തസ്മിദ് പാറശ്ശാല കഴിഞ്ഞ് എങ്ങോട്ടുപോയി? കന്യാകുമാരിയില്‍ ഓട്ടോഡ്രൈവര്‍ കണ്ടതാരെ? തിരച്ചില്‍ ചെന്നൈയിലേക്ക്

തസ്മിദ് പാറശ്ശാല കഴിഞ്ഞ് എങ്ങോട്ടുപോയി? കന്യാകുമാരിയില്‍ ഓട്ടോഡ്രൈവര്‍ കണ്ടതാരെ? തിരച്ചില്‍ ചെന്നൈയിലേക്ക്

കുട്ടി ഇന്നലെ രാത്രിയോടെ കന്യാകുമാരിയിലെത്തിയെന്ന നിഗമനത്തില്‍ കേരള പോലീസ് സംഘം ഇന്ന് രാവിലെ ഏഴോടെ ഇവിടെയെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല
Updated on
2 min read

തിരുവനന്തപുരം കഴക്കൂട്ടത്തുനിന്ന് കാണാതായ അസം സ്വദേശിയായ പതിമൂന്നുകാരി തസ്മിദ് തംസുമിനെ കണ്ടെത്താനാകാതെ പോലീസ്. കഴക്കൂട്ടത്തുനിന്ന് ഇന്നലെ രാവിലെ 9.30ന് വീടുവിട്ടിറങ്ങിയ കുട്ടിയ്ക്കായി തിരുവനന്തപുരം മുതല്‍ കന്യാകുമാരി വരെ ശക്തമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. കുട്ടി ഇന്നലെ രാത്രിയോടെ കന്യാകുമാരിയിലെത്തിയെന്ന നിഗമനത്തില്‍ കേരള പോലീസ് സംഘം ഇന്ന് രാവിലെ ഏഴോടെ ഇവിടെയെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഇന്ന് രാവിലെ 5.30ന് കന്യാകുമാരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കുട്ടിയെ കണ്ടതായി ഓട്ടോറിക്ഷ ഡ്രൈവര്‍ വിവരം നല്‍കിയിരുന്നു. തുടര്‍ന്നാണ് കന്യാകുമാരി കേന്ദ്രീകരിച്ച് കേരള, തമിഴ്‌നാട് പോലീസ് തിരച്ചില്‍ നടത്തുന്നത്. എന്നാല്‍ കുട്ടി ഇവിടെ എത്തിയതായി സ്ഥിരീകരിക്കാന്‍ തക്കതായ തെളിവ് ലഭിച്ചില്ലെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരം. കന്യാകുമാരി സ്റ്റേഷനിലെ സി സി ടിവിയിലും കുട്ടിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടില്ല. പ്രദേശവാസികളെയും വ്യാപാരികളെയും കുട്ടിയുടെ ഫോട്ടോ കാണിച്ചും സി സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുമാണ് നിലവില്‍ തിരച്ചില്‍ നടത്തിയത്.

തസ്മിദ് പാറശ്ശാല കഴിഞ്ഞ് എങ്ങോട്ടുപോയി? കന്യാകുമാരിയില്‍ ഓട്ടോഡ്രൈവര്‍ കണ്ടതാരെ? തിരച്ചില്‍ ചെന്നൈയിലേക്ക്
പതിമൂന്നുകാരിയെ തിരുവനന്തപുരത്തുനിന്ന് കാണാതായിട്ട് 24 മണിക്കൂര്‍; കുട്ടിയെ കന്യാകുമാരിയില്‍ കണ്ടതായി ഓട്ടോ ഡ്രൈവര്‍

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽനിന്ന് ഉച്ചയ്ക്കു 2.10നു കന്യാകുമാരിയിലേക്കുള്ള ഐലൻഡ് എക്‌സ്പ്രസില്‍ കുട്ടി പുലര്‍ച്ചെ കന്യാകുമാരിയിലെത്തിയതായി സംശയിച്ചിരുന്നത്. ട്രെയിനില്‍ എതിര്‍വശത്തെ സീറ്റിലുണ്ടായിരുന്ന ബബിതയെന്ന യാത്രക്കാരി കുട്ടിയുടെ ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പോലീസിനു കൈമാറിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

ട്രെയിനില്‍ ഒറ്റയ്ക്കിരുന്നു കരയുന്നതുകണ്ട കുട്ടിയോട് എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ ഒന്നും മിണ്ടിയില്ലെന്നും തുടര്‍ന്ന് ഫോട്ടോയെടുക്കുകയായിരുന്നുവെന്നുമാണ് ബബിത പറഞ്ഞത്. നെയ്യാറ്റിൻകരയിൽവച്ചാണ് ഫോട്ടോയെടുത്തത്. കുട്ടിയെ കാണാതായെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഫോട്ടോ പോലീസിനു കൈമാറുകയായിരുന്നു. ഈ ചിത്രം കുട്ടിയുടെ പിതാവ് തിരിച്ചറിഞ്ഞതോടെയാണ് അന്വേഷണം പോലീസ് കന്യാകുമാരിയിലേക്കു വ്യാപിപ്പിച്ചത്.

എന്നാല്‍ കുട്ടി കന്യാകുമാരിയില്‍ എത്തിയതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ പാറശാലയ്ക്കും കന്യാകുമാരിക്കുമിടയില്‍ പരിശോധന ശക്തമാക്കാനാണ് പോലീസ് ശ്രമിക്കുന്നത്. കുട്ടി നാഗർകോവിൽ സ്റ്റേഷനിൽ ഇറങ്ങിയോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

കാണാതായ പതിമൂന്നുകാരിയുടെ കഴക്കൂട്ടത്തെ വീട് മന്ത്രി വി ശിവന്‍കുട്ടി സന്ദർശിക്കുന്നു
കാണാതായ പതിമൂന്നുകാരിയുടെ കഴക്കൂട്ടത്തെ വീട് മന്ത്രി വി ശിവന്‍കുട്ടി സന്ദർശിക്കുന്നു

അതിനിടെ, കുട്ടിയെ തേടി പാലക്കാടും ചെന്നൈയിലും പരിശോധന വ്യാപിപ്പിച്ചു. തിരുവനന്തപുരത്തുനിന്ന് അസമിലെ സില്‍ച്ചാറിലേക്കു പോകുന്ന അരോണി എക്‌സ്പ്രസിലാണ് പാലക്കാട്ടുവെച്ച് പോലീസ് പരിശോധന നടത്തിയത്. ഇതിനു പുറമെയാണ് കുട്ടിയെ തേടി ചെന്നൈയിലേക്കു തിരച്ചില്‍ വ്യാപിപ്പിക്കുന്നത്.

കുട്ടിയുടെ സഹോദരന്‍ ചെന്നൈയില്‍ ജോലി നോക്കിയിരുന്ന സാഹചര്യത്തില്‍ കുട്ടി ഇങ്ങോട്ടോയ്ക്കു യാത്ര തിരിക്കാനുള്ള സാഹചര്യമാണ് പോലീസ് പരിശോധിക്കുന്നത്. എന്നാൽ താൻ ചെന്നൈയിലല്ല, ബംഗളൂരുവിലാണുള്ളതെന്നു സഹോദരൻ അറിയിച്ചതായുമുള്ള വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം, ഒരു മാസം മുന്‍പ് മാത്രം കേരളത്തിലെത്തിയ കുട്ടിയ്ക്ക് അസമീസ് ഭാഷ മാത്രമേ അറിയൂയെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.

തസ്മിദ് പാറശ്ശാല കഴിഞ്ഞ് എങ്ങോട്ടുപോയി? കന്യാകുമാരിയില്‍ ഓട്ടോഡ്രൈവര്‍ കണ്ടതാരെ? തിരച്ചില്‍ ചെന്നൈയിലേക്ക്
കേരളത്തിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ 45 ശതമാനം വർധന; ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം 5.27 ശതമാനമായി കുറഞ്ഞു

കുട്ടിയെ കണ്ടെത്താനുള്ള തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ മന്ത്രി വി ശിവന്‍കുട്ടി കുടുംബത്തെ സന്ദര്‍ശിച്ചു. പന്ത്രണ്ട് മണിയോടെയാണ് മന്ത്രിയും സംഘവും കുട്ടിയുടെ രക്ഷിതാക്കളെ കണ്ടത്. സാധ്യമായ എല്ലാതരത്തിലും തിരച്ചില്‍ നടത്തുമെന്നും മന്ത്രി കുടുംബത്തെ അറിയിച്ചു.

logo
The Fourth
www.thefourthnews.in