പാലക്കാട് തങ്കം ആശുപത്രിയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവം; ചികിത്സാപ്പിഴവെന്ന് റിപ്പോര്‍ട്ട്
പാലക്കാട് തങ്കം ആശുപത്രിയില്‍ പ്രസവത്തിനിടെ അമ്മയും നവജാത ശിശുവും മരിച്ച സംഭവം ഡോക്ടറുടെ ചികിത്സാപ്പിഴവെന്ന് മെഡിക്കല്‍ റിപ്പോർട്ട്. രണ്ട് ദിവസം മുന്‍പാണ് വിഷയത്തില്‍ പാലക്കാട് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേർന്നത്. റിപ്പോർട്ട് നല്‍കിയത് ഇതിന്റെ അടിസ്ഥാനത്തിലാണ്.
ജൂലൈയിലാണ് തത്തമംഗലം സ്വദേശി ഐശ്വര്യയും കുഞ്ഞും മരിച്ചത്. അടുത്തടുത്ത ദിവസങ്ങളിലായിരുന്നു രണ്ട് മരണവും. ജൂണ്‍ 29നാണ് 25കാരിയായ ഐശ്വര്യയെ തങ്കം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂലൈ രണ്ടിന് രാത്രിയാണ് ഐശ്വര്യ പ്രസവിച്ചത്. ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ ആദ്യം അറിയിച്ചതെങ്കിലും, പിന്നീട് സാധാരണ പ്രസവം മതിയെന്ന് പറഞ്ഞു. എന്നാല്‍, കുഞ്ഞിനെ വാക്വമുപയോഗിച്ച് പുറത്തെടുക്കുകയും തുടർന്ന് കുഞ്ഞ് മരിക്കുകയും ചെയ്തു. ജൂലൈ നാലിന് ഐശ്വര്യയും മരിച്ചു.
നവജാത ശിശുവിന്റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റി വരിഞ്ഞ നിലയിലായിരുന്നു. വാക്വം ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുക്കാന്‍ ഏറെ പാടുപെട്ടുവെന്നും ഇതിന്റെ ലക്ഷണങ്ങള്‍ കുഞ്ഞിന്റെ ശരീരത്തിലുണ്ടെന്നുമാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മരണം ചികിത്സാ പിഴവ് മൂലമാണെന്ന ആരോപണത്തില്‍ കുടുംബം ഉറച്ച് നിന്നിരുന്നു. ഐശ്വര്യക്ക് രക്തസ്രാവമുണ്ടായപ്പോള്‍ ഗര്‍ഭപാത്രം നീക്കം ചെയ്തത് അറിയിച്ചില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
കുഞ്ഞിന്റെ മൃതദേഹം മറവുചെയ്തിരുന്നെങ്കിലും പോലീസിനു രേഖാമൂലം പരാതി ലഭിച്ചതോടെ, ആര്‍ഡിഒ നിയോഗിച്ച തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്തു പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നു.