EXCLUSIVE| ഉദ്യോഗസ്ഥരുടെ ഭാഗത്ത് പിഴവ്; മുന്‍ എസ്എഫ്ഐ നേതാക്കള്‍ക്കെതിരായ കുറ്റപത്രം കോടതി മടക്കി
പിഎസ്‍സി ചോദ്യ പേപ്പര്‍ ചോർത്തിയ കേസില്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ മുന്‍ എസ്എഫ്ഐ നേതാക്കള്‍ക്കെതിരായ കുറ്റപത്രം കോടതി മടക്കി. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് മടക്കിയത്. കുറ്റപത്രത്തിന് ഒപ്പം കോടതിയില്‍ നല്‍കിയ രേഖകളും,റെക്കോർഡുകളും താരതമ്യം ചെയ്തപ്പോള്‍ പിഴവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. തൊണ്ടി സാധനങ്ങളുടെ നമ്പരുകൾ തെറ്റായി രേഖപ്പെടുത്തിയതുകൊണ്ടാണ് കുറ്റപത്രം മടക്കി അയച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
തട്ടിപ്പ് നടന്ന നാല് വര്‍ഷം കഴിയുമ്പോഴാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. 2019 അവസാനം ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയായിരുന്നെങ്കിലും മൂന്നര വര്‍ഷത്തോളം തുടര്‍നടപടികളൊന്നും ഉണ്ടായില്ല. സര്‍ക്കാര്‍ ഇടപെടലാണ് കുറ്റപത്രം വൈകുന്നതിന് കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ക്രൈംബ്രാഞ്ച് എസ് പി മധുസൂദനന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്‍പി ജലീൽ തോട്ടത്തിലാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.
ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളായിരുന്ന ശിവരഞ്ജിത്ത്, നസീം, പി പി പ്രണവ്, സഫീര്‍, പ്രവീണ്‍ എന്നിവരും പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറായിരുന്ന ഗോകുലുമാണ് പ്രതികള്‍. ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയാണ് കുറ്റങ്ങള്‍.
യൂണിവേഴ്സിറ്റി കോളേജില്‍ സഹപാഠികളെ കുത്തിപരുക്കേല്‍പ്പിച്ച കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവര്‍ പോലീസ് കോണ്‍സ്റ്റബിള്‍ പട്ടികയില്‍ ഉന്നത റാങ്ക് നേടിയതാണ് കേസിനാധാരം. ക്യത്യമായി ക്ലാസില്‍ പോലും കയറാത്ത പ്രതികളുടെ റാങ്ക് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന പ്രതിപക്ഷ ആവശ്യത്തെ തുടര്‍ന്നാണ് കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചത്. പിഎസ് സി പരീക്ഷ തട്ടിപ്പ് നടന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. കോപ്പിയടിച്ചാണ് മുന്‍ എസ്എഫ്ഐ നേതാക്കളായ മൂന്നുപേരും റാങ്ക് നേടിയതെന്ന് ക്രൈംബ്രാഞ്ച് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു.