ശ്രീരാമിന്റെ നിയമനം: 'കത്ത് പൊട്ടിക്കും മുന്‍പ് വാര്‍ത്ത വന്നു'; മന്ത്രി അനിലിനോട് ക്ഷോഭിച്ച് മുഖ്യമന്ത്രി

ശ്രീരാമിന്റെ നിയമനം: 'കത്ത് പൊട്ടിക്കും മുന്‍പ് വാര്‍ത്ത വന്നു'; മന്ത്രി അനിലിനോട് ക്ഷോഭിച്ച് മുഖ്യമന്ത്രി

നിയമനം അറിയിക്കാത്തതില്‍ ചീഫ് സെക്രട്ടറിയെ വിമര്‍ശിച്ച് ഭക്ഷ്യമന്ത്രി
Updated on
1 min read

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തില്‍ മന്ത്രിസഭാ യോഗത്തിലും തര്‍ക്കം. നിയമനത്തിലുള്ള അത്യപ്തി വാര്‍ത്തയായതില്‍ മന്ത്രി ജി.ആര്‍ അനിലിനെതിരെ മുഖ്യമന്ത്രി രംഗത്തെത്തി. ഭക്ഷ്യമന്ത്രി അയച്ച കത്ത് താന്‍ പൊട്ടിക്കുന്നതിന് മുന്‍പ് വാര്‍ത്തയായി പുറത്തുവന്നെന്ന് പിണറായി വിജയന്‍ പറഞ്ഞു. അതിന് ഉത്തരവാദിത്വം ജി ആര്‍ അനിലിനാണ്. ഇത്തരം സ്ഥാനങ്ങളില്‍ നിയമനം നടത്തുമ്പോള്‍ മന്ത്രിമാരുമായി ആലോചിക്കണമെന്നും പിണറായി വിജയന്‍ മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു.

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനക്കാര്യം മന്ത്രി അനിലാണ് മന്ത്രിസഭാ യോഗത്തില്‍ ഉന്നയിച്ചത്. നിയമനം ചീഫ് സെക്രട്ടറി അറിയിച്ചില്ലെന്ന് അനില്‍ പറഞ്ഞു. മന്ത്രിമാരോട് ആലോചിക്കാതെ നിയമനം നടത്തുന്നത് പതിവായിരിക്കുകയാണ്. ഏറ്റവും അവസാനത്തെ ഉദാഹരമാണ് ശ്രീറാമിന്‍റെത്. നേരത്തെയും വിവാദ വ്യക്തിത്വങ്ങളെ തന്റെ വകുപ്പില്‍ നിയമിക്കാനുള്ള ശ്രമം നടന്നിട്ടുണ്ടെന്നും മന്ത്രി അനില്‍ പറഞ്ഞു.

അതേസമയം, നിലവില്‍ ഒഴിഞ്ഞു കിടക്കുന്നതിലാണ് സപ്ലൈകോയുടെ ജനറല്‍ മാനേജര്‍ സ്ഥാനത്ത് ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതെന്നായിരുന്നു ചീഫ് സെക്രട്ടറി വി. പി ജോയിയുടെ വിശദീകരണം. എന്നാല്‍ അത് തെറ്റാണെന്ന് മന്ത്രി അനില്‍ പറഞ്ഞു. സപ്ലൈകോയുടെ ജനറല്‍ മാനേജര്‍ പോസ്റ്റില്‍ നിലവില്‍ നിയമനം നടത്തിയിട്ടുണ്ട്. അത് ഒഴിവാക്കിയാണ് ശ്രീറാമിനെ നിയമിച്ചതെന്നും അനില്‍ പറഞ്ഞു. മുഖ്യമന്ത്രി ഇടപെട്ടാണ് നിയമനക്കാര്യത്തിലെ ചര്‍ച്ച അവസാനിപ്പിച്ചത്.

logo
The Fourth
www.thefourthnews.in