വഴിതെളിച്ച് ബിഷപ് പാംപ്ലാനി , സ്വാഗതം ചെയ്ത് ബിജെപി; ചേരിതിരിഞ്ഞ് രാഷ്ട്രീയ കേരളം

വഴിതെളിച്ച് ബിഷപ് പാംപ്ലാനി , സ്വാഗതം ചെയ്ത് ബിജെപി; ചേരിതിരിഞ്ഞ് രാഷ്ട്രീയ കേരളം

ക്രൈസ്തവ സഭകള്‍ക്ക് മോദി സര്‍ക്കാരിലുള്ള വിശ്വാസം വര്‍ധിച്ചു എന്നതിന്റെ തെളിവാണ് ആര്‍ച്ച് ബിഷപ് ജോസഫ് പാംപ്ലാനിയുടെ വാക്കുകള്‍ എന്നാണ് ബിജെപി നിലപാട്.
Updated on
2 min read

കേരളത്തില്‍ വേണ്ടിവന്നാല്‍ ബിജെപിക്ക് പിന്തുണ നല്‍കാന്‍ തയ്യാറാണെന്ന തലശ്ശേരി ആര്‍ച്ച് ബിഷപ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയില്‍ ചൂടുപിടിച്ച് കേരള രാഷ്ട്രീയം. പ്രസ്താവനയ്ക്ക് എതിരെ വൈദികരില്‍ നിന്ന് പോലും എതിര്‍പ്പുയരുകയും, ഇടത്, കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷ വിമര്‍ശവുമായി രംഗത്തെത്തുകയും ചെയ്തു. എന്നാല്‍, ക്രൈസ്തവ സഭകള്‍ക്ക് മോദി സര്‍ക്കാരിലുള്ള വിശ്വാസം വര്‍ധിച്ചു എന്നതിന്റെ തെളിവാണ് ബിഷപ്പിന്റെ വാക്കുകള്‍ എന്നാണ് ബിജെപി നിലപാട്. പാംപ്ലാനിയുടെ പ്രസ്താവന സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രംഗത്തെത്തുകയും ചെയ്തു.

ബിജെപിയുടെ സോഷ്യല്‍ എഞ്ചിനീയറിങ് കേരളത്തില്‍ ഫലപ്രദമാകില്ല.
എം വി ഗോവിന്ദന്‍

ജനങ്ങളുടെ വികാരമാണ് ബിഷപ്പ് പ്രകടിപ്പിച്ചത്. കര്‍ഷകരെ ഉപയോഗിച്ച് അധികാരസ്ഥാനങ്ങള്‍ നേടിയ കോണ്‍ഗ്രസ് -സിപിഎം മുന്നണികള്‍ കര്‍ഷകരെ വഞ്ചിച്ചു. നരേന്ദ്രമോദി സര്‍ക്കാരിലുള്ള വിശ്വാസമാണ് ബിഷപ്പ് പ്രകടിപ്പിച്ചത്. മോദി സര്‍ക്കാര്‍ ഘട്ടംഘട്ടമായി റബര്‍ വില കൂട്ടുകയാണ്. എന്നാല്‍ യുപിഎ സര്‍ക്കാര്‍ റബര്‍ കര്‍ഷകര്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല. കേരളത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും അത്താണി മോദി സര്‍ക്കാര്‍ മാത്രമാണ്. മോദിയെ പിന്തുണയ്ക്കുന്ന സര്‍ക്കാര്‍ കേരളത്തിലും വരണം. എന്നാല്‍ മാത്രമേ കേരളത്തിലുള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ വികസനം പൂര്‍ണമായും ലഭ്യമാവുകയുള്ളൂ. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണത്തില്‍ വിശ്വാസി സമൂഹം സന്തുഷ്ടരാണെന്നും കെ സുരേന്ദ്രന്‍ കൊച്ചിയില്‍ പ്രതികരിച്ചു.

കുറുക്കനൊരിക്കലും കോഴിയെ സംരക്ഷിച്ച ചരിത്രമില്ലെന്നായിരുന്നു വിഷയത്തിനോട് പ്രതികരിച്ച തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ പരാമര്‍ശം.

തലശ്ശേരി ബിഷപ്പിന്റെ പ്രസ്താവനയോട് രൂക്ഷമായ ഭാഷയിലായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചത്. ബിജെപിയുടെ സോഷ്യല്‍ എഞ്ചിനീയറിങ് കേരളത്തില്‍ ഫലപ്രദമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. '' ഇവിടെ റബ്ബറിന്റെ വില മാത്രമല്ല പ്രശ്നം, ക്രിസ്ത്യന്‍ - മുസ്ലീം ന്യൂനപക്ഷങ്ങളെയും ഹിന്ദു ഭൂരിപക്ഷത്തെയും കൂടെ നിര്‍ത്താനുള്ള നീക്കം നടക്കുന്നുണ്ട്. ഏതെങ്കിലും ഒരു തുറുപ്പുചീട്ട് വെച്ച് കേരളം പിടിക്കാം എന്ന് ആരും കരുതേണ്ട. അതൊന്നും കേരളത്തില്‍ വിലപ്പോകില്ല'' എന്നുമായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. എന്നാല്‍, ബിഷപ്പിന്റെ പ്രസ്താവനയോടുള്ള ഗോവിന്ദന്റെ മറുപടി രാഷ്ട്രീയ വിദ്വേഷം മാത്രമാണെന്നായിരുന്നു ബിജെപി അധ്യക്ഷന്റെ പ്രതികരണം. കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നതിന് പകരം അസഹിഷ്ണുത കാണിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി ചെയ്യുന്നത് എന്നും അദ്ദേഹം ആരോപിച്ചു.

