യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചില്ല; ഗവ. ലോ കോളേജിലെ മൂന്ന് പ്രിൻസിപ്പൽമാരുടെ നിയമനം റദ്ദാക്കി
കേരളത്തിലെ മൂന്ന് ഗവൺമെന്റ് ലോ കോളേജ് പ്രിൻസിപ്പൽമാരുടെ നിയമനം റദ്ദാക്കി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ. ജസ്റ്റിസ് പി വി ആശ, പി കെ കേശവൻ എന്നിവർ അടങ്ങിയ ബെഞ്ചിന്റെതാണ് വിധി. തിരുവനന്തപുരം, തൃശ്ശൂർ, എറണാകുളം എന്നീ ലോ കോളേജുകളിൽ നടത്തിയ പ്രിൻസിപ്പൽ നിയമനങ്ങളാണ് റദ്ദാക്കിയത്.
2010ലെ യുജിസി മാർഗ നിർദേശമനുസരിച്ചാണ് പ്രിൻസിപ്പൽമാരുടെ നിയമനം നടന്നിരുന്നത്. അന്ന് യോഗ്യതയുടെ അടിസ്ഥാനത്തിൽ ഇവരെ നിയമിച്ചെങ്കിലും 2018ൽ യുജിസി മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തി. 2018ലെ നിർദേശമനുസരിച്ച് ഡയറക്റ്റ് റിക്രൂട്ട്മെൻറ് നടത്താമെന്നാണ്. അതിനാൽ നിയമനത്തിന് യോഗ്യരായവരിൽ ചിലർ ട്രൈബ്യൂണലിനെ സമീപിച്ചു. തുടർന്നാണ് ട്രൈബ്യൂണൽ 2018ലെ നിർദേശം പാലിച്ച് നിയമനം നടത്താൻ ഉത്തരവിട്ടത്. പ്രിൻസിപ്പൽമാരുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാൽ 2018ലെ റെഗുലേഷൻ പ്രാബല്യത്തിൽ വന്നെങ്കിലും നിലവിലുള്ളവരെ മാറ്റാൻ സർക്കാർ തയാറായിരുന്നില്ല. കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി ഇതുവരെയും തീർപ്പാക്കിയിട്ടില്ല. മാനദണ്ഡപ്രകാരം സെലക്ഷൻ കമ്മിറ്റി രൂപീകരിച്ച് നിയമനം നടത്താൻ സർക്കാരിന് ട്രൈബ്യൂണൽ നിർദേശം നൽകിയിട്ടുണ്ട്.
ചട്ടങ്ങൾ മറികടന്നാണ് നിയമനങ്ങൾ നടത്തിയതെന്ന് കാണിച്ച് എറണാകുളം ലോ കോളേജിലെ അധ്യാപകനായ ഡോ. ഗിരിശങ്കർ എസ് എസ് ആണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ ഹർജി നൽകിയത്. നീണ്ടകാലത്തെ നിയമ പോരാട്ടത്തിന്റെ വിജയമാണ് വിധിയെന്ന് ഹർജിക്കാരൻ ദ ഫോർത്തിനോട് പറഞ്ഞു. നിലവിൽ സർക്കാർ സർവീസിൽ തുടരുന്നതിനാൽ കൂടുതൽ പ്രതികരണങ്ങൾ നടത്തുന്നത് ചട്ടവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശൂർ ഗവൺമെന്റ് ലോ കോളേജിലെ വി ആർ ജയദേവൻ, തിരുവനന്തപുരം ഗവ. ലോ കോളേജിലെ ബിജു കുമാർ, എറണാകുളം ഗവ. ലോ കോളേജിലെ ബിന്ദു എം നമ്പ്യാർ എന്നിവരാണ് അയോഗ്യരാക്കപ്പെട്ടത്. രണ്ട് വർഷത്തെ നിയമ പോരാട്ടങ്ങൾക്ക് ഒടുവിലാണ് കേസിൽ വിധി വരുന്നത്.
നേരത്തെ സംസ്ഥാനത്തെ 12 കോളേജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം നിയമവിരുദ്ധമെന്ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് ലോ കോളേജ് പ്രിൻസിപ്പൽ നിയമനവും ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തി ട്രൈബ്യൂണൽ റദ്ദാക്കുന്നത്. പ്രിൻസിപ്പലുമാർക്ക് നല്‍കിയ ആനുകൂല്യങ്ങള്‍ തിരിച്ച് പിടിക്കാനും ട്രിബ്യൂണല്‍ നിര്‍ദേശിച്ചു.