കൊല്ലപ്പെട്ട ഷമീർ, ഖാലിദ്
കൊല്ലപ്പെട്ട ഷമീർ, ഖാലിദ്

തലശ്ശേരി ഇരട്ടക്കൊലപാതകം; മൂന്നുപേര്‍ പിടിയില്‍

പ്രതികള്‍ ലഹരി മാഫിയയിലെ കണ്ണികളാണെന്നും ലഹരി വില്‍പ്പന ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ്
Updated on
1 min read

തലശ്ശേരിയിലെ ഇരട്ടക്കൊലപാതകത്തില്‍ മൂന്നുപേര്‍ പിടിയില്‍. തലശ്ശേരി സ്വദേശികളായ ജാക്സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. മറ്റൊരു പ്രതിയായ പാറായി ബാബുവിനായി തിരച്ചില്‍ തുടരുകയാണ്. ബാബുവും ജാക്‌സണുമാണ് കുത്തിയതെന്ന് കൊല്ലപ്പെട്ട ഖാലിദിന്റെ മരണ മൊഴിയില്‍ പറഞ്ഞിരുന്നു. പ്രതികള്‍ ലഹരി മാഫിയയിലെ കണ്ണികളാണെന്ന് പോലീസ് വ്യക്തമാക്കി. സിപിഎം പ്രവര്‍ത്തകനായ ഷമീറും ബന്ധുവായ ഖാലിദും ഷാനിബും ചേര്‍ന്ന് പ്രതികളുടെ ലഹരി വില്‍പ്പന ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഷാനിബ് തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.

തലശ്ശേരി കൊലപാതകം നാടിനെ നടുക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലഹരിക്കെതിരായ പോരാട്ടത്തിൽ അണിചേർന്നതിനാണ് അവർ കൊല്ലപ്പെട്ടത്. മയക്കുമരുന്നിനും ലഹരിക്കുമെതിരെ സർക്കാർ തുടർച്ചയായ ബഹുജന ക്യാമ്പയിൻ നടത്തുന്നതിനിടെയാണ് ഈ അരുംകൊല. നാടിനോടുള്ള വെല്ലുവിളിയായാണ് ഇതിനെ കാണേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റവാളികൾക്കെതിരെ കർശനമായ നിയമനടപടികളുണ്ടാവുമെന്നും പഴുതടച്ചുള്ള അന്വേഷണത്തിലൂടെയും പൊലീസ് -എക്സൈസ് വകുപ്പുകളുടെ ഇടപെടലുകളിലൂടെയും ഇത്തരം സംഘങ്ങളെ അമർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ തലശ്ശേരി സഹകരണ ആശുപത്രിക്ക് മുന്നില്‍ ദേശീയപാതയിലായിരുന്നു സംഭവം. ഇല്ലിക്കുന്ന് സ്വദേശിയായ ഖാലിദ്, ഖാലിദിന്റെ സഹോദരി ഭര്‍ത്താവും സിപിഎം നെട്ടൂര്‍ ബ്രാഞ്ചംഗവുമായ ഷമീര്‍, ഷമീറിന്റെ സൂഹൃത്ത് ഷാനിബ് എന്നിവര്‍ക്കാണ് കുത്തേറ്റത്. ഖാലിദ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരുക്കേറ്റ ഷമീറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ഷാനിബിനെ തലശ്ശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഷമീറും മരണത്തിന് കീഴടങ്ങുകയായിരുന്നു.

ലഹരി വിൽപ്പന ചോദ്യം ചെയ്‌ത ഷമീറിന്റെ മകനെ ബുധനാഴ്‌ച ഉച്ചയ്ക്ക്‌ നെട്ടൂർ ചിറക്കക്കാവിനടുത്ത് വെച്ച് ജാക്‌സൺ മർദിച്ചിരുന്നു. ഇവർ തമ്മിൽ വാഹനം വിറ്റ പണം സംബന്ധിച്ച തർക്കവുമുണ്ടായിരുന്നു. ഒത്തുതീർപ്പിനെന്ന വ്യാജേനയാണ് ജാക്സണും സംഘവും ഷമീറും സുഹൃത്തുക്കളുമായി സംസാരിക്കാനെത്തിയത്. സംസാരത്തിനിടയിൽ കൈയിൽ കരുതിയ കത്തിയെടുത്ത്‌ ജാക്സൺ ഖാലിദിനെ കുത്തിയപ്പോള്‍ തടയാൻ ശ്രമിച്ച ഷമീറിനും ഷാനിബിനും കുത്തേൽക്കുകയായിരുന്നു. ഓട്ടോയില്‍ കരുതിയ കത്തിയെടുത്തായിരുന്നു വെട്ടിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഖാലിദിനും ഷമീറിനും കഴുത്തിനും വയറിലുമാണ് കുത്തേറ്റത്. 

logo
The Fourth
www.thefourthnews.in