മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് കേരളത്തില്‍ നികുതി; പ്രതിഷേധവുമായി ഉടമകള്‍
മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ടൂറിസ്റ്റ് വാഹനങ്ങള്‍ കേരളത്തില്‍ നികുതി അടയ്ക്കണമെന്ന ഉത്തരവിനെതിരെ പ്രതിഷേധവുമായി ടൂറിസ്റ്റ് വാഹന ഉടമകള്‍. ലോറികള്‍ക്ക് സമാനമായി അന്തര്‍ സംസ്ഥാന യാത്രകള്‍ സുഗമമാക്കുന്നതിന് വേണ്ടി കേന്ദ്രം ആവിഷ്‌കരിച്ച ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് സംവിധാനം അട്ടിമറിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബസ് ആന്‍ഡ് കാര്‍ ഓപറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ബിഒസിഐ ഹൈക്കോടതിയെ സമീപിച്ചു.
കേന്ദ്രസര്‍ക്കാര്‍ 2021 ല്‍ കൊണ്ടുവന്ന ഓള്‍ ഇന്ത്യ പെര്‍മിറ്റ് ആന്‍ഡ് ഓദറൈസേഷന്‍ വഴി രജിസ്റ്റര്‍ ചെയ്ത്, ഓള്‍ ഇന്ത്യ പെര്‍മിറ്റ് എടുത്ത് സംസ്ഥാനത്ത് പ്രവേശിക്കുന്ന വാഹനങ്ങള്‍ നവംബര്‍ ഒന്നിനകം കേരളത്തിലേയ്ക്ക് രജിസ്‌ട്രേഷന്‍ മാറ്റണം, അല്ലെങ്കില്‍ കേരള മോട്ടോര്‍ വാഹന ടാക്‌സേഷന്‍ നിയമപ്രകാരം നികുതി അടയ്ക്കണമെന്നാണ് കേരള ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശം.
ഇന്ത്യയില്‍ എവിടെ രജിസ്റ്റര്‍ ചെയ്ത വാഹനത്തിനും ആ സംസ്ഥാനത്തിന്റെ നികുതിയും, എ സി വാഹനങ്ങള്‍ക്ക് പ്രതിവര്‍ഷം മൂന്ന് ലക്ഷം രൂപയും നോണ്‍ എ സി വാഹനങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും, ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ഫീസ് അടച്ചാല്‍ ഇന്ത്യയില്‍ എവിടെയും തടസങ്ങള്‍ കൂടാതെ സഞ്ചരിക്കാം എന്നാണ് കേന്ദ്ര നിയമം. മൂന്ന് മാസത്തേക്ക് എ സി വാഹനങ്ങള്‍ക്ക് 90,000 രൂപയും നോണ്‍ എസി വാഹനങ്ങള്‍ക്ക് 60,000 രൂപയും പെര്‍മിറ്റ് ഫീസ് കൊടുക്കാനുള്ള സൗകര്യവും ഉണ്ട്.
ഇന്ത്യയിലുടനീളമുള്ള പെര്‍മിറ്റില്‍ ഓടുന്ന ഓള്‍ ഇന്ത്യ ഒമിനി ബസുകള്‍ക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നിര്‍ദേശങ്ങള്‍ ബാധകമാകുന്നത്. ഇത് പ്രധാനമായും അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകളാണ്. കേന്ദ്ര നിയമങ്ങളെ സംസ്ഥാന സര്‍ക്കാര്‍ ലംഘിക്കുന്നുവെന്നാരോപിച്ച് ഗവര്‍ണര്‍ക്കും ബസ് ആന്‍ഡ് കാര്‍ ഓപറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ കത്ത് അയച്ചിട്ടുണ്ട്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബസ് ആന്‍ഡ് കാര്‍ ഓപറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ കേരള ഘടകം ചെയര്‍മാന്‍ എ ജെ റിജാസ് 'ദ ഫോര്‍ത്തി'നോട് പറഞ്ഞു.
രാജ്യസഭയും ലോക്സഭയും പാസാക്കുകയും കേന്ദ്രം മൂന്ന് മാസത്തോളം പരാതികള്‍ അറിയിക്കാന്‍ സമയം കൊടുക്കുകയും ചെയ്ത് കേരളത്തില്‍ പ്രാബല്യത്തില്‍ വരുത്തിയ നിയമമാണ്. ഒന്നര വര്‍ഷത്തിനുശേഷം തമിഴ്‌നാട്ടില്‍ നികുതി പിരിക്കുന്നുണ്ടെന്ന് കാണിച്ച് സംസ്ഥാനം അനധികൃതമായി നികുതി പിരിക്കുന്നത് ഇരട്ട നികുതി പിരിക്കലാണ്. കേന്ദ്ര നിയമത്തെ വെല്ലുവിളിച്ചുകൊണ്ട് സംസ്ഥാനം നികുതി പിരിക്കാന്‍ ഒരുങ്ങുന്നതിനെ എതിര്‍ക്കുമെന്നും എ ജെ റിജാസ് പറഞ്ഞു.