എംപ്ലോയ്മെന്റ് വഴിയുള്ള നിയമനത്തിന് വിലയില്ലേ? മിൽമ കാലിത്തീറ്റ ഫാക്ടറിയില്‍ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടല്‍

എംപ്ലോയ്മെന്റ് വഴിയുള്ള നിയമനത്തിന് വിലയില്ലേ? മിൽമ കാലിത്തീറ്റ ഫാക്ടറിയില്‍ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടല്‍

ഒരു വിഭാഗത്തെ പിരിച്ചുവിടുമ്പോള്‍, കഴിഞ്ഞ മാസം മുതൽ ഫാക്ടറിയിൽ ചില പിന്‍വാതില്‍ നിയമനങ്ങളും നടക്കുന്നു
Updated on
2 min read

മിൽമയുടെ കീഴിൽ പ്രവർത്തിക്കുന്ന പാലക്കാട് മലമ്പുഴയിലെ കാലിത്തീറ്റ ഫാക്ടറിയിലെ 58 താത്കാലിക ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ച് വിടാന്‍ നീക്കം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഫാക്ടറിയിൽ താത്കാലിക ജോലിക്കെടുത്ത ചിലരെയാണ് പിരിച്ചുവിട്ടത്. ആറ് മാസത്തെ കരാറിന്റെ അടിസ്ഥാനത്തില്‍ ജോലിക്കെത്തിയവരോടാണ് കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പായി പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടത്. ഫാക്ടറി നഷ്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് മനുഷ്യത്വരഹിതമായ നടപടി. പിരിച്ചുവിടാനുള്ള തക്കതായ കാരണം വ്യക്തമാക്കാൻ ഫാക്ടറി അധികൃതർ തയ്യാറായിട്ടില്ല. ഇതോടെ കംപ്ലീഷൻ സർട്ടിഫിക്കറ്റ് കിട്ടാത്ത ഈ 58 പേരുടെ ഭാവി അവതാളത്തിലായിരിക്കുകയാണ്.

ഒരു വിഭാഗത്തെ പിരിച്ചുവിടുമ്പോള്‍, കഴിഞ്ഞ മാസം മുതൽ ഫാക്ടറിയിൽ മറ്റു ചില നിയമനങ്ങൾ നടന്നതായി എംപ്ലോയ്മെന്റ് വഴി താത്കാലിക നിയമനം ലഭിച്ചവര്‍ ആരോപിക്കുന്നു. ഇങ്ങനെ നിയമിതരായവർക്ക് രജിസ്‌ട്രേഷൻ വഴി വന്നവരേക്കാൾ മുൻഗണന നൽകുകയും അവരുടെ ജോലി സമയം അടക്കമുള്ള കാര്യങ്ങളിൽ അനൂകൂലമായ നയം സ്വീകരിക്കുകയും ചെയ്തതായും ആരോപണമുണ്ട്. ഫാക്ടറി അധികൃതരുടെ താല്പര്യങ്ങൾ മുൻ നിർത്തിയാണ് ഈ നിയമനങ്ങൾ നടന്നിരിക്കുന്നത്. ഈ പിൻവാതിൽ നിയമനങ്ങൾ കാരണമാണ് താത്കാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടി ഇപ്പോൾ സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം.

'' നിയമന ഉത്തരവിൽ എപ്പോൾ വേണമെങ്കിലും പിരിച്ച് വിടാം എന്ന് നിബന്ധന വെച്ചിരുന്നതാണ്. പക്ഷേ, ഇപ്പോഴത്തെ പിരിച്ചുവിടലിന്റെ യഥാര്‍ഥ കാരണം വ്യക്തമാക്കണം എന്നാണ് ഞങ്ങളുടെ ആവശ്യം. ഇപ്പോൾ തന്നിരിക്കുന്ന അറിയിപ്പിൽ പിരിച്ചുവിടുന്നു എന്ന് മാത്രമാണ് പറയുന്നത്. ഇപ്പോൾ നൽകുന്ന പിരിച്ചുവിടല്‍ സർട്ടിഫിക്കറ്റ് സാധുതയുള്ളതല്ല. ആറ് മാസം പൂർത്തിയാക്കി എന്ന് സർട്ടിഫിക്കറ്റിൽ സൂചിപ്പിക്കാത്ത പക്ഷം അത് ജീവനക്കാർക്ക് എംപ്ലോയീ രജിസ്ട്രേഷനിൽ ചേർക്കാൻ സാധിക്കില്ല. ഇത് ഭാവിയില്‍ ജോലി ലഭിക്കുന്നതിനുള്ള സാധ്യതകളെ പ്രതികൂലമായി ബാധിക്കും.'' - എംപ്ലോയ്മെന്റ് വഴി നിയമനം ലഭിച്ചവര്‍ ചൂണ്ടിക്കാട്ടുന്നു.

