'കണ്ണടച്ചിരിക്കാനാകില്ല'; താനൂർ ദുരന്തത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
താനൂര്‍ ബോട്ടപകടം സംബന്ധിച്ച് സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. സംഭവത്തില്‍ മലപ്പുറം ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടി. നിയമത്തെയും സംവിധാനങ്ങളെയും ഭയമില്ലാത്തതാണ് ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്നും കോടതി പറഞ്ഞു.
നാട്ടുകാര്‍ സ്വന്തം ജീവന്‍ പണയംവച്ചാണ് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയതെന്നും ഇവരെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും മലയാളികളുടെ പ്രത്യേകതയാണിതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.
കുട്ടികളടക്കം 22 പേര്‍ മരിച്ചത് കണ്ട് കണ്ണടച്ചിരിക്കാനാകില്ല. സംഭവം ഏറെ വേദനിപ്പിക്കുന്നു. ബോട്ട് ഓപറേറ്റര്‍ മാത്രമല്ല ഉത്തരവാദി. ഇത്തരത്തില്‍ സര്‍വീസ് നടത്താന്‍ ഇയാള്‍ക്ക് സഹായം കിട്ടിയിട്ടുണ്ടാകും.
ഇത്തരം സംഭവം കേരളത്തില്‍ ആദ്യമല്ല. നിരവധി അന്വേഷണങ്ങളും കണ്ടെത്തലുകളും പരിഹാരനിര്‍ദേശങ്ങളും മുന്‍പും ഉണ്ടായിട്ടുണ്ട്. പക്ഷേ എല്ലാവരും എല്ലാം മറക്കുന്നു. കുറേ വര്‍ഷങ്ങള്‍ക്കുശേഷം സമാനസംഭവം ആവര്‍ത്തിക്കപ്പെടുന്നുവെന്നും കോടതി പറഞ്ഞു.
താനൂര്‍ മുനിസിപ്പാലിറ്റിക്ക് ഇതില്‍ ഉത്തരവാദിത്വമുണ്ട്. ഇപ്പോഴുള്ള ദുരന്തം മറന്നാല്‍ ഇനിയും ഇത് ആവര്‍ത്തിക്കും. സ്വമേധയാ കേസെടുക്കുന്നത് അതിനാലാണ്. മരിച്ചവരുടെ കുടുംബത്തിന് കരച്ചില്‍ കേട്ടിട്ട് പറയാന്‍ വാക്കുകളില്ല. എന്താണ് ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നത്. അന്വേഷണം നടക്കും, റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കും. എന്നാല്‍ നടപടിയുണ്ടാകാറില്ല. കൊച്ചി മറൈന്‍ ഡ്രൈവിലുള്ള ബോട്ടുകളെപ്പറ്റി പരിശോധനയുണ്ടോയെന്നും കോടതി ചോദിച്ചു.
ഉദ്യോഗസ്ഥര്‍ എന്തുകൊണ്ട് കണ്ണടയ്ക്കുന്നു? പോലീസ് ഉള്‍പ്പടെ നിരവധി ഉദ്യോഗസ്ഥരില്ലേ? കോടതി പറയുന്നതെല്ലാം കുറ്റമായി കാണരുത്. എന്താണ് ഉദ്യോഗസ്ഥര്‍ മൗനം പാലിക്കുന്നത്?മരിച്ചവരുടെ കുടുംബങ്ങളക്ക് നഷ്ടപരിഹാരം നല്‍കിയതുകൊണ്ട് കാര്യമില്ല. ജീവന്‍ നഷ്ടപ്പെടാതെ നോക്കണം. പണം സുരക്ഷയ്ക്കായി വേണം ചെലവഴിക്കേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു.