എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ
എറണാകുളം - അങ്കമാലി അതിരൂപതയിൽ നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ടേറ്റർ. അതിരൂപതക്കായി പുറത്തിക്കിയ സർക്കുലറിലാണ് കടുത്ത നിലപാടുകൾ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം 13 വിമത വൈദികർ നടത്തിയ പ്രതിഷേധത്തെ പൊലീസ് സഹായത്തോടെ മറികടന്നതിനു പിന്നാലെയാണ് സർക്കുലർ പുറത്തിറക്കിയത്.
പുതുതായി പൗരോഹിത്യം സ്വീകരിക്കുന്ന സീക്കന്മാർ ഒരിക്കലും ജനാഭിമുഖ കുർബാന അർപ്പിക്കില്ല. ഏകീകൃത കുർബാന മാത്രം ചൊല്ലാമെന്ന സമ്മതപത്രം ഡീക്കന്മാർ ഒപ്പിട്ട് നൽകി. നിലവിലെ വൈദികർക്ക് ശിക്ഷാ നടപടിയിൽ നിന്ന് ഒഴിവാകാൻ ഒരവരം കൂടി എന്ന് സർക്കുലർ, ഏകീകൃത കുർബാന അർപ്പിക്കേണ്ടത് പൊതു കുർബാനയുടെ സമയത്ത് തന്നെ ആകണം.കുർബാനക്കിടയിലുള്ള പ്രസംഗത്തിലോ, അറിയിപ്പിലോ സഭാ നേതൃത്വത്തിനെതിരെ സംസാരിച്ചാൽ നടപടിയെന്ന് വൈദികർക്ക് മുന്നറിയിപ്പ്.
ഈ നിർദ്ദേശം ഇടവക പൊതുയോഗങ്ങൾക്കും ബാധകം. സാമൂഹിക മാധ്യമങ്ങളിലൂടെ ഇത്തരം വിമർശനം ഉയർത്തിയാൽ അൽമായർക്കും എതിരെ കാനോനി നടപടി എന്ന് സർക്കുലറിൽ മുന്നറിയിപ്പ് തുടങ്ങിയ നിർദേശങ്ങളാണ് സർക്കുലറിൽ ഉള്ളത്.
സർക്കുലറിൽ വിമത സംഘടനകൾക്ക് കൂരിയ കടിഞ്ഞാണിട്ടു. വിമതസംഘടനകളേട് അനുഭാവം പുലർത്തരുതെന്നും, ഇവർക്ക് സമ്മേളനം നടത്താൻ സ്ഥാപനങ്ങളും, ഇടവകകളും വിട്ടുന്നൽകരുതെന്നും വൈദികർക്കും, സന്യസ്ഥർക്കും അഡ്മിനിസ്ട്രേറ്റർ നിർദേശം നൽകി.അരമനയിൽ മുൻകൂട്ടി അനുവാദം വാങ്ങാതെ ആർക്കും പ്രവേശനം ഇല്ലെന്നും സർക്കുലറിൽ അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ബോസ്കോ പുത്തൂർ വ്യക്തമാക്കി.
വിമത വിഭാഗത്തിന് പിന്തുണ നഷ്ടപ്പെട്ടന്ന വിലയിരുത്തലിലാണ് പുതിയ സർക്കുലർ. ആരംഭത്തിൽ സമരത്തിൽ 400 വൈദികർ അണിനിരന്നിരുന്നു. പുതിയ കൂരിയ നിലവിൽ വന്നതോടെ പ്രത്യക്ഷ സമര പരിപാടികളിൽ നിന്ന് അച്ചടക്ക നടപടി ഭയന്ന് വൈദികർ പിൻമാറിയത് വിമതർക്ക് തിരിച്ചടിയായി.