'ഗോള്‍വാക്കറിന്റെ ചിത്രത്തിനു മുന്നില്‍ വിളക്കുകൊളുത്തിയത് ആരെന്ന് എല്ലാര്‍ക്കുമറിയാം'; വിവാദങ്ങള്‍ക്ക് മറുപടി നല്‍കി മുഖ്യമന്ത്രി
എഡിജിപി-ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി വിവാദക്കൂടിക്കാഴ്ചയില്‍ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസിനെ പ്രീണിപ്പിക്കേണ്ട ആവശ്യം സിപിഎമ്മിനില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി ആര്‍എസ്എസ് സൈദ്ധാന്തികന്‍ ഗോള്‍വാക്കറുടെ ചിത്രത്തിന് മുന്നില്‍ വിളക്കുകൊളുത്തി തൊഴുതത് ആരാണെന്ന് ആലോചിക്കണമെന്നും പറഞ്ഞു.
സിപിഎം കോവളം എരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയത് എന്തിന് എന്ന വിവാദം കൊടുമ്പിരികൊള്ളുന്നതിനിടെയാണ് ഒടുവില്‍ മുഖ്യമന്ത്രി മൗനം വെടിഞ്ഞത്.
''വലിയ കാര്യം എന്തോ നടന്നെന്നു വരുത്തിത്തീര്‍ക്കാനാണ് ചിലരുടെ ശ്രമം. ആര്‍ക്കാണ് ആര്‍എസ്എസ് ബന്ധം. അവരുടെ ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടമായവരാണ് സിപിഎം പ്രവര്‍ത്തകര്‍. തലശേരി കലാപക്കാലത്ത് ന്യൂനപക്ഷ ആരാധനാലയം തകര്‍ക്കാന്‍ വന്ന സംഘപരിവാരുകാരെ നേരിടാന്‍ കമ്യൂണിസ്റ്റുകാര്‍ കാവല്‍ നിന്നിട്ടുണ്ട്. ആ കലാപത്തില്‍ പലര്‍ക്കും പലതും നഷ്ടമായിട്ടുണ്ട്. എന്നാല്‍ ജീവന്‍ നഷ്ടമായത് സിപിഎമ്മിന് മാത്രമാണ, ഞങ്ങളുടെ സഖാവ് വികെ കുഞ്ഞിരാമന്റെ ജീവന്‍''- മുഖ്യമന്ത്രി പറഞ്ഞു.
''ആ സമയത്തും അതിനു ശേഷവും ആര്‍എസ്എസ് ശാഖകള്‍ സംരക്ഷിക്കാനായിരുന്നു കോണ്‍ഗ്രസുകാരുടെ ശ്രമം. ശാഖയ്ക്ക് സംരക്ഷണം നല്‍കുമെന്ന് പരസ്യമായി പറഞ്ഞത് കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ്. ആര്‍എസ്എസ് ശാഖകള്‍ തകര്‍ക്കാന്‍ സിപിഎം ശ്രമിച്ചപ്പോള്‍ കാവല്‍ നിന്നത് തങ്ങളാണെന്നല്ലേ സുധാകരന്‍ പറഞ്ഞത്. അപ്പോള്‍ ആര്‍ക്കാണ് ആര്‍എസ്എസ് ബന്ധം''- മുഖ്യമന്ത്രി ചോദിച്ചു.