിപ്പോർട്ട് തേടി. അപകടത്തിൽ പരുക്കേറ്റ് കോട്ടക്കൽ മിംസ് ആസ്പത്രിയിൽ ചികിത്സയിലുള്ളവരെ ആരോഗ്യ മന്ത്രി വീണ ജോർജ് സന്ദർശിച്ചു. അതേസമയം, ബോട്ട് അപകടം നടന്ന സ്ഥലത്ത് നടപടിക്രമങ്ങളുടെ ഭാഗമായി ഇന്നും നാളെയും എൻഡിആർഎഫ് തിരച്ചിൽ തുടരും.
ഇന്നലെ അപകടം നടന്നയുടൻ ബോട്ട് ഉടമ നാസർ ഒളിവിൽ പോയിരുന്നു. പാലാരിവട്ടത്ത് പോലീസിന്റെ വാഹന പരിശോധനയിക്കിടെയാണ് നാസറിന്റെ വാഹനമടക്കം കസ്റ്റഡിയിലെടുത്തത്. സഹോദനും സംഘവും എറണാകുളത്ത് എത്തിയത് മുൻകൂർ ജാമ്യത്തിന് ശ്രമിക്കാനാണെന്നാണ് വിവരം. അന്വേഷണം ഊര്‍ജിതമാണെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും മലപ്പുറം എസ്പി സുജിത് ദാസ് അറിയിച്ചു.
നാസറിന്റെ ഫോൺ കോളുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ഇതിനിടെ പോലീസിനെ തെറ്റിദ്ധരിപ്പിക്കാനും ഒളിവിലുള്ള ബോട്ടുടമ ശ്രമിച്ചതായാണ് വിവരം. നാസറിൻ്റെ ഫോൺ സഹോദരന്റെ കൈയിലാണെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം.
ഏറെക്കാലമായി വിദേശത്തായിരുന്ന നാസർ നാട്ടിൽ തിരിച്ചെത്തിയശേഷമാണ് ബോട്ട് സർവിസ് ആരംഭിച്ചത്. മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് അറ്റ്‌ലാന്റിക് ബോട്ട് വിനോദയാത്ര നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബോട്ടിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച കാര്യങ്ങളടക്കം പോലീസ് പരിശോധിക്കും. തുറമുഖ വകുപ്പ്, ഇന്‍ലാന്റ് നാവിഗേഷന്‍ എന്നിവരുടെ ലൈസന്‍സ് ബോട്ടിന് ഉണ്ടെന്നാണ് പോലീസിന് കിട്ടിയ പ്രാഥമിക വിവരം. ലൈസന്‍സ് നമ്പറും ബോട്ടില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
അതേസമയം, സംഭവത്തിൽ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ആലപ്പുഴ ചീഫ് പോർട്ട് സർവേയറും പത്ത് ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് നിർദേശിച്ചു. മേയ് 19ന് തിരൂരിൽ നടക്കുന്ന സിറ്റിങിൽ കേസ് പരിഗണിക്കും.
ബോട്ടപകടത്തിൽ നിരവധി കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ ബാലവകാശ കമ്മിഷൻ ചെയർപേഴ്‌സൺ കെ വി മനോജ് കുമാർ അടിയന്തര റിപ്പോർട്ട് തേടി. കൃത്യമായ വിവരം രേഖപ്പെടുത്താതെയും വേണ്ടത്ര ജീവൻ സുരക്ഷാക്രമീകരണങ്ങൾ ഉറപ്പാക്കാതെയും കുട്ടികളെ ബോട്ടിൽ കയറ്റാൻ പാടില്ലെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി. സംഭവത്തിൽ മലപ്പുറം കലക്ടർ, പരപ്പനങ്ങാടി, മുൻസിപ്പൽ ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ഡിറ്റിപിസി സെക്രട്ടറി എന്നിവരോട് അടിയന്തര റിപ്പോർട്ട് നൽകാൻ കമ്മീഷൻ നിർദേശം നൽകി.
ഇന്നലെ രാത്രിയാണ് മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് അപകടത്തിൽപ്പെട്ടത്. ദുരന്തത്തിൽ 22 പേർക്കാണ് ജീവൻ നഷ്ടമായത്. മരിച്ചവരിൽ ഏറെയും കുട്ടികളാണ്. ഏകദേശം ആറരമണിയോടെയായിരുന്നു ബോട്ട് അപകടത്തിൽ പെട്ടത്. അഞ്ചുമണി വരെ മാത്രമായിരുന്നു ഈ പ്രദേശത്ത് ബോട്ട് യാത്രയ്ക്ക് അനുമതി ഉണ്ടായിരുന്നത്. ഇരുപത് പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന ബോട്ടിലാണ് നാല്പതോളം പേരെ കയറ്റിയത്. ഈ മാനദണ്ഡങ്ങളെല്ലാം മറികടന്നായിരുന്നു ബോട്ട് യാത്ര.
അപകടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമഗ്ര ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. സാങ്കേതിക വിദഗ്ധരടങ്ങുന്ന ജുഡീഷ്യൽ കമ്മിഷനെ സര്‍ക്കാര്‍ നിയമിക്കും. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് പൂര്‍ണമായും സർക്കാർ വഹിക്കും.