"എംപ്ലോയീ രജിസ്‌ട്രേഷൻ വഴി ജോലി നേടിയവർക്ക് 179 ദിവസമാണ് ജോലി ചെയ്യേണ്ട പരിധി. ഇപ്പോൾ പിരിച്ചുവിട്ട ആളുകളിൽ ഒരു മാസമോ രണ്ട് മാസമോ മാത്രം ജോലി ചെയ്തവരുണ്ട്. മറ്റ് ജോലികൾ ഉപേക്ഷിച്ചാണ് ഞങ്ങൾ ഇങ്ങോട്ട് വന്നത്. ഒരു സുപ്രഭാതത്തിൽ ഇവിടെ നിന്ന് ഇറങ്ങണം എന്ന് പറഞ്ഞതോടെ ഈ 58 പേർ വഴിയാധാരമായില്ലേ? കംപ്ലീഷൻ സർട്ടിഫിക്കറ്റ് കിട്ടിയാൽ മാത്രമേ ഞങ്ങൾക്ക് എംപ്ലോയ്മെന്റ് രജിസ്ട്രേഷനിൽ അത് ഉപയോഗിക്കാൻ കഴിയൂ. ഇല്ലെങ്കിൽ ഞങ്ങളുടെ ഭാവിയെ അത് പ്രതികൂലമായി ബാധിക്കും " - താത്കാലിക ജീവനക്കാരനായ സതീഷ് 'ദ ഫോർത്തി'നോട് പറഞ്ഞു. 535 രൂപ ദിവസവേതനത്തിനാണ് താത്ക്കാലിക ജീവനക്കാർ ജോലി ചെയ്തിരുന്നത്. എന്നാൽ മറ്റുവഴികളിൽ സ്ഥിര നിയമനം നേടിയ ആളുകളേക്കാള്‍ കഠിനമായ ജോലികളാണ് ഇവർ ചെയ്യേണ്ടി വന്നിരുന്നത്.

ആറ് മാസം പൂർത്തിയാക്കിയ ജീവനക്കാരെ കൊണ്ട് വെള്ള സ്റ്റാമ്പ് പേപ്പറുകളിൽ ഒപ്പ് വെപ്പിച്ചതായും ഇവർ ആരോപിക്കുന്നു. പേപ്പറിൽ എന്താണ് എഴുതിച്ചേർക്കുക എന്നതിനെക്കുറിച്ച് ആര്‍ക്കും ധാരണയില്ല.

കളക്ടറുൾപ്പടെയുള്ളവർക്ക് പിരിച്ചുവിടപ്പെട്ടവര്‍ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ പശ്ചാത്തലത്തില്‍ അധികൃതർ ബന്ധപ്പെടാൻ ശ്രമിക്കുമ്പോഴും പലതരത്തിൽ തടിയൂരാനുള്ള ശ്രമങ്ങളാണ് പാലക്കാട് മലമ്പുഴ മിൽമ കാലിത്തീറ്റ ഫാക്ടറിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് പിരിച്ചുവിടപ്പെട്ടവര്‍ പറയുന്നു.

കാലാവധി പൂർത്തിയാക്കാനുള്ള അവസരം നല്‍കുകയോ, കംപ്ലീഷൻ സർട്ടിഫിക്കറ്റ് നല്‍കുകയോ ചെയ്യാത്ത പക്ഷം നിയമനടപടികളിലേക്ക് കടക്കാനിരിക്കുകയാണ് ജീവനക്കാർ.

logo
The Fourth
www.thefourthnews.in