കേരളത്തിന് കടാശ്വാസം; 3140 കോടി രൂപ വായ്പാ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ തയാറായി കേന്ദ്രം
കേന്ദ്രവുമായുള്ള സാമ്പത്തിക പോരാട്ടത്തില്‍ കേരളത്തിന് നേരിയ ആശ്വാസം. സാമൂഹിക സുരക്ഷാ കമ്പനിയും കിഫ്ബിയും ചേര്‍ന്നെടുത്ത 3140 കോടി രൂപയുടെ വായ്പ കേരളത്തിന്റെ വായ്പാ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ കേന്ദ്രം തയാറായി. ഇതിനേത്തുടര്‍ന്ന് 2000 കോടി രൂപ കടമെടുക്കാന്‍ ധനവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
വികസനപ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥമുള്ള കടപത്രം പുറപ്പെടുവിക്കുമെന്നും ഇതിനുള്ള ലേലം 19ന് നടക്കുമെന്നും ധനവകുപ്പ് അറിയിച്ചിട്ടുണ്ട്. 3140 കോടി രൂപയുടെ വായ്പ കേരളത്തിന്റെ പൊതുകടത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ നേരത്തെ കേന്ദ്രം തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കേന്ദ്രത്തെ സമീപിച്ചിരുന്നു.
അതേസമയം വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി നിര്‍മല സീതാരാമാനും നന്ദി അറിയിക്കുന്നതായി കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ എക്‌സില്‍ കുറിച്ചു.