ജനനനിരക്കിൽ കേരളം പുറകോട്ട്, ഏറ്റവും കുറവ് ആലപ്പുഴയിൽ; സംസ്ഥാനത്തിന് 'പ്രായമേറുന്നു'

ജനനനിരക്കിൽ കേരളം പുറകോട്ട്, ഏറ്റവും കുറവ് ആലപ്പുഴയിൽ; സംസ്ഥാനത്തിന് 'പ്രായമേറുന്നു'

കേരളത്തില്‍ സ്ത്രീകളുടെ പ്രത്യുല്‍പാദന നിരക്കും കുറയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്
Updated on
2 min read

കേരളത്തില്‍ ജനനനിരക്കും പ്രത്യുല്‍പാദന നിരക്കും കുറവാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2021ലെ കണക്കനുസരിച്ച് കേരളത്തില്‍ ഏറ്റവും കുറവ് ജനനനിരക്കുള്ള ജില്ല ആലപ്പുഴയാണ്. എറണാകുളമാണ് ആലപ്പുഴയ്ക്ക് തൊട്ടുപിന്നിലായുള്ളത്.

2021ലെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ജനനനിരക്കില്‍ ഏറ്റവും പിറകിലുള്ളത് ആലപ്പുഴയും എറണാകുളവുമാണെന്നുമുള്ള നിഗമനത്തിലെത്തിയിരിക്കുന്നത്. അതായത് ആലപ്പുഴയില്‍ 1000 ആളുകളില്‍ വെറും എട്ട് ശതമാനം മാത്രമേ നവജാത ശിശുക്കള്‍ ഉള്ളൂ. എറണാകുളത്ത് ഇത് 8.45 ശതമാനമാണ്. കേരളത്തിന്റെ ശരാശരി 11.94 ആണ്. 2012 മുതലാണ് ആലപ്പുഴയില്‍ ഏറ്റവും കുറഞ്ഞ ജനനനിരക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്.

ജനനനിരക്ക് കൂടുതലായിരുന്ന മലപ്പുറം ഉള്‍പ്പെടെയുള്ള ജില്ലകളിലും ജനനനിരക്കില്‍ ഇടിവ് രേഖപ്പെടുത്തുകയാണുണ്ടായത്

2018ല്‍ എറണാകുളമായിരുന്നു ജനനനിരക്കില്‍ ഏറ്റവും പിന്നില്‍. 2012ല്‍ ജനനനിരക്കില്‍ പത്താം സ്ഥാനത്തായിരുന്ന എറണാകുളം ജില്ല പിന്നീട് 2018 ആയപ്പോഴേക്കും 14ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയായിരുന്നു. എറണാകുളം ജില്ലയില്‍ 2012ല്‍ ജനനനിരക്ക് 22.41 ശതമാനമായിരുന്നു. 2021 ആയപ്പോഴേക്കും 18.44 ശതമാനമായി കുറഞ്ഞു. 2018ന് ശേഷം ജില്ല 13ാം സ്ഥാനത്തെത്തി.

ജനനനിരക്ക് കൂടുതലായിരുന്ന മലപ്പുറം ഉള്‍പ്പെടെയുള്ള ജില്ലകളിലും ജനനനിരക്കില്‍ ഇടിവ് രേഖപ്പെടുത്തുകയാണുണ്ടായത്. കേരളത്തിലെ മധ്യ, തെക്കന്‍ മേഖലകളിലെ ഒന്‍പത് ജില്ലകളില്‍ സംസ്ഥാന ശരാശരിയേക്കാള്‍ താഴെയാണ് ജനനനിരക്ക്. വടക്കന്‍ ജില്ലകളെ അപേക്ഷിച്ച് കേരളത്തിന്റെ തെക്ക്, മധ്യ ഭാഗങ്ങള്‍ കൂടുതല്‍ വികസിതമാണ്. അതായത് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളുളള സ്ഥലങ്ങളില്‍ ജനനനിരക്ക് കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്. അതിനാല്‍ സംസ്ഥാനത്തിന്റെ ജനനിരക്ക് ഇപ്പോള്‍ താഴോട്ടാണ്. അത് അങ്ങനെ തന്നെ തുടരാനാണ് സാധ്യത.

