എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറിയുടെ ആത്മഹത്യ: വെള്ളാപ്പള്ളിയെ പ്രതി ചേർക്കാന്‍ ഉത്തരവ്

എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറിയുടെ ആത്മഹത്യ: വെള്ളാപ്പള്ളിയെ പ്രതി ചേർക്കാന്‍ ഉത്തരവ്

തുഷാർ വെള്ളാപ്പള്ളി, മാനേജർ കെ എൽ അശോകൻ എന്നിവരെയും പ്രതിപട്ടികയിൽ ചേർക്കാന്‍ നിർദേശം
Updated on
1 min read

എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന കെ കെ മഹേശൻ്റെ ആത്മഹത്യയില്‍ എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രതിചേർക്കാൻ ഉത്തരവ്. കെ കെ മഹേശന്റെ കുടുംബം നല്‍കിയ ഹർജിയില്‍ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി.

വെള്ളാപ്പള്ളി നടേശന്റെ മകന്‍ തുഷാർ വെള്ളാപ്പള്ളി, മാനേജർ കെ എൽ അശോകൻ എന്നിവരെയും പ്രതിപട്ടികയിൽ ചേർക്കാന്‍ കോടതി നിർദേശിച്ചു. മൂന്ന് പേർക്കുമെതിരെ ആത്മഹത്യാപ്രേരണാക്കുറ്റമാണ് ചുമത്തുക. മഹേശന്റെ ആത്മഹത്യാക്കുറിപ്പിൽ ഇവരുടെ പേരുകൾ പരാമർശിച്ചിരുന്നു.

കെ കെ മഹേശന്റെ ആത്മഹത്യ, കൊലപാതകത്തിന് തുല്യമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. 2020 ജൂലൈയിലാണ് കണിച്ചുകുളങ്ങരയിലെ എസ്എന്‍ഡിപി ഓഫീസിനകത്ത് മഹേശനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്വേഷണത്തില്‍ ആത്മഹത്യ തന്നെയെന്ന് കണ്ടെത്തിയിരുന്നു. വെള്ളാപ്പള്ളിക്കും ക്രൈംബ്രാഞ്ച് മേധാവിക്കും സിഐയ്ക്കും പ്രത്യേകമായി കത്തെഴുതി അവ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് ശേഷമായിരുന്നു ആത്മഹത്യ.

മൈക്രോ ഫിനാൻസ് കേസുമായി ബന്ധപ്പെട്ട് മഹേശനെതിരെ സാമ്പത്തിക ക്രമക്കേടടക്കമുള്ള ആരോപണങ്ങള്‍ ഉയർന്നിരുന്നു. കേസില്‍ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യലിന് ഹാജരായതിന് പിന്നാലെയായിരുന്നു ആത്മഹത്യ.

logo
The Fourth
www.thefourthnews.in