മേപ്പാടി ഗ്രാമപഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം; ഉത്തരവിട്ടത് മുഖ്യമന്ത്രി
വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു എന്ന സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു.
മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ലഭിച്ച ഭക്ഷ്യവസ്തുക്കള്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. പഞ്ചായത്ത് വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ ലഭ്യമായ ഭക്ഷ്യധാന്യങ്ങള്‍ ഏതെങ്കിലും തരത്തില്‍ മാറ്റിയോ എന്നിങ്ങനെയുള്ള കാര്യങ്ങളുംഅന്വേഷണ വിധേയമാക്കും. ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.
വയനാടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്ത ഭക്ഷ്യോത്പന്നങ്ങള്‍ പുഴുവരിച്ചതെന്നാണ് പരാതി ഉയര്‍ന്നത്. മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്ത കിറ്റിലെ അരിയുള്‍പ്പെടെയുള്ള സാധനങ്ങള്‍ ഭക്ഷ്യയോഗ്യമല്ലെന്ന സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.
സംഭവത്തില്‍ പ്രതിഷേധിച്ച് മേപ്പാടി പഞ്ചായത്ത് പ്രസിഡന്റിന്റെ ഓഫിസില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ദുരന്തബാധിതരും പ്രതിഷേധിച്ചിരുന്നു. ഓഫീസിനുള്ളില്‍ കയറി പ്രതിഷേധിച്ച ആളുകളെ പോലീസ് ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ഭക്ഷ്യവസ്തുക്കളുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഓഫിസില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ദുരന്ത ബാധിതര്‍ക്ക് നല്‍കിയത് സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നല്‍കിയ ഭക്ഷ്യ കിറ്റുകളാണ് എന്നാണ് മേപ്പാടി പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ റവന്യൂ മന്ത്രി ജില്ലകളക്ടറോട് റിപ്പോര്‍ട്ട് തേടി. ഉത്തരവാദികള്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഭക്ഷ്യ വകുപ്പും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സന്നദ്ധ സംഘടനള്‍ നല്‍കിയ ഭക്ഷ്യ ഉത്പന്നങ്ങളുടെ ഉത്തരവാദിത്തമില്ലെന്നാണ് ഭക്ഷ്യ വകുപ്പിന്റെ നിലപാട്.