ഇതിനുപുറമേ കേരളത്തില്‍ സ്ത്രീകളുടെ പ്രത്യുല്‍പാദന നിരക്കും കുറയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദേശീയ ശരാശരിയേക്കാള്‍ വേഗത്തിലാണ് കേരളത്തില്‍ ഇതിന് കുറവ് സംഭവിക്കുന്നത്. ഇത് വരാനിക്കുന്ന വര്‍ഷങ്ങളില്‍ കേരളത്തിന്റെ വളര്‍ച്ചയേയും സമ്പദ് വ്യവസ്ഥയെയും എങ്ങനെയെല്ലാം ബാധിക്കുമെന്ന് വിലയിരുത്തുകയാണ് കേരള സര്‍വകലാശാലയിലെ ഡെമോഗ്രഫി വിഭാഗം മേധാവി ഡോ. അനില്‍ ചന്ദ്രന്‍.

ജനനനിരക്ക് കുറഞ്ഞാല്‍ എന്ത് സംഭവിക്കും?

നമ്മുടെ ജനസംഖ്യയെ പ്രധാനമായും മൂന്നായാണ് തരംതിരിച്ചിരിക്കുന്നത്. 3 മുതല്‍ 14 വയസ്സുവരെ, 15 മുതല്‍ 59 വയസ്സുവരെ, 60 വയസ്സിന് ശേഷം എന്നിങ്ങനെയാണത്. 15 മുതല്‍ 59 വയസ്സുവരെയുള്ളവരെ ആശ്രയിച്ചാണ് ബാക്കി രണ്ട് വിഭാഗങ്ങള്‍ ജീവിക്കുന്നത്. അപ്പോള്‍ ജനനനിരക്ക് കുറയുമ്പോള്‍ 3- 14 വയസ്സുള്ള വിഭാഗത്തിന്റെ എണ്ണം കുറയും. എന്നാല്‍ ക്രമേണ ഈ കുറവ് 15-59 വയസ്സുള്ള വിഭാഗത്തിനെയും ബാധിക്കും. അങ്ങനെ ഈ വിഭാഗത്തിനെ ആശ്രയിച്ച് കഴിയുന്നവരുടെ അവസ്ഥയെ ഇത് ബാധിക്കുന്നു.

2021 വരെയാണ് 15-59 വയസ്സുവരെയുള്ള ആളുകളുടെ എണ്ണം കേരളത്തില്‍ കൂടുതലുണ്ടായിരുന്ന ഒരു സമയം. സ്വഭാവികമായും ജനനനിരക്ക് കുറയുന്നതോടെ 15-59 വിഭാഗത്തിന്റെ എണ്ണത്തിലും കുറവ് വരുന്നു. അങ്ങനെ കേരളത്തില്‍ അധ്വാനിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് സംഭവിക്കുന്നു.

പെന്‍ഷന്‍ പോലുള്ള സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ചെലവ് വര്‍ധിക്കുന്നതിനും കാരണമാകുന്നു

ഇത് കേരളത്തെ എങ്ങനെയാണ് ബാധിക്കുക?

കേരളത്തില്‍ ഇങ്ങനെയൊരു അവസ്ഥ വരുമ്പോള്‍ സ്വഭാവികമായും 60 വയസ്സിന് മുകളിലുള്ളവരുടെ എണ്ണം വര്‍ധിക്കുകയും അവരുടെ ക്ഷേമത്തിനായി കൂടുതല്‍ വിഭവങ്ങള്‍ വിനിയോഗിക്കേണ്ട അവസ്ഥ വരുകയും ചെയ്യുന്നു. അവര്‍ക്ക് മെച്ചപ്പെട്ട ഒരു ആരോഗ്യ സംവിധാനം ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമായി മാറും. ഇത് പെന്‍ഷന്‍ പോലുള്ള സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ചെലവ് വര്‍ധിക്കുന്നതിനും കാരണമാകുന്നു. ഇവയെല്ലാം ജനനനിരക്ക് കുറഞ്ഞതുകൊണ്ട് നേരിടേണ്ട വന്ന പ്രശ്‌നങ്ങളാണ്.