തലശ്ശേരി ആര്‍ച്ച് ബിഷപിന്റെ പരാമര്‍ശം വൈകാരിക പ്രകടനം മാത്രമാണെന്നാണ് കോണ്‍ഗ്രസ് നിലപാട്. പ്രദേശത്തെ റബ്ബര്‍ കര്‍ഷകരുടെ വികാരമാണ് ബിഷപ് മുന്നോട്ട് വച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. അതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പാടില്ല. എന്നാല്‍ രാജ്യത്ത് ക്രൈസ്തവ ന്യൂനപക്ഷം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ആര്‍എസ്എസ് ഭീഷണിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തലശ്ശേരി ബിഷപ്പിന്റെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നായിരുന്നു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ പ്രതികരണം. പ്രസംഗം ന്യൂനപക്ഷവേട്ടയ്ക്ക് നേതൃത്വം കൊടുക്കുന്ന ബിജെപിയെ നിര്‍ലജ്ജം ന്യായീകരിക്കുന്നതാണ്. ബിഷപ്പിന്റെ നിലപാടിനോട് വൈദികരില്‍ പോലും എതിര്‍പ്പുണ്ട്. ബിഷപ്പിന്റെ നിലപാട് കുടിയേറ്റ ജനത തള്ളുമെന്നും എം വി ജയരാജന്‍ ചൂണ്ടിക്കാട്ടി.

കുറുക്കനൊരിക്കലും കോഴിയെ സംരക്ഷിച്ച ചരിത്രമില്ലെന്നായിരുന്നു വിഷയത്തിനോട് പ്രതികരിച്ച തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ പരാമര്‍ശം. വിചാര ധാരയിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രതികരണം. മുസ്ലിങ്ങള്‍, ക്രിസ്ത്യാനികള്‍, കമ്യൂണിസ്റ്റുകാര്‍ എന്നിവരെ ആന്തരികഭീഷണിയായി കണക്കാക്കുന്നവരാണ് ആര്‍എസ്എസ്‌കാര്‍. വെള്ളപൂശാന്‍ ഇപ്പോള്‍ ആരെങ്കിലും ശ്രമിച്ചാല്‍ നടക്കണമെന്നില്ലെന്നും എം ബി രാജേഷ് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചു.

റബ്ബര്‍ വില 300 രൂപയാക്കിയാല്‍ ബിജെപിക്ക് കേരളത്തില്‍ ഒരു എം പി പോലുമില്ലെന്ന വിഷമം പരിഹരിക്കുമെന്നായിരുന്നു പരാമർശം

ബിഷപ് പാംപ്ലാനിയെ തള്ളാന്‍ തയ്യാറാകാതിരുന്ന കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി, പരാമര്‍ശം കേന്ദ്ര സര്‍ക്കാരിനെതിരെയാണെന്ന നിലപാടിലായിരുന്നു. റബ്ബര്‍ വിലയിടിവിന് കാരണം കേന്ദ്ര സര്‍ക്കാരാണ്. റബര്‍ കര്‍ഷകരോട് കേന്ദ്ര സര്‍ക്കാര്‍ കാട്ടുന്ന ദ്രോഹത്തെ കുറിച്ചാണ് ബിഷപ് സംസാരിച്ചതെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ബിഷപ് പറഞ്ഞത് സഭയുടെ ഔദ്യോഗിക നിലപാടല്ലെന്നാണ് കെസിബിസിയുടെ പ്രതികരണം. സഭയ്ക്ക് ഒരു പാര്‍ട്ടിയോടും പ്രത്യേക അടുപ്പമോ, അകല്‍ച്ചയോ ഇല്ല. കര്‍ഷകരുടെ വികാരം പ്രകടിപ്പിച്ചതാണെന്ന് ബിഷപ് തന്നെ വിശദീകരിച്ചിട്ടുണ്ട്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഭരിക്കുന്ന മുന്നണിക്ക് മുന്നില്‍ അവതരിപ്പിക്കുക എന്ന സ്വാഭാവിക നടപടി മാത്രമാണ് ബിഷപ് ചെയ്തതെന്നും കെസിബിസി വക്താവ് അറിയിച്ചു.

ആരുമായും അയിത്തമില്ല, അയിത്തം എന്നത് സഭയുടെ നിഘണ്ടുവിലില്ലെന്ന് വ്യക്തമാക്കിയായിരുന്നു കത്തോലിക്ക കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ആലക്കോട് നടന്ന കര്‍ഷക റാലിയില്‍ തലശ്ശേരി ബിഷപ്പ് വിവാദ പരാമര്‍ശം നടത്തിയത്. റബ്ബര്‍ വില 300 രൂപയാക്കിയാല്‍ ബിജെപിക്ക് കേരളത്തില്‍ ഒരു എം പി പോലുമില്ലെന്ന വിഷമം പരിഹരിക്കുമെന്നായിരുന്നു പരാമർശം. കുടിയേറ്റ ജനതയ്ക്ക് അതിജീവനം വേണമെങ്കില്‍ രാഷ്ട്രീയമായി പ്രതികരിക്കണമെന്നാണ് ആര്‍ച്ച് ബിഷപ്പിന്റെ നിലപാട്. ജനാധിപത്യത്തില്‍ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന സത്യം കര്‍ഷകര്‍ തിരിച്ചറിയണമെന്നും ആര്‍ച്ച് ബിഷപ് ജോസഫ് പാംപ്ലാനി പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in