ബഫര്‍സോണില്‍ നിലപാട് കര്‍ശനമാക്കി സഭ; ചോരയൊഴുക്കിയും തടയുമെന്ന് ബിഷപ്പ്, പുരയിടമോ കൃഷിയിടമോ ഉള്‍പ്പെടില്ലെന്ന് സിപിഎം
ബഫർ സോൺ വിഷയത്തിൽ സർക്കാർ ഉന്നതതല യോഗം വിളിച്ച് പ്രശ്ന പരിഹാരത്തിന് ശ്രമിക്കുമ്പോഴും നിലപാട് കടുപ്പിച്ച് സഭാ നേതൃത്വം. ഉപഗ്രഹ സർവേ പിൻവലിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് പ്രത്യക്ഷ സമരത്തിനിറങ്ങിയ കർഷകർക്ക് താമരശേരി രൂപത പൂര്‍ണ പിന്തുണ നല്‍കി രംഗത്തെത്തി. താമരശേരി രൂപതയുടെ പ്രത്യക്ഷ സമരത്തിൽ സര്‍ക്കാരിനെതിരെ അതിരൂക്ഷ നിലപാടാണ് ബിഷപ്പ് സ്വീകരിച്ചത്.
ജീവനുള്ള കാലത്തോളം ബഫര്‍സോണ്‍ അനുവദിക്കില്ലെന്ന് രൂപതാ ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ വ്യക്തമാക്കി. '' നീരൊഴുക്കിയവര്‍ക്ക് ചോരയൊഴുക്കിയും പ്രതിരോധിക്കാനറിയാം. മറ്റ് സംസ്ഥാനങ്ങള്‍ സ്റ്റേ വാങ്ങിയിട്ടും സ്റ്റേ വാങ്ങാത്ത കേരളത്തിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണ്. ഉപഗ്രഹ സര്‍വേയ്ക്ക് പിന്നില്‍ നിഗൂഢതയുണ്ട് .'' - താമരശേരി ബിഷപ്പ് വ്യക്തമാക്കി. മലമ്പനിയോടും മലമ്പാമ്പിനോടും തോറ്റിട്ടില്ലാത്ത കര്‍ഷകര്‍ സര്‍ക്കാരിന് മുന്നിലും തോല്‍ക്കില്ലെന്നും ബിഷപ്പ് പറഞ്ഞു.
വിഷയം സര്‍ക്കാരിന് തിരിച്ചടിയാകുന്ന സാഹചര്യം രൂപപ്പെട്ടതോടെ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തി. പുരയിടമോ കൃഷിയിടമോ ബഫര്‍സോണില്‍ ഉള്‍പ്പെടുന്ന അവസ്ഥയുണ്ടാകില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഉറപ്പ്. ആശങ്കയും കുഴപ്പങ്ങളുമുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളുണ്ടാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബഫര്‍സോണ്‍ വിഷയത്തില്‍ വിമർശനങ്ങൾ രൂക്ഷമായതോടെ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചിരിക്കുകയാണ് . ഉപഗ്രഹ സര്‍വേയിലെ പരാതികള്‍ അറിയിക്കാനുള്ള തീയതി നീട്ടുന്ന കാര്യത്തില്‍ യോഗത്തില്‍ തീരുമാനം ഉണ്ടാകും. സംരക്ഷിത വനങ്ങളുടെ കരുതല്‍ മേഖലയിലെ ജനവാസകേന്ദ്രങ്ങള്‍ നിര്‍ണയിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ അധ്യക്ഷനായ അഞ്ചംഗ വിദഗ്ധസമിതിയുടെ കാലാവധി രണ്ടുമാസം കൂടി നീട്ടുന്ന കാര്യത്തിലും നാളെ തീരുമാനം ഉണ്ടാകും.
ജനുവരി ആദ്യവാരമാണ് ബഫര്‍സോണ്‍ കേസ് സുപ്രീംകോടതി പരിഗണിക്കുന്നത്. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിനൊപ്പം വ്യക്തിഗത വിവരങ്ങളടങ്ങിയ ഫീല്‍ഡ് സര്‍വെ റിപ്പോര്‍ട്ട് കൂടി സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.