ജനന നിരക്ക് കുറയാനുള്ള കാരണങ്ങള്‍

ഒരു സമ്പദ്‌വ്യവസ്ഥ വളരുമ്പോള്‍ അവിടെ സ്വഭാവികമായും ജനനനിരക്ക് കുറയുകയാണ് ചെയ്യുക. ജനനനിരക്ക് കുറയുന്നതിനോടൊപ്പം തന്നെ ശിശുമരണനിരക്ക് കുറയുന്നതിനും കാരണമാകും. പണ്ടത്തെ സമ്പദ് വ്യവസ്ഥ കൂടുതലും കൃഷിയെ ആശ്രയിച്ചായിരുന്നു മുന്നോട്ടു‌പോയിരുന്നത്. അതിനാല്‍ തന്നെ കൃഷിയിടങ്ങളില്‍ സഹായിക്കുന്നതിനായി കൂടുതല്‍ കുട്ടികള്‍ വേണമെന്ന് താല്‍പര്യപ്പെടുന്നത് സ്വഭാവികമായിരുന്നു. അതുപോലെ തന്നെ അന്ന് ശിശുക്കളുടെ മരണനിരക്കും കൂടുതലായിരുന്നു. എന്നാല്‍ വ്യാവസായികവത്കരണം സംഭവിച്ചതോടെ ഈ സങ്കല്‍പ്പങ്ങള്‍ക്ക് വ്യത്യാസം വന്നു. മാത്രമല്ല ജീവിതച്ചെലവ് വര്‍ധിക്കുക കൂടി ചെയ്തതോടെ കുട്ടികളുടെ എണ്ണം കുറയ്ക്കാനാണ് താല്‍പര്യം. ഇത് കൂടാതെ കുടുംബാസൂത്രണത്തിനുള്ള നിരവധി മാര്‍ഗ്ഗങ്ങളും ഇന്ന് നിലവിലുണ്ട്. പ്രത്യുല്‍പാദന നിരക്കിലെയും ജനനനിരക്കിലെയും മാറ്റങ്ങളെ ഈ ഘടങ്ങളെല്ലാമാണ് സ്വാധീനിക്കുന്നത്.

ജനനനിരക്കിൽ കേരളം പുറകോട്ട്, ഏറ്റവും കുറവ് ആലപ്പുഴയിൽ; സംസ്ഥാനത്തിന് 'പ്രായമേറുന്നു'
യുവതലമുറയെ കേരളത്തില്‍ നിലനിര്‍ത്തും; തൊഴിലെടുക്കാൻ കഴിവുള്ളവരുടെ എണ്ണം കുറയുന്നു

അധ്വാനിക്കാന്‍ ശേഷിയുള്ള ഒരു വിഭാഗത്തില്‍ ഗണ്യമായി കുറവ് സംഭവിക്കുമ്പോള്‍ സ്വഭാവികമായും ഇതരസംസ്ഥാന തൊഴിലാളികളെ നമുക്ക് ആശ്രയിക്കേണ്ടിവരും

കേരളത്തില്‍ സ്ത്രീകളുടെ പ്രത്യുല്‍പാദന നിരക്കും കുറയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. ഇപ്പോള്‍ നിലവിലുള്ള പ്രത്യുല്‍പാദന നിരക്ക് 2.1 ആണ്. ദേശീയ ശരാശരിയേക്കാള്‍ വേഗത്തിലാണ് കേരളത്തില്‍ ഇതിന് കുറവ് സംഭവിക്കുന്നത്. ഇത്തരത്തില്‍ ജനനനിരക്കിലെയും പ്രത്യുല്‍പാദന നിരക്കിലെയും കുറവ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ തുടക്കത്തില്‍ ബാധിക്കില്ലെങ്കിലും കുറച്ച് വര്‍ഷങ്ങള്‍ കഴിയുമ്പോഴേക്കും ഇത് ബാധിക്കുമെന്നാണ് കരുതുന്നത്. അധ്വാനിക്കാന്‍ ശേഷിയുള്ള ഒരു വിഭാഗത്തില്‍ ഗണ്യമായി കുറവ് സംഭവിക്കുമ്പോള്‍ സ്വഭാവികമായും ഇതരസംസ്ഥാന തൊഴിലാളികളെ നമുക്ക് ആശ്രയിക്കേണ്ടിവരും. കേരളത്തില്‍ പ്രായമായവരുടെ ജനസംഖ്യ വര്‍ധിക്കുന്നത് മറ്റൊരു ആശങ്കയാണ്. ഇത് കേരളത്തിന്റ ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് തിരിച്ചടിയുണ്ടാക്കുകയാണ് ചെയ്യുക. വിവാഹപ്രായമായ പുരുഷന്മാര്‍ക്ക് ആനുപാതികമായ രീതിയില്‍ സ്ത്രീകളുടെ എണ്ണമില്ലാത്തതും തിരിച്ചടിയാണുണ്ടാക്കുക.

logo
The Fourth
www.thefourthnews.in