Teachers Day- അറിവിന്റെ വെളിച്ചത്തില്‍ വിദ്യപകരുന്ന കൃഷ്ണന്‍ മാഷ്

കല്‍പ്പറ്റ ഗവണ്‍മെന്റ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ കൃഷ്ണന്‍ മൂതിമൂല അകകണ്ണിന്റെ വെളിച്ചത്തില്‍ മുന്നേറാന്‍ തനിക്ക് സഹായം നല്‍കിയവരെകുറിച്ച് ഗവേഷണം പൂര്‍ത്തീകരിച്ച് ഡോക്ടേറ്റ് നേടി

അന്ധതയെ തോല്‍പ്പിച്ച് ഇഷ്ടപ്പെട്ട വിഷയത്തില്‍ ഡോക്ടറേറ്റ് നേടുക. അതും കാഴ്ചപരിമിതി നേരിടുന്ന പ്രൊഫസറുടെ കീഴില്‍ ഗവേഷണം നടത്തി. അധ്യാപക ദിനത്തില്‍ അങ്ങിനെ ഒരാളെ പരിചയപ്പെടാം. കല്‍പ്പറ്റ ഗവണ്‍മെന്റ് കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ അസിസ്റ്റന്റ് പ്രൊഫസര്‍ കൃഷ്ണന്‍ മൂതിമൂല ആണ് അകകണ്ണിന്റെ വെളിച്ചത്തില്‍ മുന്നേറാന്‍ തനിക്ക് സഹായം നല്‍കിയവരെകുറിച്ച് ഗവേഷണ പ്രബന്ധം പൂര്‍ത്തീകരിച്ച് ഡോക്ടേറ്റ് നേടിയത്.

വിദ്യാര്‍ത്ഥികള്‍ സാക്ഷ്യപ്പെടുത്തും പോലെ കൃഷ്ണന്‍ മാഷ് കാഴ്ചപരിമിതനാണെന്ന തോന്നല്‍ ചുറ്റുമുള്ളവര്‍ക്ക് ഒരിക്കലും ഉണ്ടായിട്ടില്ല. കടന്നു വന്ന വഴികള്‍ അത്രമേല്‍ കഷ്ടത നിറഞ്ഞതായിരുന്നു. അതിജീവിക്കാന്‍ തുണയായത് പ്രോത്സാഹനവുമായി കൂടെ നിന്ന അച്ഛനമ്മമാരും കുടുംബവുമാണ്. അകകണ്ണിന്റെ വെളിച്ചത്തിലൂടെ വിജയം നേടാന്‍ വഴിയൊരുക്കിയ സന്നദ്ധ സംഘടനകള്‍. കേരളാ ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡ് എന്ന സംഘടനയെ മുന്‍നിര്‍ത്തി കാഴ്ചപരിമിതരുടെ ശാക്തീകരണത്തിന് സന്നദ്ധ സംഘടകളുടെ പങ്ക്- എന്ന വിഷയത്തില്‍ മൈസൂര്‍ സര്‍വ്വകലാശാലയില്‍ ഗവേഷണം നടത്തുമ്പോള്‍ അനുഭവങ്ങള്‍ തന്നെയായിരുന്നു വലിയ പാഠം. കാഴ്ചപരിമിതി നേരിടുന്ന പ്രൊഫസര്‍ കൃഷ്ണ ഹാമ്പളിനെ ഗൈഡ് ആയി തെരഞ്ഞെടുത്തതും ആഗസ്മികമായിരുന്നില്ല. സമാന വെല്ലുവിളികള്‍ നേരിട്ടവര്‍ക്ക് പരസ്പരം മനസ്സിലാക്കാന്‍ കഴിയുന്നത് ഗവേഷണത്തിന് ഗുണം ചെയ്തു.

ഇച്ഛാശക്തിയുണ്ടെങ്കില്‍ പരിമിതികള്‍ ഉന്നത പഠനത്തിന് ഒരു തടസ്സമല്ലെന്ന് കൃഷ്ണന്‍ മാഷ് പറയുന്നു. രണ്ടര വയസ്സിലാണ് കൃഷ്ണന്‍ മാസ്റ്ററുടെ കാഴ്ച നഷ്ടമാകുന്നത്. പിന്നീട് മലപ്പുറം മങ്കടയിലെ സ്‌പെഷ്യല്‍ സ്‌കൂളുകളിലാണ് പഠനം പൂര്‍ത്തീകരിച്ചത്. കുടുംബത്തോടൊപ്പം വയനാട് മീനങ്ങാടിയിലാണ് താമസം.

ദീര്‍ഘകാലം സ്‌കൂള്‍ അധ്യാപകനായി ജോലി ചെയ്ത ശേഷമാണ് 2012ല്‍ കല്‍പ്പറ്റ ഗവണ്‍മെന്റ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായി എത്തിയത്. കേരളാ ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡ് ഭാരവാഹിയുമാണ്. മൊബൈല്‍ ഫോണ്‍ അടക്കം നവ സാങ്കേതികവിദ്യയുടെ വളര്‍ച്ച കാഴ്ചവെല്ലുവിളികള്‍ നേരിടുന്നവരുടെ ശാക്തീകരണത്തിന് നിലവില്‍ ഏറെ പ്രയോജനം ചെയ്യുന്നുണ്ടെന്ന് കൃഷ്ണന്‍ മാഷ് പറയുന്നു. ഗവേഷണ പ്രബന്ധത്തില്‍ ഇക്കാര്യവും വിശദമായി പ്രതിപാദിക്കുന്നുണ്ട്. പ്രബന്ധത്തിന്റെ ബ്രയിലിയില്‍ തയ്യാറാക്കിയ പകര്‍പ്പാണ് യൂണിവേഴ്‌സിറ്റിയില്‍ അവതരിപ്പിച്ചത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in